10,000 ഒട്ടകങ്ങളെ ഓസ്‌ട്രേലിയ വെടിവച്ചു കൊല്ലാനൊരുങ്ങുന്നു

10,000 ഒട്ടകങ്ങളെ ഓസ്‌ട്രേലിയ വെടിവച്ചു കൊല്ലാനൊരുങ്ങുന്നു

കാന്‍ബെറ: ഓസ്‌ട്രേലിയയിലെ വരള്‍ച്ചയില്‍ ദുരിതം അനുഭവിക്കുന്ന പ്രദേശത്ത് പതിനായിരത്തോളം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാനുള്ള സാധ്യത ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദാഹിച്ചു വലഞ്ഞ ഒട്ടകങ്ങള്‍ വെള്ളത്തിനായി ഞെട്ടോട്ടമോടുന്നതിനിടെ പ്രദേശവാസികളെ ഉപദ്രവിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

ദക്ഷിണ ഓസ്‌ട്രേലിയയുടെ വിദൂര വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ആദിവാസി സമൂഹത്തിലെ തലവന്‍ ഒട്ടകങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള തീരുമാനത്തെ അംഗീകരിച്ചു. ആദിവാസി വിഭാഗങ്ങളെയാണ് പ്രധാനമായും മൃഗങ്ങള്‍ ആക്രമിക്കുന്നത്. അഞ്ച് ദിവസമെടുത്തായിരിക്കും പതിനായിരം ഒട്ടകങ്ങളെ കൊല്ലുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ സംസ്ഥാനം നല്‍കുന്ന ഹെലികോപ്റ്ററുകളില്‍ നിന്ന് ഒട്ടകങ്ങളെ വേട്ടയാടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം പ്രദേശങ്ങളും കൊടും വരള്‍ച്ചയിലൂടെ കടന്നുപോവുകയാണ്.

കഴിഞ്ഞ ദിവസം വിക്ടോറിയ, ന്യൂസൗത്ത് വെയില്‍സ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാട്ടു തീ വലിയ ദുരിതം വിതച്ചിരുന്നു. ചില മൃഗങ്ങള്‍ ദാഹിച്ച് വലഞ്ഞ് വെള്ളം കുടിക്കാനായി മനുഷ്യരെ സമീപിക്കുന്ന അപൂര്‍വമായ കാഴ്ചകളും ദൃശ്യമായിരുന്നു. ഓസ്‌ട്രേലിയയില്‍ ദശലക്ഷക്കണക്കിനു മൃഗങ്ങള്‍ കാട്ടു തീയിലും വരള്‍ച്ചയിലും ഉള്‍പ്പെട്ടു കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്കാക്കുന്നത്. കാട്ടു തീ, വരള്‍ച്ച തുടങ്ങിയവ ഓസ്‌ട്രേലിയയില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ അവ അടുത്ത കാലത്തായി കൂടുതല്‍ തീവ്രമാവുകയും കൂടുതല്‍ വിനാശകരമായി മാറുകയും ചെയ്യുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇത് കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണു സംഭവിക്കുന്നതെന്നും ശാസ്ത്രലോകം പറയുന്നു.

Comments

comments

Categories: World