ഡബ്യുടിഒയുടെ ചരമഗീതം അമേരിക്ക രചിക്കുമ്പോള്‍

ഡബ്യുടിഒയുടെ ചരമഗീതം അമേരിക്ക രചിക്കുമ്പോള്‍

2020 ല്‍ ലോക വ്യാപാര സംഘടന ഉണ്ടാകുമോ ഇല്ലയോ എന്നതാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ലോക വ്യാപാരം പുഷ്ടിപ്പെടുത്തുന്നതിനായി 1995 ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനക്ക് അകാല ചരമമാണ് അമേരിക്കയും പ്രസിഡന്റ് ട്രംപും കുറിച്ചുവെച്ചിരിക്കുന്നത്. സംഘടനയുടെ ഏറ്റവും വലിയ സംവിധാനങ്ങളില്‍ ഒന്നായ പ്രശ്‌ന പരിഹാര വേദിക്ക് താഴിട്ടിരിക്കുകയാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം

നാളിതുവരെ ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുനിന്നിരുന്നത് അതിന്റെ മന്ത്രിതല സമ്മേളനങ്ങളോട് അനുബന്ധിച്ചാണ്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നിരുന്ന മന്ത്രിതല സമ്മേളനങ്ങള്‍ ഒരിക്കലും സമവായത്തിലല്ല പിരിഞ്ഞിരുന്നതും. ആഗോളവല്‍ക്കരണ വിരുദ്ധരുടെ പ്രധാന സമര വേദി കൂടിയായിരുന്നു മന്ത്രിതല സമ്മേളനങ്ങള്‍. അതുകൊണ്ടാണ് ദോഹ ഉച്ചകോടി, കാന്‍കൂണ്‍ സമ്മേളനം, ജനീവ ചര്‍ച്ചകള്‍ എന്നിവയൊക്കെ കാര്‍ഷിക സബ്‌സിഡിയുമായി ബന്ധപ്പെട്ട കരാറുകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകം വ്യാപാരവുമായി ബന്ധപ്പെട്ട് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മറ്റൊന്നാണ്.

പുതുവര്‍ഷത്തില്‍ ലോക വ്യാപാര സംഘടന ഉണ്ടാകുമോ ഇല്ലയോ എന്നതാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ലോക വ്യാപാരം പുഷ്ടിപ്പെടുത്തുന്നതിനായി 1995 ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനക്ക് അകാല ചരമമാണ് അമേരിക്കയും പ്രസിഡന്റ് ട്രംപും കുറിച്ചുവെച്ചിരിക്കുന്നത്. സംഘടനയുടെ ഏറ്റവും വലിയ സംവിധാനങ്ങളില്‍ ഒന്നായ പ്രശ്‌ന പരിഹാര വേദിക്ക് (ഡിഎസ്ബി) താഴിട്ടിരിക്കുകയാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം. ഏഴ് അംഗങ്ങളുള്ള ഡിഎസ്ബി ലോക വ്യാപാര സംഘടനയെ അതിന്റെ മുന്‍ഗാമിയായ ഗാട്ടില്‍ (GATT) നിന്നും വ്യതിരിക്തമായി നിര്‍ത്തുന്നതായിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം നടന്ന ബ്രെട്ടന്‍വുഡ്സ് ഉച്ചകോടിയില്‍ ജെ എം കെയിന്‍സ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുന്നോട്ടു വെച്ച ആശയമാണ് ലോക വ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള ഒരു ഏകീകൃത സംവിധാനം. ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവ 1945 ല്‍ തന്നെ നിലവില്‍ വന്നു. എന്നാല്‍ ലോക വ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള സംവിധാനം 1947 ല്‍ മാത്രമാണ് ഗാട്ട് എന്ന പേരില്‍ നിലവില്‍ വന്നത്.

ഗാട്ടില്‍ തര്‍ക്ക പരിഹാരത്തിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. 1984 മുതല്‍ 1994 വരെ നടന്ന ഉറൂഗ്വേ വട്ട ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഗാട്ടിനു പകരമായി ലോക വ്യാപാര സംഘടന രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. ജനീവ ആസ്ഥാനമായി രൂപവല്‍ക്കരിച്ച ലോക വ്യാപാര സംഘടനയില്‍ ഇപ്പോള്‍ 164 അംഗങ്ങളാണ് ഉള്ളത്. ചരക്കു വ്യാപാരങ്ങള്‍ ആണ് പ്രധാനമായും ഗാട്ട് നിയന്ത്രിച്ചിരുന്നതെങ്കില്‍ ലോക വ്യാപാര സംഘടന പ്രധാനമായും നിയന്ത്രിക്കുന്നത് സേവനങ്ങള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍ മുതലായവ ആണ്. തര്‍ക്ക പരിഹാര വേദിയിലെ ഏഴ് അംഗങ്ങളില്‍ അഞ്ചു പേരെയും കൊടുക്കേണ്ടത് അമേരിക്കയാണ്. ഒഴിവു വന്ന ഒരു പദവി പോലും നികത്തേണ്ടതില്ല എന്നതാണ് ട്രംപിന്റെ തീരുമാനം. ലോക വ്യാപാര സംഘടനയുടെ കിരീടം എന്നാണ് പ്രശ്‌ന പരിഹാര വേദി അറിയപ്പെടുന്നത്. ആ കിരീടം തച്ചുടച്ചാല്‍ മെച്ചം അമേരിക്കയ്ക്കല്ലാതെ മറ്റാര്‍ക്കുമല്ല.

ഇപ്പോള്‍ ഒരു അംഗത്തിലേക്ക് ചുരുങ്ങിയ പ്രശ്‌ന പരിഹാര വേദിയുടെ അഭാവത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള വ്യപാര യുദ്ധങ്ങളും തര്‍ക്കങ്ങളും എങ്ങനെ പരിഹരിക്കപ്പെടും എന്നറിയാതെ ഉഴലുകയാണ് അമേരിക്ക ഒഴിച്ചുള്ള അംഗ രാജ്യങ്ങള്‍. ലോക വ്യാപാരത്തിന്റെ കേവലം രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം. എന്നാല്‍ നാളിതുവരെ മറ്റ് ലോക രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള മുപ്പതിലധികം തര്‍ക്കങ്ങള്‍ പ്രശ്‌ന പരിഹാര വേദിക്കു മുന്‍പാകെ എത്തിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, തായ്വാന്‍, ബ്രസീല്‍, ജപ്പാന്‍, ആഫ്രിക്ക, അര്‍ജന്റീന, തുര്‍ക്കി, ഓസ്‌ട്രേലിയ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യക്ക് വ്യാപാര തര്‍ക്കങ്ങള്‍ ഉണ്ട്. ഇതൊക്കെ ഇനി ഏതു നിലയ്ക്ക് പരിഹരിക്കപ്പെടുമെന്നറിയാതെ വലയുകയാണ് ഇപ്പോള്‍ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം.

പ്രശ്‌ന പരിഹാര വേദിക്ക് മുമ്പാകെ 592 തര്‍ക്കങ്ങള്‍ക്ക് നാളിതു വരെ പരിഹാരം കണ്ടിട്ടുണ്ട്. മുന്‍ വാണിജ്യ സെക്രട്ടറി എ വി ഗണേശന്‍, അസിസ്റ്റന്റ് സെക്രട്ടറി ഉജാല്‍ സിംഗ് ഭാട്ടിയ എന്നീ രണ്ട് ഇന്ത്യക്കാര്‍ പ്രശ്‌ന പരിഹാര വേദിയില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ താന്‍പോരിമയാണ് ഇപ്പോളത്തെ ഡബ്ല്യുടിഒ പ്രതിസന്ധിയുടെ മൂലകാരണം. അമേരിക്ക ആദ്യം എന്ന ട്രംപ് നയം നടപ്പിലാക്കുന്നതിലെ വിലങ്ങുതടി ആയതാണ് ലോക വ്യാപാര സംഘടയ്ക്ക് ചരമക്കുറിപ്പെഴുതാന്‍ ഇപ്പോള്‍ അവര്‍ തുനിഞ്ഞിറങ്ങാന്‍ കാരണം. അമേരിക്കന്‍ പരുത്തി വ്യവസായികള്‍ ബ്രസീലിലെ വ്യവസായികള്‍ക്കെതിരെ നടത്തിയ വ്യവഹാരത്തില്‍ തോല്‍വി പിണഞ്ഞതാണ് ഇതിലേക്ക് നയിച്ചത്. ഏതായാലും ചൈനയുമായുള്ള വ്യാപാരയുദ്ധം അവസാനിപ്പിച്ച് ഒരടി മുമ്പോട്ടു പോയിട്ടിട്ടുണ്ട് ട്രംപ് ഇപ്പോള്‍. പ്രശ്‌ന പരിഹാര വേദിക്ക് മുന്‍പാകെ എത്തിയ ഭൂരിഭാഗം കേസുകളിലും അമേരിക്കയ്ക്ക് അനുകൂലമായാണ് വിധി വന്നിട്ടുള്ളതെന്നാണ് വൈചിത്ര്യം. അടുത്ത കാലത്തുതന്നെ നെതര്‍ലന്‍ഡ്‌സിലെ കമ്പനിയായ എയര്‍ ബസിനെതിരെ അമേരിക്കയിലെ ബോയിംഗ് വിമാനക്കമ്പനി നല്‍കിയ കേസില്‍ അനുകൂലമായ വിധി വന്നത് എടുത്തു പറയേണ്ടതാണ്.

പ്രശ്‌ന പരിഹാര വേദിക്ക് മുന്‍പാകെ ലോക വ്യാപാര സംഘടനയുടെ കീഴിലുള്ള ബോക്‌സ് മെക്കാനിസം വലിയൊരു കീറാമുട്ടിയായിരിക്കുന്നു. ബ്ലൂ ബോക്‌സ്, ഗ്രീന്‍ ബോക്‌സ്, ആംബര്‍ ബോക്‌സ് എന്നിങ്ങനെയുള്ള സബ്‌സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ വ്യാഖ്യാനിച്ച് വികസിത രാജ്യങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമേ ബൗദ്ധിക സ്വത്തവകാശങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പൊതിയാ തേങ്ങയായി തുടരുക തന്നെയാണ്. കോപ്പി റൈറ്റ്, പാറ്റന്റ്, ട്രേഡ് മാര്‍ക്ക്, ട്രേഡ് സീക്രട്ട്, ഭൗമ സൂചിക, സോഫ്റ്റ്വെയര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്രിപ്സ് എന്നൊരു കരാറും ലോക വ്യാപാര സംഘടനയില്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം വികസിത രാജ്യങ്ങള്‍ക്കു വേണ്ടിയുള്ളതെന്നാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ നിലപാട്.

ഇതിനൊക്കെ പുറമേയാണ് ചൈന-അമേരിക്ക വ്യാപാര യുദ്ധം, അമേരിക്ക-ഫ്രാന്‍സ് വ്യാപാര തര്‍ക്കങ്ങള്‍, ഇയു-ഇന്തോനേഷ്യ പാം ഓയില്‍ കയറ്റുമതി-ഇറക്കുമതി പ്രശ്‌നം, ഇന്ത്യയും അമേരിക്കയുമായുള്ള തീരുവ തര്‍ക്കങ്ങള്‍ തുടങ്ങിയവ പരിഹാരം ഒന്നുമില്ലാതെ അനന്തമായി നീണ്ടേക്കുമോ എന്ന ആശങ്കകളും. 2019 ഡിസംബര്‍ 10 ന് പ്രശ്‌ന പരിഹാര വേദിക്കു താഴിട്ടു കഴിഞ്ഞിരിക്കുന്നു. 2020 ന്റെ തുടക്കത്തില്‍ തന്നെ ലോക വ്യാപാര സംഘടന പ്രവര്‍ത്തനം അവസാനിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. സെന്റര്‍ വില്യം റാപ്പാര്‍ഡ് എന്ന ജനീവ നദിക്കരയിലെ ഡബ്ല്യുടിഒ ആസ്ഥാനത്തു നിന്ന് ചരമഗാനം ആണോ ഉയരുകയെന്ന് വൈകാതെ നമുക്കറിയാം. റോബര്‍ട്ടോ അസേവ്‌ദോ എന്ന സെക്രട്ടറി ജനറല്‍, പാശ്ചാത്യ ലോകത്ത് ശവസംസ്‌കാരച്ചടങ്ങില്‍ അണിയാറുള്ള കറുത്ത ടൈ അണിയുന്നതാവും ഇനി നല്ലതെന്നാണ് ഡബ്ല്യുടിഒ നിരീക്ഷകര്‍ പറയുന്നത്.

Categories: FK Special, Slider
Tags: US, WTO