സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഉപദേശക സമിതിയെ നിയമിക്കാന്‍ നീക്കം

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഉപദേശക സമിതിയെ നിയമിക്കാന്‍ നീക്കം
  • സ്റ്റാര്‍ട്ടപ്പ്, ടെക്‌നോളജി ആവാസവ്യവസ്ഥയിലെ പ്രമുഖര്‍ സമിതിയില്‍ ഉള്‍പ്പെടും
  • ആദ്യ സമ്മേളനം ബജറ്റിന് മുമ്പ്

ബെംഗളുരു: രാജ്യത്ത് ദ്രുതഗതിയില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൂടുതല്‍ പ്രോല്‍സാഹനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപദേശക സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്, ടെക്‌നോളജി ആവാസവ്യവസ്ഥയിലെ ഭീമന്‍മാരുടെ പേരുകള്‍ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. മേഖലയില്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും രാജ്യത്തെ അതിവേഗ വളര്‍ച്ചാ ശേഷിയുള്ള ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതിനും പ്രതിബന്ധങ്ങള്‍ അകറ്റുന്നതിനും വേണ്ടിയാണ് സമിതിയെ നിയമിക്കാന്‍ പദ്ധതിയിടുന്നത്.

യാത്രാ സേവനദാതാക്കളായ ഒല സ്ഥാപകന്‍ ഭാവിഷ് അഗര്‍വാള്‍, എജുക്കേഷന്‍ ടെക് പ്ലാറ്റ്‌ഫോമിലുള്ള ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഇന്‍ഫോസിസ് സഹസ്ഥാപകരായ നന്ദന്‍ നിലേക്കനി, ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവരെ കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകര്‍ തുടങ്ങിയവര്‍ സ്റ്റാര്‍ട്ടപ്പ് ഉപദേശക സമിതിയില്‍ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും റെഗുലേറ്റര്‍മാരും സമിതിയില്‍ ഉള്‍പ്പെടും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ സര്‍ക്കാരുമായി ഇടപെഴകേണ്ട സാഹചര്യമുണ്ടാകുന്നതിനാല്‍ എല്ലാ മന്ത്രാലയങ്ങളിലുമുള്ള നിര്‍ദിഷ്ട ഉദ്യോഗസ്ഥരെ സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും സൂചിപ്പിക്കപ്പെടുന്നു. കഴിഞ്ഞ മാസം ഗോവയില്‍ നടന്ന ഗ്ലോബല്‍ വെഞ്ച്വര്‍ സമ്മിറ്റിലാണ് സ്റ്റാര്‍ട്ടപ്പ് ഉപദേശക സമിതിയെ നിയമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നത്.

ഉപദേശക സമിതിയുടെ ആദ്യ സമ്മേളനം അടുത്തുവരുന്ന കേന്ദ്ര ബജറ്റിന് മുമ്പായി നടക്കുമെന്നാണ് സൂചന. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐടി) സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വിഷന്‍ 2024 ഭാഗമായാണ് സമിതിയെ തീരുമാനിക്കുള്ള പദ്ധതി മുന്നോട്ടു വെച്ചത്. മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ഇന്നോവേറ്റീവ് ആശയങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മതിയായ പ്രോല്‍സാഹനം നല്‍കുന്നതിനായി 500 ഇന്‍കുബേറ്ററുകളും ആക്‌സിലറേറ്റര്‍മാരെയും നിയമിക്കുക വായ്പാ സേവന ലക്ഷ്യത ഉറപ്പുവരുത്തുക, നിക്ഷേപ സമാഹരണത്തില്‍ സഹായം നല്‍കുക എന്നിവയെല്ലാം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

സ്റ്റാര്‍ട്ടപ്പിലെ നിയന്ത്രണങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും മറ്റും ഡിപിഐടി കഴിഞ്ഞ മാസം കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, സെബി, ആര്‍ബിഐ, എന്നിവരുമായി ഡിപിഐടി ചര്‍ച്ച നടത്തിയിരുന്നു. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനും തുടങ്ങി നിരവധി പരിഷ്‌കരണങ്ങള്‍ സ്റ്റാര്‍ട്ടപ്പില്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നതായി ഡിപിഐടി സെക്രട്ടറി ഗുരുപ്രസാദ് മൊഹപത്ര വ്യക്തമാക്കി.

Comments

comments

Categories: FK News