.Org എന്ന ഡൊമെയ്‌നിന്റെ നിയന്ത്രണാധികാരം സ്വകാര്യ സ്ഥാപനത്തിന്

.Org എന്ന ഡൊമെയ്‌നിന്റെ നിയന്ത്രണാധികാരം സ്വകാര്യ സ്ഥാപനത്തിന്

ഡോട്ട് ഓര്‍ഗില്‍ അവസാനിക്കുന്ന ഡൊമെയ്ന്‍ വിലാസം പത്ത് ദശലക്ഷത്തിലധികം വരും. ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ വെബ്‌സൈറ്റ് വിലാസം ഡോട്ട് ഓര്‍ഗ് എന്ന ഡൊമെയ്‌നിലാണുള്ളത്. സമീപകാലത്ത് ഡോട്ട് ഓര്‍ഗിന്റെ നിയന്ത്രണാധികാരം ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനം ശതകോടി ഡോളറുകള്‍ മുടക്കി സ്വന്തമാക്കാന്‍ ശ്രമം നടത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായിരിക്കുകയാണ്. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെ വെബ്‌സൈറ്റ് വിലാസത്തിന്റെ നിയന്ത്രണം കൈകാര്യം ചെയ്യാന്‍ പോകുന്നത് ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരിക്കുമോ ?

2019 നവംബറില്‍, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഇതോസ് ക്യാപിറ്റല്‍ (Ethos Capital) ഒരു പ്രസ്താവന നടത്തുകയുണ്ടായി. ഒരു ബില്യന്‍ ഡോളറിലധികം വരുന്ന തുക കൊണ്ട് ഇന്റര്‍നെറ്റ് റിയല്‍ എസ്‌റ്റേറ്റില്‍ ഒരു വലിയ പ്രദേശത്തിന്റെ അവകാശം വാങ്ങാന്‍ പോവുകയാണെന്നായിരുന്നു ആ പ്രസ്താവന. ഇന്റര്‍നെറ്റ് റിയല്‍ എസ്റ്റേറ്റ് എന്ന വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നു സംശയം തോന്നാം. ഡോട്ട് കോം(.com), ഡോട്ട് ഓര്‍ഗ് (.org) ഇതൊക്കെയാണ് ഇന്റര്‍നെറ്റ് റിയല്‍ എസ്റ്റേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോസ് ക്യാപിറ്റല്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് റിയല്‍ എസ്റ്റേറ്റില്‍ ഒരു വലിയ പ്രദേശത്തിന്റെ അവകാശം സ്വന്തമാക്കാന്‍ പോകുന്നതായി അറിയിച്ചപ്പോള്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. എന്താണ് അതിന് കാരണം ? നമ്മള്‍ക്ക് അറിയാം ഡോട്ട് ഓര്‍ഗില്‍ അവസാനിക്കുന്ന ഡൊമെയ്ന്‍ വിലാസം യുണൈറ്റഡ് നേഷന്‍സിനെ പോലുള്ള വലിയ സംഘടനകളുടെ വെബ്‌സൈറ്റുകള്‍ക്കാണുള്ളത്. ഉദാഹരണം un.org. ഇത്തരത്തില്‍, ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും പ്രവര്‍ത്തിക്കുന്ന നിരവധി ലാഭേതര സംഘടനകളും (non profit organizations), സര്‍ക്കാരിതര സംഘടനകളും (non governmental organizations) അവരുടെ വെബ്‌സൈറ്റ് വിലാസമായി ഉപയോഗിക്കുന്നത് ഡോട്ട് ഓര്‍ഗാണ്. ലാഭേതരമായും സാമൂഹിക നന്മ ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വെബ്‌സൈറ്റ് വിലാസത്തിന്റെ നിയന്ത്രണാധികാരം ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന് നല്‍കാനുള്ള തീരുമാനമാണു വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായി തീര്‍ന്നിരിക്കുന്നത്.

ലാഭേതര സംഘടനയായ ഇന്റര്‍നെറ്റ് സൊസൈറ്റിയാണ് (ISOC) പബ്ലിക് ഇന്ററസ്റ്റ് രജിസ്ട്രിയുടെ (Public Interest Registry) ഉടമ. 2003 മുതല്‍ പബ്ലിക് ഇന്ററസ്റ്റ് രജിസ്ട്രിയാണ് ഡോട്ട് ഓര്‍ഗ് പരിപാലിക്കുന്നത് അഥവാ കൈകാര്യം ചെയ്യുന്നത്. ഡോട്ട് ഓര്‍ഗിനെ ഇനിയും ഒരു പത്ത് വര്‍ഷം കൂടി കൈകാര്യം ചെയ്യാനുള്ള അവകാശം കഴിഞ്ഞ വര്‍ഷം പബ്ലിക് ഇന്ററസ്റ്റ് രജിസ്ട്രി പുതുക്കി നേടുകയും ചെയ്തു. എന്നാല്‍ ഇതോസ് ക്യാപിറ്റലിനു വില്‍ക്കുകയാണെങ്കില്‍ പബ്ലിക് ഇന്ററസ്റ്റ് രജിസ്ട്രിക്ക് ഡോട്ട് ഓര്‍ഗ് കൈകാര്യം ചെയ്യാനുള്ള അധികാരം ഇല്ലാതാകും.

2019 നവംബറിലാണ് ഇന്റര്‍നെറ്റ് സൊസൈറ്റി പബ്ലിക് ഇന്ററസ്റ്റ് രജിസ്ട്രിയുടെ ഉടമസ്ഥത ഇതോസ് ക്യാപിറ്റലിനു വില്‍ക്കുമെന്ന് അറിയിച്ചത്. പക്ഷേ, ഇന്റര്‍നെറ്റ് സൊസൈറ്റിയുടെ ഈ ഇടപാടിനെതിരേ ഒരു കൂട്ടം ഇന്റര്‍നെറ്റ്, ലാഭരഹിത സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തുവരികയും ഒരു ലാഭരഹിത സഹകരണ കോര്‍പറേഷന് (nonprofit cooperative corporation) രൂപം നല്‍കുകയും ചെയ്തു. കോ ഓപറേറ്റീവ് കോര്‍പറേഷന്‍ ഓഫ് ഡോട്ട് ഓര്‍ഗ് രജിസ്ട്രന്റ്‌സ് (Cooperative Corporation of .ORG Registrants ) എന്നാണ് ഈ ലാഭരഹിത സഹകരണ കോര്‍പറേഷന്റെ ഔദ്യോഗികമായ പേര്.

ഡോട്ട് ഓര്‍ഗിന്റെ അധികാരം തങ്ങള്‍ക്ക് അനുവദിക്കണമെന്നു ഐസിഎഎന്‍എന്നിനോട് ഈ പുതിയ കൂട്ടായ്മ അഭ്യര്‍ഥിച്ചിട്ടുമുണ്ട്. വെബ് ഡൊമെയ്‌നുകള്‍ക്കു പേരിടാനുള്ള അവകാശമുള്ള അമേരിക്കയിലെ എന്‍ജിഒയാണ് ഐസിഎഎന്‍എന്‍. ICANN (Internet Corporation for Assigned Names and Numbers) ഇതിന്റെ സ്ഥാപക ചെയര്‍മാന്‍ എസ്തര്‍ ഡയ്‌സന്‍, വിക്കിമീഡിയ ഫൗണ്ടേഷന്‍ സിഇഒ കാതറീന്‍ മഹേര്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ സ്വാധീനം ചെലുത്തുന്ന നിരവധി പേരാണു പുതുതായി രൂപമെടുത്ത കോ ഓപറേറ്റീവ് കോര്‍പറേഷന്‍ എന്ന കൂട്ടായ്മയിലുള്ളത്. ഇതിനു പുറമേ അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നാല് ജനപ്രതിനിധികളും (സെനറ്റര്‍ എലിസബത്ത് വാറന്‍ ഉള്‍പ്പെടെ) ഇതോസ് ക്യാപിറ്റലിന് ഡോട്ട് ഓര്‍ഗിന്റെ അധികാരം നല്‍കുന്ന തീരുമാനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

കേവലം ഒരു വര്‍ഷം പോലും പ്രവര്‍ത്തനപരിചയമില്ലാത്ത ഇതോസ് ക്യാപിറ്റല്‍ എന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിനു ഡോട്ട് ഓര്‍ഗിന്റെ നിയന്ത്രണാധികാരം നല്‍കാനുള്ള തീരുമാനത്തിനെതിരേ നിരവധി ലാഭേതര സംഘടനകളാണ് രംഗത്തുവന്നിരിക്കുന്നത്. ഡോട്ട് ഓര്‍ഗിന്റെ നിയന്ത്രണാധികാരം സ്വകാര്യ സ്ഥാപനമായ ഇതോസ് ക്യാപിറ്റലിന് ലഭിച്ചാല്‍ അവര്‍ ഭാവിയില്‍ ഡോട്ട് ഓര്‍ഗ് ഡൊമെയ്‌നിന്റെ (domain) രജിസ്‌ട്രേഷന്‍, പുതുക്കല്‍ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത കൂടുതലാണെന്നു പൊതുവേ പറയപ്പെടുന്നുണ്ട്. ഇതിനു പുറമേ വളരെ സെന്‍സിറ്റീവായ ഡാറ്റ വില്‍ക്കുവാനോ, അവ ഉപയോഗിച്ചു മറ്റ് ഇടപാടുകള്‍ നടത്തുവാനോ, അല്ലെങ്കില്‍ നിരീക്ഷിക്കാനുള്ള അനുവാദം നല്‍കുകയോ ചെയ്‌തേക്കാമെന്നും പറയപ്പെടുന്നു. ഏകദേശം പത്ത് ദശലക്ഷത്തിലധികം ഡോട്ട് ഓര്‍ഗ് ഡൊമെയ്ന്‍ വിലാസം ഇപ്പോള്‍ പ്രചാരത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം ഡോട്ട് ഓര്‍ഗിനെ കൈകാര്യം ചെയ്യുന്ന പബ്ലിക് ഇന്ററസ്റ്റ് രജിസ്ട്രിക്ക് വരുമാനമായി ലഭിച്ചത് ഏകദേശം 101 ദശലക്ഷം ഡോളറാണ്.

ഇന്റര്‍നെറ്റ് സൊസൈറ്റിയെ ഈ ഇടപാടില്‍നിന്നും അഥവാ വില്‍പനയില്‍നിന്നും ഇനി തടയാന്‍ സാധിക്കുക ഐസിഎഎന്‍എന്നിനാണ് അഥവാ ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസിനാണ്. ഡോട്ട് ഓര്‍ഗ് ഡൊമെയ്‌നിന്റെ സുരക്ഷ, വിശ്വാസ്യത, അല്ലെങ്കില്‍ സ്ഥിരത എന്നിവ മുന്‍നിറുത്തി അതിന്റെ ഉടമസ്ഥാവകാശം കൈമാറാനുള്ള ഏതൊരു നീക്കത്തെയും വിലക്കാന്‍ അല്ലെങ്കില്‍ വീറ്റോ ചെയ്യാനുള്ള അധികാരം ഇപ്പോഴുള്ളത് ഐസിഎഎന്‍എന്‍എന്നിനാണ്. ഡോട്ട് ഓര്‍ഗിന്റെ ഉടമസ്ഥാവകാശം ഇതോസ് ക്യാപിറ്റലിന് വില്‍ക്കുന്ന ഇടപാടിനെ അംഗീകരിക്കുന്നതിനും, നിരസിക്കുന്നതിനും അല്ലെങ്കില്‍ കൂടുതല്‍ വിശദീകരണം ചോദിക്കുന്നതിനും 2019 ഡിസംബര്‍ 30 മുതല്‍ ഐസിഎഎന്‍എന്നിന് 30 ദിവസം ലഭിക്കും. എന്നാല്‍ ഡോട്ട് ഓര്‍ഗിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്ന നടപടി നിര്‍ത്താന്‍ ഐസിഎഎന്‍എന്നിന് അധികാരമില്ലെന്നാണു മറ്റൊരു കോണില്‍നിന്നും ഉയരുന്ന വാദം. കാരണം ഐസിഎഎന്‍എന്‍ ഒരു റെഗുലേറ്ററി ഏജന്‍സിയല്ല. ഇന്റര്‍നെറ്റിന്റെ പേരിനും നമ്പറിംഗ് സംവിധാനങ്ങള്‍ക്കുമുള്ള, ലാഭേച്ഛയില്ലാതെ സ്വകാര്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സാങ്കേതിക ഏകോപന സമിതി എന്നാണു ഐസിഎഎന്‍എന്നിന്റെ വെബ്‌സൈറ്റില്‍ വിശദീകരിച്ചിരിക്കുന്നത്.

ഡോട്ട് കോം, ഡോട്ട് ഓര്‍ഗ് പോലുള്ള ഡൊമെയ്ന്‍ വിലാസം വില്‍പന നടത്തുന്ന ഗോ ഡാഡി, ബ്ലൂ ഹോസ്റ്റ് പോലുള്ള ഡൊമെയ്ന്‍ രജിസ്ട്രാര്‍മാരെ സൂക്ഷ്മപരിശോധന നടത്തുകയും ഔദ്യോഗിക പദവി നല്‍കുകയും ചെയ്യുക എന്നതാണ് ഐസിഎഎന്‍എന്നിന്റെ ജോലി. അതോടൊപ്പം ഡൊമെയ്ന്‍ ഉടമസ്ഥാവകാശത്തെ ചുറ്റിപ്പറ്റിയുള്ള നയങ്ങള്‍ രജിസ്ട്രാര്‍മാരും രജിസ്ട്രീസും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതും ഐസിഎഎന്‍എന്നിന്റെ ചുമതലയാണ്. ഈ സാഹചര്യത്തില്‍ ഐസിഎഎന്‍എന്നിന് പ്രായോഗിക ഇടപെടല്‍ നടത്താനാകുമോ എന്നും സംശയമുണ്ട്.

ഇടപാടില്‍ ‘ഫൗള്‍ പ്ലേ’ നടന്നോ ?

ഇതോസ് ക്യാപിറ്റലിന് ഡോട്ട് ഓര്‍ഗിന്റെ നിയന്ത്രണാധികാരം പതിച്ചു നല്‍കിയതിനു പിന്നില്‍ കള്ളക്കളി നടന്നിട്ടുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. പബ്ലിക് ഇന്ററസ്റ്റ് രജിസ്ട്രിയാണ് (പിഐആര്‍) ഡോട്ട് ഓര്‍ഗിന്റെ നിയന്ത്രണാധികാരം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. പിഐആറിനുള്ളത് നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റസാണ്. അതായത്, പിഐആര്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നര്‍ഥം. ഇവരാണ് ഇതോസ് ക്യാപിറ്റല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്, ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനു ഡോട്ട് ഓര്‍ഗിന്റെ ഉടമസ്ഥത വില്‍ക്കാന്‍ പോകുന്നത്. പിഐആറിന്റെ ഉടമസ്ഥത ഇന്റര്‍നെറ്റ് സൊസൈറ്റിക്കാണ്. ഇവരും ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സമിതിയാണ്. ആധുനിക ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയെ വികസിപ്പിച്ചെടുക്കുന്നതില്‍ ഇന്റര്‍നെറ്റ് സൊസൈറ്റി വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് സൊസൈറ്റിയുടെയും പിഐആറിന്റെയും ഡയറക്ടര്‍ ബോര്‍ഡ്, മാനേജ്‌മെന്റ് അംഗങ്ങളാണ് ഇതോസ് ക്യാപിറ്റലിനു ഡോട്ട് ഓര്‍ഗ് വില്‍ക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ഇതോസ് ക്യാപിറ്റലിനെ കുറിച്ച് ആരും ഇതുവരെ കേട്ടിട്ടു പോലുമില്ലെന്നതാണ് ഒരു വസ്തുത. ഇവര്‍ ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമല്ല. രണ്ട് പേര്‍ മാത്രം ജീവനക്കാരായി പ്രവര്‍ത്തിക്കുന്നൊരു സ്ഥാപനമാണ് ഇതോസ് ക്യാപിറ്റലെന്നാണ് അവരുടെ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്നതും. ഇത്തരത്തിലൊരു കമ്പനിയാണ് പത്ത് ദശലക്ഷത്തോളം പ്രചാരത്തിലുള്ള ഡൊമെയ്ന്‍ വിലാസത്തിന്റെ നിയന്ത്രണാധികാരം ഏറ്റെടുക്കാനൊരുങ്ങുന്നത്. ഈയൊരു കാര്യത്തില്‍ തന്നെ ദുരൂഹത കണ്ടെത്താന്‍ സാധിക്കും.

ഇതോസ് ക്യാപിറ്റല്‍ ഡോട്ട് ഓര്‍ഗ് സ്വന്തമാക്കുന്ന ഇടപാട് തടയാന്‍ സാധിക്കുന്ന അധികാര കേന്ദ്രമായി കണക്കാക്കുന്നത് ഐസിഎഎന്‍എന്നിനെയാണ്. ഐസിഎഎന്‍എന്നും ഇൗ ഇടപാടിനു കൂട്ടുനിന്നെന്ന ആരോപണം ഉയരുന്നുണ്ട്. ഐസിഎഎന്‍എന്നിന്റെ മുന്‍ സിഇഒയായിരുന്നു ഫാദി ചെഹേഡ്. ഐസിഎഎന്‍എന്നിനെ സമൂലമായി മാറ്റിയത് ചെഗേഡ് സിഇഒയായിരുന്ന കാലത്താണ്. ഇന്റര്‍നെറ്റ് നെയിം സ്‌പേസിന്റെ വിപുലീകരണവും ഇന്റര്‍നെറ്റ് വിലാസങ്ങളെ സ്വതന്ത്ര കമ്പോള സമീപനത്തിലേക്കു ചലിക്കാന്‍ പ്രേരിപ്പിച്ചതും ഇദ്ദേഹമായിരുന്നു. ഐസിഎഎന്‍എന്നിന്റെ സിഇഒ എന്ന നിലയില്‍ ചെഹേഡിന്റെ പ്രവര്‍ത്തികളാണ് ഇപ്പോള്‍ ഡോട്ട് ഓര്‍ഗ് സ്വന്തമാക്കാന്‍ ഇതോസ് ക്യാപിറ്റലിനെ സഹായിച്ചിരിക്കുന്നത്. 2019 ജൂണ്‍ മാസം അവസാനത്തോടെ, ഐസിഎഎന്‍എന്നിന്റെ ഒരു തീരുമാനം ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് ഡോട്ട് ഓര്‍ഗ് ഡൊമെയ്‌നുകള്‍ക്കു നിരക്ക് ഉയര്‍ത്താമെന്നതായിരുന്നു ആ തീരുമാനം. ഇപ്പോള്‍ പത്ത് ദശലക്ഷത്തോളം ഡോട്ട് ഓര്‍ഗ് വിലാസങ്ങള്‍ ഓണ്‍ലൈനില്‍ പ്രചാരത്തിലുണ്ട്. അവ ഭൂരിഭാഗവും ലാഭേതര സംഘടനകളാണ്. നിരക്ക് ഉയര്‍ത്താന്‍ ഐസിഎഎന്‍എന്‍ തീരുമാനമെടുത്തത്, ഡോട്ട് ഓര്‍ഗ് ഡൊമെയ്‌നുകളുടെ നിരക്ക് പരിധിയില്ലാതെ ഉയരാന്‍ കാരണമാവുകയും ചെയ്തു അല്ലെങ്കില്‍ അതിനു വഴിയൊരുക്കി. അത് നിരവധി ലാഭേതര സംഘടനകള്‍ക്ക് തിരിച്ചടി സമ്മാനിക്കുകയും ചെയ്തു. ഐസിഎഎന്‍എന്നിന്‍െ മുന്‍ സിഇഒ ചെഹേഡിന് ഇതോസ് ക്യാപിറ്റലുമായി ബന്ധമുണ്ടോ എന്നൊരു സംശയം ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതോസ് ക്യാപിറ്റല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഡൊമെയ്ന്‍ നെയിം പേഴ്‌സണലായി രജിസ്റ്റര്‍ ചെയ്തത് ചെഹേഡാണെന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.

Categories: Top Stories