ടെന്‍ഡറിംഗ് പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായ നാലാം മാസവും ഇടിവ്

ടെന്‍ഡറിംഗ് പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായ നാലാം മാസവും ഇടിവ്

നടപ്പ് സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് ഒഴിച്ചുള്ള എല്ലാ മാസങ്ങളിലും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് ടെന്‍ഡറിംഗില്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയിലെ പ്രോജക്റ്റ് ടെന്‍ഡറിംഗ് പ്രവര്‍ത്തനം തുടര്‍ച്ചയായ നാലാം മാസവും വാര്‍ഷിക അടിസ്ഥാനത്തില്‍ കുറഞ്ഞു. 2019 ഡിസംബറിലെ ടെന്‍ഡറിംഗ് പ്രവര്‍ത്തനത്തിന്റെ മൊത്തം മൂല്യം 57,600 കോടി രൂപയാണ്. മുന്‍ വര്‍ഷം ഡിസംബറുമായുള്ള താരതമ്യത്തില്‍ 36 ശതമാനം ഇടിവ്. നവംബറില്‍ 2 ശതമാനത്തിന്റെ മിതമായ ഇടിവ് മാത്രം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണിത്.. ഒക്‌റ്റോബറില്‍ 62 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബറില്‍ 18 ശതമാനമായിരുന്നു ഇടിവ്.

നടപ്പ് സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് ഒഴിച്ചുള്ള എല്ലാ മാസങ്ങളിലും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് ടെന്‍ഡറിംഗില്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ 4 ശതമാനം വര്‍ധന ടെന്‍ഡറുകളുടെ മൊത്തം മൂല്യത്തില്‍ ഉണ്ടായി. ഏപ്രില്‍ മാസത്തിലാണ് ഏറ്റവുമധിതം ഇടിവ് രേഖപ്പെടുത്തിയത്, 64 ശതമാനം. എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഡിസംബറില്‍ മുന്‍മാസത്തെ അപേക്ഷിച്ച് ടെന്‍ഡറുകളുടെ മൂല്യത്തില്‍ 22.3 ശതമാനം വര്‍ധനയുണ്ടായി. നവംബറില്‍ 50 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസങ്ങളില്‍ മൊത്തമായി വാര്‍ഷികാടിസ്ഥാനത്തില്‍ 40 ശതമാനം ഇടിവാണ് ടെന്‍ഡറുകളുടെ മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്. ഇത് മുഴുവന്‍ വര്‍ഷവും പ്രതികൂലമായ പ്രവണതകള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ടെന്‍ഡറുകളുടെ എണ്ണത്തിലും ഡിസംബറില്‍ വലിയ ഇടിവാണ് നേരിട്ടിട്ടുള്ളത്, 64 ശതമാനം ഇടിവ്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടിവാണിത്. ഈ സാമ്പത്തിക വര്‍ഷത്തിലെ എല്ലാ മാസങ്ങളിലും മൊത്തം ടെന്‍ഡറുകളുടെ എണ്ണം 50 ശതമാനത്തിലധികം കുറഞ്ഞു. ശരാശരി 56 ശതമാനം ഇടിവാണ് ഇക്കാലയളവില്‍ ടെന്‍ഡറുകളുടെ എണ്ണത്തില്‍ ഉണ്ടായത്. നവംബറുമായുള്ള താരതമ്യത്തിലും ഡിസംബറില്‍ ടെന്‍ഡറുകളുടെ എണ്ണം 24 ശതമാനം കുറയുകയാണ് ഉണ്ടായത്.

റോഡ്‌വേ, കമ്മ്യൂണിറ്റി സര്‍വീസസ്, ജലവിതരണം, റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളാണ് ഡിസംബറില്‍ ഇടിവിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലകളിലെ ടെന്‍ഡറിംഗ് പ്രവര്‍ത്തനങ്ങളില്‍ യഥാക്രമം 23 ശതമാനം, 75 ശതമാനം, 91 ശതമാനം, 72 ശതമാനം, 78 ശതമാനം എന്നിങ്ങനെ വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവ് രേഖപ്പെടുത്തി. ജലസേചനം (90 ശതമാനം), റെയ്ല്‍വേ (123 ശതമാനം), ആശുപത്രികള്‍ (163 ശതമാനം) എന്നിവയാണ് ടെന്‍ഡര്‍ പ്രവര്‍ത്തനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയ മേഖലകള്‍.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ 9 മാസ കാലയളവില്‍ റോഡുകള്‍, കമ്മ്യൂണിറ്റി സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി വിതരണം, ജലവിതരണം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം ഇടിവാണ് ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയത്. 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ റെയ്ല്‍വേ മാത്രമാണ് മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തിയ ഒരേയൊരു പ്രധാന മേഖല.

Comments

comments

Categories: FK News
Tags: Tendering