യുപിയുടെ നിക്ഷേപ സാധ്യത വളര്‍ത്തി ഡെഫ് എക്‌സ്‌പോ

യുപിയുടെ നിക്ഷേപ സാധ്യത വളര്‍ത്തി ഡെഫ് എക്‌സ്‌പോ
  • ഡിജിറ്റല്‍വല്‍ക്കരണത്തിന് മേളയില്‍ മുന്‍തൂക്കം
  • പ്രതിരോധ നിര്‍മാണ മേഖലയില്‍ രാജ്യത്തെ മികച്ച ഹബ്ബാക്കി മാറ്റും
  • രജിസ്റ്റര്‍ ചെയ്ത 925 കമ്പനികളില്‍ 150 ഓളം വിദേശ കമ്പനികള്‍

ലക്‌നൗ : പ്രതിരോധ മേഖലയില്‍ നിക്ഷേപ, പങ്കാളിത്ത വികസനം ലക്ഷ്യമിട്ട് നടക്കുന്ന ഡെഫ് എക്‌സ്‌പോ അക്ഷരാര്‍ത്ഥത്തില്‍ യുപിയുടെ നിക്ഷേപക സാധ്യതയിലേക്ക് പുതിയ വെളിച്ചമെത്തിക്കുമെന്ന് ഉറപ്പായി. ഫെബ്രുവരി അഞ്ച് മുതല്‍ എട്ടുവരെ യുപി തലസ്ഥാനമായി ലക്‌നൗവില്‍ നടക്കുന്ന ഡിഫന്‍സ് എക്‌സിബിഷന്‍ (ഡെഫ്-എക്‌സ്‌പോ) സ്ഥല വിസ്തൃതി കൊണ്ടും വരുമാനം കൊണ്ടും ഏറ്റവും മികച്ച ഒന്നായി തീരുമെന്നും വിലയിരുത്തപ്പെടുന്നു.

ഡെഫ് എക്‌സ്‌പോ 2020, പ്രതിരോധ മേഖലയില്‍ യുപിയെ മികച്ച ഡെസ്റ്റിനേഷനായി ഉയര്‍ത്തിക്കാട്ടാന്‍ സഹായിക്കും. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി കമ്പനികള്‍ യുപിയിലുണ്ട്. അതുകൊണ്ടുതന്നെ മേഖലയില്‍ ശക്തമായ അടിസ്ഥാന സൗകര്യവികസനങ്ങള്‍ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ നാല് യൂണിറ്റുകളാണ് ലക്‌നൗ, കാണ്‍പൂര്‍, കോര്‍വ, നെയ്‌നി (പ്രയാഗ്ര) എന്നിവിടങ്ങളിലുള്ളത്. ഇത് കൂടാതെ ഒമ്പതോളം ഓര്‍ഡന്‍സ് ഫാക്ടറി യൂണിറ്റുകള്‍ കാണ്‍പൂര്‍, കോര്‍വ, ഷാജഹാന്‍പൂര്‍, ഫിറോസാബാദ് എന്നിവിടങ്ങളിലും ഭാരത് ഇലക്ട്രോണിക്‌സിന്റെ ഒരു യൂണിറ്റ് ഗാസിയാബാദിലുമുണ്ട്. ഇന്ത്യയിലെ രണ്ട് ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ കോറിഡോറുകളും (ഡിഐസി) യുപിയില്‍ സ്ഥിതി ചെയ്യുന്നു. ഇത് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ , ചെറുകിട സംരംഭങ്ങള്‍ക്കും പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കി വരുന്നുണ്ട്. രാജ്യത്ത മറ്റൊരു ഡിഐസി നിര്‍ദേശിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലാണ്.

വിദേശ ഒഇഎമ്മുകള്‍ക്ക് രാജ്യത്തെ പ്രതിരോധ വ്യവസായ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കാനും മേക്ക് ഇന്‍ ഇന്ത്യ ഉദ്യമങ്ങള്‍ക്ക് ശക്തി പകരാനും ഡെഫ്-എക്‌സ്‌പോ മികച്ച അവസരം നല്‍കും. ഇന്ത്യയുടെ പ്രതിരോധ ശേഷി പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണിതെന്നും മേഖലയില്‍ കയറ്റുമതി ആകര്‍ഷിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താനാകാനുമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വക്താവ് അറിയിച്ചിരുന്നു. ‘പ്രതിരോധ നിര്‍മാണ ഹബ്ബായി ഇന്ത്യയുടെ ഉദയം’ എന്നതാണ് ഇത്തവണത്തെ ഡെഫ് എക്‌സ്‌പോയുടെ പ്രധാന തീം. പ്രതിരോധ മേഖലയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിലാണ് പതിനൊന്നാമത് മേള ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതും. മേഖലയിലെ ഏറ്റവും പുതിയ ഇന്നൊവേഷനുകളും ശേഷികളും, ആയുധ സാമഗ്രികളും വിവിധ വിദേശ, സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇതുവരെ മേളയില്‍ 925 കമ്പനികള്‍ പ്രദര്‍ശകരായി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ 150 പേര്‍ വിദേശ കമ്പനികളാണ്. ലക്‌നൗ പരിസരത്തായി മേളയിലെ അതിഥികള്‍ക്ക് വേണ്ടി ആയിരക്കണക്കിന് സൂപ്പര്‍ ഡീലക്‌സ്, ഡീലക്‌സ് ടെന്റുകള്‍ സര്‍ക്കാര്‍ പണികഴിപ്പിക്കും. ഡെഫ്-എക്‌സ്‌പോയോട് അനുബന്ധിച്ച് ഗോമതി നദീതീരത്ത് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Def expo