ഫുകുഷിമയ്ക്കു ചുറ്റും ആണവ മലിനീകരണമുണ്ടായിരുന്നിട്ടും വന്യജീവികള്‍ വിഹരിക്കുന്നു

ഫുകുഷിമയ്ക്കു ചുറ്റും ആണവ മലിനീകരണമുണ്ടായിരുന്നിട്ടും വന്യജീവികള്‍ വിഹരിക്കുന്നു

ടോക്യോ: ജപ്പാനിലെ ഫുകുഷിമ ആണവ ദുരന്തം സംഭവിച്ച് ഏകദേശം ഒരു പതിറ്റാണ്ടെത്തുമ്പോള്‍ മനുഷ്യരെ ഒഴിപ്പിച്ച പ്രദേശങ്ങളില്‍ ആണവ മലിനീകരണമുണ്ടായിരുന്നിട്ടും വന്യജീവികള്‍ വിഹരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. 2011 മാര്‍ച്ച് 11 നായിരുന്നു സുനാമി, ഭൂചലനം എന്നിവയെ തുടര്‍ന്നു ഫുകുഷിമ ആണവ വൈദ്യുതനിലയങ്ങളില്‍ അപകടങ്ങളുണ്ടായത്. സംഭവസ്ഥലത്തുനിന്നും 715 മൈലിനുള്ളില്‍ താമസിക്കുന്നവരെ സര്‍ക്കാര്‍ ഒഴിപ്പിക്കുകയുണ്ടായി.

ഫുകുഷിമ ദെയ്ച്ചി ആണവനിലയത്തിലെ മൂന്ന് റിയാക്ടറുകള്‍ തകരുകയും റേഡിയോ ആക്ടീവ് മെറ്റീരിയല്‍സിനെ (അപകടകാരികളായ അദൃശ്യ രശ്മികള്‍ പ്രസരിപ്പിക്കുന്ന വസുക്കള്‍) വായുവിലേക്കു പുറന്തള്ളുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം ആളുകളെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മനുഷ്യവാസമില്ലാത്ത ഈ പ്രദേശത്ത് ഇപ്പോള്‍ വന്യജീവികള്‍ ധാരാളമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. വിദൂര ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന റിമോട്ട് ക്യാമറകള്‍ ഉപയോഗിച്ചു ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകര്‍ സിംഹവാലന്‍ കുരങ്ങ്, ചെമ്പോത്ത്, കാട്ടുപന്നി, ജാപ്പനീസ് മുയല്‍, കുറുക്കന്‍ ഉള്‍പ്പെടെ 20-ലധികം വരുന്ന ജീവി വര്‍ഗങ്ങളുടെ 2,67,000 ഓളം ചിത്രങ്ങളാണ് ആണവ നിലയത്തിനു സമീപമുള്ള പ്രദേശങ്ങളില്‍നിന്നും എടുത്തത്. മൂന്ന് മേഖലകളായി തിരിച്ചു 106 ഇടങ്ങളിലാണ് ചിത്രങ്ങളെടുക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ചത്. ഉയര്‍ന്ന തോതിലുള്ള മലിനീകരണം കാരണം മനുഷ്യവാസം ഒഴിവാക്കിയ പ്രദേശങ്ങള്‍, ഇടത്തരം മലിനീകരണം കാരണം മനുഷ്യര്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങള്‍, മനുഷ്യര്‍ക്ക് താമസിക്കാന്‍ അനുവാദമുള്ള പ്രദേശങ്ങള്‍ എന്നിങ്ങനെയായിരുന്നു തരംതിരിച്ച മൂന്നു മേഖലകള്‍. ഇവിടെയാണു ക്യാമറകള്‍ സ്ഥാപിച്ചത്. 120 ദിവസത്തിനുള്ളില്‍ കാട്ടുപന്നികളുടെ 46,000 ചിത്രങ്ങളാണു ക്യാമറകളെടുത്തത്. ഇവയില്‍ 26,000 ചിത്രങ്ങള്‍ ജനവാസമില്ലാത്ത പ്രദേശങ്ങളില്‍ നിന്ന് എടുത്തവയായിരുന്നു. 2016 മുതല്‍ മനുഷ്യരെ മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചെങ്കിലും വളരെ അപൂര്‍വം ആളുകള്‍ മാത്രമാണ് പ്രദേശത്തേയ്ക്കു മടങ്ങിവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. പക്ഷേ, മനുഷ്യര്‍ വരാന്‍ മടി കാണിച്ച ഈ പ്രദേശത്തേയ്ക്കു മൃഗങ്ങള്‍ കടന്നു ചെന്നിരിക്കുന്നതായി പുതിയ പഠനം സൂചിപ്പിക്കുന്നു.

ആണവ മലിനീകരണം വന്യജീവികളിലുണ്ടാക്കിയ ആഘാതത്തെ കുറിച്ചു ഗവേഷകര്‍ പഠിക്കുന്നുണ്ടെങ്കിലും വന്യജീവികളുടെ ആരോഗ്യത്തെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിലയിരുത്തല്‍ നല്‍കുന്നവയല്ല പഠനമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. പഠനം തിങ്കളാഴ്ച (ജനുവരി 6) ജേണല്‍ ഓഫ് ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഇക്കോളജി ആന്റ് എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Categories: World