തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും മെഴ്‌സേഡസ് തന്നെ!

തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും മെഴ്‌സേഡസ് തന്നെ!

ലോകത്ത് ഏറ്റവുമധികം വില്‍പ്പന കരസ്ഥമാക്കിയ ആഡംബര കാര്‍ ബ്രാന്‍ഡ്

സ്റ്റുട്ട്ഗാര്‍ട്ട്: 2019 ല്‍ ആഗോളതലത്തില്‍ ഡൈമ്‌ലര്‍ വിറ്റത് 23.40 ലക്ഷം (2.34 മില്യണ്‍) യൂണിറ്റ് മെഴ്‌സേഡസ് ബെന്‍സ് പാസഞ്ചര്‍ കാറുകള്‍. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും ലോകത്ത് ഏറ്റവുമധികം വില്‍പ്പന നേടിയ ആഡംബര കാര്‍ ബ്രാന്‍ഡ് എന്ന ബഹുമതി മെഴ്‌സേഡസ് ബെന്‍സ് കൈവരിച്ചു. അതേസമയം മിനി, റോള്‍സ് റോയ്‌സ് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതും എതിരാളിയുമായ ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡ് തിരിച്ചുള്ള ആഗോള വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

എന്നാല്‍ കാര്‍മേക്കിംഗ് ഗ്രൂപ്പ് എന്ന നിലയില്‍, കഴിഞ്ഞ വര്‍ഷം ബിഎംഡബ്ല്യു 2.52 മില്യണ്‍ വാഹനങ്ങള്‍ വിറ്റു. മെഴ്‌സേഡസ് ബെന്‍സ്, സ്മാര്‍ട്ട് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ ഡൈമ്‌ലര്‍ വിറ്റ 2.46 മില്യണ്‍ വാഹനങ്ങളേക്കാള്‍ കൂടുതല്‍.

ജര്‍മനിയിലും ചൈനയിലും യുഎസിലും റെക്കോര്‍ഡ് വില്‍പ്പനയാണ് കൈവരിച്ചതെന്ന് മെഴ്‌സേഡസ് ബെന്‍സ് അറിയിച്ചു. എസ്‌യുവികള്‍ക്കും ആഡംബര ലിമോസിനുകള്‍ക്കും ആവശ്യക്കാര്‍ ഏറിയതാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ വില്‍പ്പന കണക്കുകളില്‍ പ്രതിഫലിച്ചത്. ചൈനയില്‍ മെഴ്‌സേഡസ് ബെന്‍സിന്റെ വില്‍പ്പന 6.2 ശതമാനം വര്‍ധിച്ചതായി മാതൃ കമ്പനിയായ ഡൈമ്‌ലര്‍ വ്യക്തമാക്കി. ചൈനയില്‍ മാസംതോറും 700 യൂണിറ്റിലധികം മെയ്ബാക്ക് മെഴ്‌സേഡസ് ബെന്‍സ് എസ്-ക്ലാസ് ലിമോസിനാണ് വിറ്റുപോയത്.

ഫോക്‌സ്‌വാഗണിന്റെ പ്രീമിയം ബ്രാന്‍ഡായ ഔഡി 2019 ല്‍ 1.84 മില്യണ്‍ കാറുകളാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 1.8 ശതമാനം വളര്‍ച്ച. ഹോംഗ്‌കോംഗ് ഉള്‍പ്പെടെ ചൈനയിലെ വില്‍പ്പനയില്‍ 4.1 ശതമാനമാണ് ഔഡി കൈവരിച്ച വളര്‍ച്ച.

Comments

comments

Categories: Auto