ഇലക്ട്രിക് എക്‌സ്‌യുവി 300 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും

ഇലക്ട്രിക് എക്‌സ്‌യുവി 300 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും

ഇലക്ട്രിക് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ സ്‌പെക് മോഡല്‍ ഓട്ടോ എക്‌സ്‌പോ വേദിയിലെത്തും

ന്യൂഡെല്‍ഹി: ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് മഹീന്ദ്ര എക്‌സ്‌യുവി 300 പ്രദര്‍ശിപ്പിക്കും. നിര്‍മിക്കാനുദ്ദേശിക്കുന്ന സ്‌പെസിഫിക്കേഷനുകളോടെ ആയിരിക്കും (പ്രൊഡക്ഷന്‍ സ്‌പെക് മോഡല്‍) മഹീന്ദ്ര എക്‌സ്‌യുവി 300 ഇലക്ട്രിക് ഓട്ടോ എക്‌സ്‌പോ വേദിയിലെത്തുന്നത്. അതായത്, നിലവിലെ മഹീന്ദ്ര എക്‌സ്‌യുവി 300 എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷന്റെ ഉല്‍പ്പാദന പതിപ്പാണ് പ്രദര്‍ശിപ്പിക്കുന്നത്. എസ്210 എന്നാണ് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന കോഡ് നാമം.

ആന്തരിക ദഹന എന്‍ജിന്‍ (ഐസിഇ) ഉപയോഗിക്കുന്ന മോഡലിന്റെ ടോപ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് വാഹന പതിപ്പ് നിര്‍മിക്കുന്നത്. സ്റ്റാന്‍ഡേഡ്, ലോംഗ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ ഇലക്ട്രിക് സബ്‌കോംപാക്റ്റ് എസ്‌യുവി വിപണിയിലെത്തും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ സ്റ്റാന്‍ഡേഡ് വേരിയന്റില്‍ 200 കിലോമീറ്ററും ലോംഗ് റേഞ്ച് വേരിയന്റില്‍ 350-400 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും.

പുതിയ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യയോടെയായിരിക്കും മഹീന്ദ്ര എക്‌സ്‌യുവി 300 ഇലക്ട്രിക് വരുന്നത്. എല്‍ജി കെമ്മുമായി സഹകരിച്ച് വികസിപ്പിച്ച ലിഥിയം അയണ്‍ ബാറ്ററി മഹീന്ദ്ര എക്‌സ്‌യുവി 300 ഉപയോഗിക്കും. ഇന്ത്യന്‍ വിപണിക്ക് മാത്രമായി എല്‍ജി കെം പ്രത്യേക സെല്‍ വികസിപ്പിക്കും. ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയുള്ളതും നിക്കല്‍-മാംഗനീസ്-കൊബാള്‍ട്ട് (എന്‍എംസി) രസതന്ത്രം അടിസ്ഥാനമാക്കുന്നതുമായ ലിഥിയം അയണ്‍ സെല്ലുകളാണ് വിതരണം ചെയ്യുന്നത്.

മഹീന്ദ്ര എക്‌സ്‌യുവി 300 എസ്‌യുവിയുടെ ഐസിഇ, ഇലക്ട്രിക് പതിപ്പുകളുടെ അടിസ്ഥാന രൂപകല്‍പ്പന ഒന്നായിരിക്കും. അതേസമയം, ഇലക്ട്രിക് വാഹനത്തിന് സ്റ്റൈലിംഗ് സംബന്ധിച്ച ചില പരിഷ്‌കാരങ്ങള്‍ വരുത്തിയേക്കും. കാബിനിലും ഏതാനും സ്റ്റൈലിംഗ് മാറ്റങ്ങള്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയതും പരിഷ്‌കരിച്ചതുമായ ഫീച്ചറുകള്‍ നല്‍കാന്‍ സാധ്യത ഏറെയാണ്.

Comments

comments

Categories: Auto