നയിക്കേണ്ടവന്‍ അദൃശ്യനാകുമ്പോള്‍

നയിക്കേണ്ടവന്‍ അദൃശ്യനാകുമ്പോള്‍

നിലപാടുകളില്‍ അസ്ഥിരത കടന്നുവരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) കാമ്പസില്‍ നടന്ന അക്രമത്തില്‍ ഡെല്‍ഹിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും പ്രതിഷേധത്തില്‍ മുഴുകിയ അവസരമാണ് കടന്നു പോയത്. എന്നാല്‍ ഇതിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതിനോ കേന്ദ്രസര്‍ക്കാരിനെതിരായി പുതിയ ഒരു സമരമുഖം തുറക്കുന്നതിനോ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഇതിനെല്ലാമുപരി സമരമുഖത്ത് ഒരു സാന്നിധ്യമാകാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടുമില്ല. രാഹുലിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെയും പ്രൊഫസര്‍മാരെയും സന്ദര്‍ശിക്കാന്‍ ഡെല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിയത്. രാഹുല്‍ വിദേശത്താണെന്നും അദ്ദേഹം വ്യാഴാഴ്ചയാണ് പോയതെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം തിരിച്ചെത്തുമെന്നും രാഹുലിനോടടുത്ത വൃത്തങ്ങള്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു.

രാഹുലിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ എത്തുന്നത് ട്വിറ്റര്‍വഴിയാണ്. ഇത്രയും നിര്‍ണായകമായ സമരപരിപാടികളിലൂടെ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുപോകുമ്പോള്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എവിടെയാണെന്ന് പ്രതിപക്ഷം പോലും ആശ്ചര്യപ്പെടുകയാണ്. നിര്‍ണായകമായ എന്തു സംഭവങ്ങള്‍ രാജ്യത്തുണ്ടാകുമ്പോഴും രാഹുല്‍ രാജ്യത്തിനു പുറത്തേക്ക് പറക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാകുകയാണ്. പ്രതിപക്ഷ സഖ്യത്തിന് കോണ്‍ഗ്രസിനെ തള്ളാന്‍ കഴിയാത്തതിനാല്‍ മാത്രമാണ് രാഹുലിന്റെ പേര് ഇപ്പോഴും രാഷ്ട്രീയ രംഗത്ത് ഉയര്‍ന്നു കേള്‍ക്കുന്നത് എന്നു തോന്നുന്നു. മറ്റുള്ളവര്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പകരാന്‍ ജെഎന്‍യു കാമ്പസ് സന്ദര്‍ശിക്കുകയോ പരിക്കേറ്റവരെ ആശുപത്രിയിലെത്തി കാണുകയോ ചെയ്യുകയാണ്. ഇവിടെയാണ് രാഹുലിന്റെ അഭാവം തിരിച്ചറിയപ്പെടുന്നത്.

2016 ല്‍, മുന്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ (ജെഎന്‍യുയു) പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ കുറ്റവാളി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ വിമര്‍ശിച്ച് ഒരു ക്യാമ്പസ് പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അന്ന് ഈ അറസ്റ്റില്‍പ്രതിഷേധിച്ച് രാഹുല്‍ ജെഎന്‍യു കാമ്പസ് സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പിന്നീട് ‘ഇന്ത്യാ വിരുദ്ധ’ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിന് രാഹുലിനെ വിമര്‍ശിച്ചിരുന്നുവെങ്കിലും അദ്ദേഹം അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഈ നേതാവാണ് ഇപ്പോള്‍ പ്രതിഷേധവും വിമര്‍ശനവും ട്വിറ്ററില്‍ ഒതുക്കിയിരിക്കുന്നത്. ഫീസ് വര്‍ധനയെച്ചൊല്ലി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ (ജെഎന്‍യുടിഎ) സംഘടിപ്പിച്ച ഒത്തുചേരലിനിടെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഞായറാഴ്ച വൈകുന്നേരമാണ് കാമ്പസില്‍ മര്‍ദ്ദിക്കുകയും മറ്റ് സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തത്. ക്യാമ്പസില്‍ നിന്നുള്ള വീഡിയോ ഫൂട്ടേജുകള്‍ അഭൂതപൂര്‍വമായ അരാജകത്വം ആണ് വെളിച്ചത്തുകൊണ്ടുവന്നത്. വടികളുമായി ഇരച്ചത്തിയ അക്രമികള്‍ വിദ്യാര്‍ത്ഥികളെയും പ്രൊഫസര്‍മാരെയും അടിക്കുന്നത് സസിടിവി ഫുട്ടേജുകളില്‍ വ്യക്തമാണ്. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയിരുന്നവര്‍ മുഖംമൂടി ധരിച്ചിരുന്നു. താമസിയാതെ, ഇന്ത്യയിലുടനീളമുള്ള ആളുകള്‍ അക്രമത്തിനെതിരെ സ്വമേധയാ പ്രതിഷേധം പ്രകടിപ്പിക്കുകയും ആക്രമണകാരികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.

ഇത്രത്തോളം നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് രാജ്യത്തെ ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയുടെ യുവനേതാവിന്റെ അഭാവം പുറത്തറിയുന്നത്. ഇതുപോലെ തന്നെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നടന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും രാഹുല്‍ വിദേശയാത്ര നടത്തിയിരുന്നു. ഇത് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ച പലരും അതിന് വിമുഖത രേഖപ്പെടുത്തിയത് ഇക്കാരണത്താലാണ്. ഇപ്പോള്‍ അവിടെ അധികാരത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസിന് സാധിച്ചത് അവരുടെ മികവുകൊണ്ടല്ല , മറിച്ച് ശിവസേനയുടെ പിടിവാശി ഒന്നുകൊണ്ടുമാത്രമായിരുന്നു. .എന്നാല്‍ അതെല്ലാം ഇപ്പോള്‍ ഒതുക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ വീണ്ടും വിദേശത്തേക്ക് പോയത്. ജാര്‍ഖണ്ഡിലെ കാര്യം പരിഗണിച്ചാല്‍ കൂടുതല്‍ റാലികളെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യേണ്ടതായിരുന്നു. പക്ഷേ പ്രചാരണത്തിന്റെ അവസാന ആഴ്ചയില്‍ അദ്ദേഹം ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളിലേക്ക് പറന്നു. പിന്നീട് ജനറല്‍ സെക്രട്ടറി പ്രിയങ്കയെയാണ് ബാക്കിസ്ഥലങ്ങളില്‍ പങ്കെടുക്കാനായി അദ്ദേഹം നിയോഗിച്ചത്. ഹേമന്ത് സോറന്റെ മികവില്‍ നേടിയ വിജയത്തില്‍ കോണ്‍ഗ്രസിന്റേത് വളരെ ചെറിയ പങ്കുമാത്രമായിരുന്നു. എങ്കിലും അതനുസരിച്ചുള്ള സംഭാവന നല്‍കാന്‍ കോണ്‍ഗ്രസിനായില്ല. ജാര്‍ഖണ്ഡ് കോണ്‍ഗ്രസില്‍ ഇന്നും വിഭാഗീയതയും ഉള്‍പ്പോരും രൂക്ഷമാണ്. ഇത് തിരിച്ചറിഞ്ഞ സോറന്‍ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളിലും പ്രചാരണത്തിനെത്തിയിരുന്നു.

ഡിസംബര്‍ 15 ന് ജാമിയ മിലിയ ഇസ്ലാമിയയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നടന്ന സമാധാനപരമായ പ്രതിഷേധം ഡെല്‍ഹി പോലീസ് അടിച്ചമര്‍ത്തിയിരുന്നു. ഈ അവസരത്തില്‍ അദ്ദേഹം സോളിലായിരുന്നു. ഇതിനെതിരെ നടന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധം പ്രിയങ്കയാണ് സംഘടിപ്പിച്ചത്. ഇന്ത്യാഗേറ്റില്‍ നടന്ന പ്രതിഷേധത്തിന് വന്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രിയെ കാണാനുള്ള ഒദ്യോഗിക യാത്രയിലായിരുന്നുവെന്ന് രാഹുല്‍ പിന്നീട് വ്യക്തമാക്കി. മോദിസര്‍ക്കാരിന്റെ വിവാദമായ സിഎഎയെ നേരിടുന്നതിനുള്ള പാര്‍ട്ടിയുടെ തന്ത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇത് രാജ്യവ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുന്ന നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) യുടെ മുന്നോടിയായി കണക്കാക്കപ്പെടുന്നു. ഈ നിര്‍ണായക യോഗത്തിലും പങ്കെടുക്കാതെ രാഹുല്‍ ചരിത്രം സൃഷ്ടിച്ചു. എന്നിരുന്നാലും, ഡിസംബര്‍ 28ന് രാജ്ഘട്ടില്‍ പാര്‍ട്ടി നടത്തിയ ഐക്യത്തിനായുള്ള സത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു.

നവംബര്‍ 18 ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിലും അദ്ദേഹം രാജ്യത്തില്ലായിരുന്നു. രണ്ടാഴ്ചത്തെ വിപാസന ധ്യാനത്തിനായാണ് അദ്ദേഹം യാത്രയായതെന്ന് പിന്നീട് അദ്ദേഹത്തോടടുത്ത ചില വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ഈ യാത്രകള്‍ പാര്‍ട്ടിയുടെ പല പരിപാടികള്‍ നീട്ടിവെക്കാന്‍ പോലും കാരണമായി. കേന്ദ്രസര്‍ക്കാരിനെതിരായ സമരപരിപാടികളും അങ്ങനെ മാറ്റിവെക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ സാമ്പത്തിക മാന്ദ്യം ഉയര്‍ത്തിക്കാട്ടി മോദി സര്‍ക്കാരിനെ വെട്ടിലാക്കാന്‍ തയ്യാറാക്കിയ ”ഭാരത് ബച്ചാവോ” പ്രതിഷേധം രണ്ടുതവണ നീട്ടിവെച്ചത് ഇക്കാരണത്താലാണ്.

രാഹുല്‍ കോണ്‍ഗ്രസ് മേധാവിയായി രണ്ടുവര്‍ഷത്തില്‍ താഴെ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഈ കാലഘട്ടത്തിലാണ് പൊതു തെരഞ്ഞെടുപ്പ് നടന്നത്. മോദി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. അമേഠിയിലെ തന്റെ പരമ്പരാഗത തട്ടകത്തില്‍പ്പോലും രാഹുല്‍ തോല്‍വി അറിഞ്ഞു. രണ്ടാമതൊരു മണ്ഡലത്തില്‍ക്കൂടി മത്സരിച്ചതിനാല്‍ പാര്‍ലമെന്റില്‍ എത്തി എന്നതാണ് യാഥാര്‍ത്ഥ്യം. ഈ തിരച്ചറിവ് പാര്‍ട്ടിക്കും നേതാവിനും ഉണ്ടായാല്‍ മാത്രമെ മുന്നേറാന്‍ സാധിക്കൂ.

ഭാരത് ബച്ചാവോ റാലി, ജാര്‍ഖണ്ഡ് പ്രചാരണം, സത്യാഗ്രഹം എന്നിവയെല്ലാം രാഹുലിന്റെ തിരിച്ചുവരവിന് വേദിയൊരുക്കുന്നതരത്തില്‍ പ്ലാന്‍ ചെയ്തതായിരുന്നു. കൃത്യമായ ഇടവേളയനുസരിച്ചാണ് ഇവ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ക്കാര്യത്തില്‍ രാഹുലിന് താല്‍പ്പര്യമുണ്ടായിരുന്നോ എന്നാണ് നേതാക്കള്‍ സംശയിക്കുന്നത്. അദ്ദേഹം പൊതു പരിപാടികളില്‍നിന്ന് പിന്‍വലിഞ്ഞതായി കോണ്‍ഗ്രസിന്റെ പല നേതാക്കളും പരാതിപ്പെട്ടിരുന്നു. ‘അദ്ദേഹം (രാഹുല്‍) ആളുകളെ കണ്ടുമുട്ടിയിട്ടില്ല,’ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ”ഞങ്ങളില്‍ ചിലര്‍ ആവര്‍ത്തിച്ച് മീറ്റിംഗുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട് (പക്ഷേ) ഒരു പ്രയോജനവും ഉണ്ടായില്ല.”-നേതാവ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ അസ്ഥിരതയാണ് രാഹുല്‍ ഗാന്ധിയുമായുള്ള തന്റെ വലിയ പ്രശ്‌നമെന്ന് വേറൊരു കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു തരംഗം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ തോല്‍വിക്ക് ശേഷം അത് പൂര്‍ണമായും ഇല്ലാതായി. ഇത് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനുള്ള ഒരു മാര്‍ഗമല്ല- അവര്‍ പറയുന്നു. എന്നിരുന്നാലും, പാര്‍ട്ടി വക്താവും മുന്‍ സഹമന്ത്രിയുമായ ആര്‍പിഎന്‍ സിംഗ് രാഹുലിനെ പ്രതിരോധിച്ചു. ആസാം, ഛത്തീസ്ഗഡ്് സന്ദര്‍ശനം, ജാര്‍ഖണ്ഡില്‍ പ്രചാരണം നടത്തുക തുടങ്ങിയ എല്ലാ കോണ്‍ഗ്രസ് പരിപാടികള്‍ക്കും അദ്ദേഹം അവിടെ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിശബ്ദതയാണ് കൂടുതല്‍ ഞെട്ടിക്കുന്ന കാര്യമെന്നും രാഹുലിനെ പിന്തുണച്ച് സിംഗ് അഭിപ്രായപ്പെട്ടു. ഇവിടെ കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം നടന്നുകയറിയാല്‍മാത്രമെ പാര്‍ട്ടിക്ക് കൂടുതല്‍ വേരുറപ്പിക്കാന്‍ കഴിയുകയുള്ളു. ഇവിടെ മറ്റ് കുറുക്കുവഴികളില്ല. ഇതാണ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതും.

Categories: Top Stories

Related Articles