വിദേശരാജ്യങ്ങളിലെ പാഠപുസ്തകങ്ങള്‍ ചൈന ഒഴിവാക്കുന്നു

വിദേശരാജ്യങ്ങളിലെ പാഠപുസ്തകങ്ങള്‍ ചൈന ഒഴിവാക്കുന്നു

ബീജിംഗ്: ചൈനയിലെ പ്രൈമറി, മിഡില്‍ സ്‌കൂളുകളില്‍ വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കുന്ന പുതിയ ചട്ടം വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചു. ചൈനയില്‍ കുട്ടികള്‍ക്ക് 9 വര്‍ഷം നിര്‍ബന്ധിത വിദ്യാഭ്യാസ കാലയളവാണ്. പ്രൈമറി, മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഈ കാലയളവിലുള്ളതാണ്. ഈ ഘട്ടത്തിലുള്ള വിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതിയിലാണ് വിദേശത്തുനിന്നുള്ള അധ്യാപന സാമഗ്രികള്‍ ഉപയോഗിക്കരുതെന്നു വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

‘ ശരിയായ രാഷ്ട്രീയ ദിശയും, മൂല്യ ദിശാബോധവും വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു കൊടുക്കുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചതെന്ന് ‘ ചൊവ്വാഴ്ച ഒരു പത്രസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വക്താവ് അറിയിച്ചു. ടെക്സ്റ്റ് ബുക്കുകള്‍ ഉള്‍പ്പെടുന്ന അദ്ധ്യാപന സാമഗ്രികളുടെ രചയിതാക്കളും എഡിറ്റര്‍മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നിലപാടിന് അനുസൃതമായി ”ഉറച്ച രാഷ്ട്രീയ നിലപാട്” പാലിക്കണമെന്നു പുതിയ ചട്ടം അനുശാസിക്കുന്നുണ്ട്.

പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി തിരഞ്ഞെടുത്ത ലേഖനങ്ങളുടെ രചയിതാക്കള്‍ക്ക് ”ചരിത്രപരമായ അറിവും, ധാരണകളും, നല്ല സാമൂഹിക പ്രതിച്ഛായയും” ഉണ്ടായിരിക്കണമെന്നും ചട്ടം നിര്‍ദേശിക്കുന്നു.

പുതിയ ചട്ടങ്ങള്‍ക്ക് ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ നല്ല പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. പലരും കൂടുതല്‍ ദേശസ്‌നേഹ വിദ്യാഭ്യാസത്തിനായി ആഹ്വാനം ചെയ്തു.

ഉന്നതമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ച വിശ്വാസവും ആത്മവിശ്വാസവും ചൈനീസ് സ്വഭാവങ്ങളുള്ള സോഷ്യലിസവും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നു 2016 ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അഭിപ്രായപ്പെട്ടിരുന്നു.

Categories: World