പുതിയ ക്രെറ്റ ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറും

പുതിയ ക്രെറ്റ ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറും

മാര്‍ച്ച് മാസത്തില്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതു തലമുറ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യന്‍ അരങ്ങേറ്റം നടത്തും. ഇതേതുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഓട്ടോ എക്‌സ്‌പോയില്‍ എസ്‌യുവിയുടെ ഉള്‍ഭാഗം വെളിപ്പെടുത്തുമോയെന്ന് സ്ഥിരീകരണമില്ല.

ചൈനയില്‍ ഹ്യുണ്ടായ് ഐഎക്‌സ്25 എന്ന പേരിലാണ് ഹ്യുണ്ടായ് ക്രെറ്റ വില്‍ക്കുന്നത്. ഇന്ത്യയിലെത്തുന്ന രണ്ടാം തലമുറ ക്രെറ്റയും ഈ മോഡലും തമ്മില്‍ വലിയ സമാനതകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ചെറിയ മാറ്റം വരുത്തിയ റേഡിയേറ്റര്‍ ഗ്രില്‍, വ്യത്യസ്ത അലോയ് വീലുകള്‍ തുടങ്ങിയ ഏതാനും ഡിസൈന്‍ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, സ്പ്ലിറ്റ് ടെയ്ല്‍ഗേറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വിര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കുത്തനെ നിര്‍ത്തിയ 10.25 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവ ഉണ്ടായിരിക്കും.

എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആഡംബരം അല്‍പ്പം കൂടുതലായിരിക്കും. കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍വിഎച്ച് നിലവാരം കുറേക്കൂടി മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എതിരാളികള്‍ കൂടിയതിനാല്‍ ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവിയുടെ ഇന്ത്യയിലെ പ്രയാണം മുമ്പത്തെപ്പോലെ എളുപ്പമായിരിക്കില്ല. കിയ സെല്‍റ്റോസിനേക്കാള്‍ വില കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

കിയ സെല്‍റ്റോസിന്റെ പവര്‍ട്രെയ്‌നുകള്‍ പുതിയ ഹ്യുണ്ടായ് ക്രെറ്റ പങ്കുവെയ്ക്കും. 114 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 138 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ എന്നിവ ലഭിക്കും. 114 ബിഎച്ച്പി പുറത്തെടുക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും നല്‍കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും.

Comments

comments

Categories: Auto