ഇന്ത്യക്കാരുടെ അസ്ഥികള്‍ ദുര്‍ബ്ബലം

ഇന്ത്യക്കാരുടെ അസ്ഥികള്‍ ദുര്‍ബ്ബലം

വായുമലിനീകരണം ഇന്ത്യക്കാരുടെ അസ്ഥികളുടെ ആരോഗ്യം മോശമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ശ്വാസകോശ അര്‍ബുദം, ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഉയര്‍ന്ന വായുമലിനീകരണം ഇന്ത്യക്കാരുടെ അസ്ഥികളെയും ബാധിക്കുന്നുണ്ടെന്ന് ഒരു പഠനം മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷ വായു മലിനീകരണം, പ്രത്യേകിച്ച് നേര്‍ത്ത കാര്‍ബണ്‍കണങ്ങള്‍ ശ്വസിക്കുന്നത് അസ്ഥികളെ ദുര്‍ബ്ബലമാക്കുമെന്നു പഠനം തെളിയിച്ചു. ഹൈബരാബാദ് നഗരത്തിന് പുറത്തുള്ള 28 ഗ്രാമങ്ങളില്‍ നിന്നുള്ള 3,700 ല്‍ അധികം ആളുകളില്‍ വായു മലിനീകരണവും അസ്ഥികളുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം പഠനം വിശകലനം ചെയ്താണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.

സ്‌പെയിനിലെ ബാഴ്സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ (ഐഎസ്ഗ്ലോബല്‍) ഗവേഷകനായ ഒട്ടാവിയോ റാന്‍സാനി നേതൃത്വം നല്‍കിയ പഠനത്തിന്റെ ഫലങ്ങള്‍ ജമാ നെറ്റ്വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ബണ്‍ കണങ്ങള്‍ ശ്വസിക്കുന്നത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വായു മലിനീകരണം എന്നിവയിലൂടെ അസ്ഥികളുടെ ശക്തി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തിനായി, പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഒരു മാതൃകയാണ് ഉപയോഗിച്ചത്. പഠനത്തിനു വിധേയരാക്കിയവര്‍ പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തെക്കുറിച്ചുള്ള ചോദ്യാവലിയും പൂരിപ്പിച്ചു.

ഡ്യുവല്‍ എനര്‍ജി എക്‌സ്-റേ അബ്‌സോര്‍പ്റ്റിയോമെട്രി എന്ന് വിളിക്കുന്ന ഒരു പ്രത്യേക തരം റേഡിയോഗ്രാഫി ഉപയോഗിച്ച് അസ്ഥികളുടെ സാന്ദ്രത അളന്നത്. നേര്‍ത്ത കണികാ പദാര്‍ത്ഥങ്ങളും കറുത്ത കാര്‍ബണും ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ സാന്നിധ്യം കണക്കാക്കാന്‍ ഗവേഷകര്‍ പ്രാദേശികമായി വികസിപ്പിച്ച മാതൃക ഉപയോഗിച്ചു. ഇതില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നട്ടെല്ല്, ഇടുപ്പെല്ല് എന്നിവയുടെ ബലം അളന്നു.

വായു മലിനീകരണം വാസസ്ഥലത്ത് പടരുന്നത് കണക്കാക്കുന്നത് നേര്‍ത്ത കണികാ പദാര്‍ത്ഥങ്ങളുടെയും (2.5 മൈക്രോമീറ്ററോ അതില്‍ കുറവോ വ്യാസത്തില്‍ വമിക്കുന്ന കണങ്ങള്‍) കാര്‍ബണിന്റെയും സാന്നിധ്യം അളന്നാണ്. ആംബിയന്റ് പിഎം 2.5 ന്റെ വാര്‍ഷിക ശരാശരി വമിക്കല്‍ ഒരു ക്യുബിക്ക് മീറ്റര്‍ വായുവില്‍ 32.8 മൈക്രോഗ്രാം ആയിരുന്നു, ഇത് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന പരമാവധി അളവിനേക്കാള്‍ വളരെ കൂടുതലാണ് (ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 10 മൈക്രോഗ്രാം ആണ് അനുവദനീയം).

അന്തരീക്ഷ മലിനീകരണവും അസ്ഥികളുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം ഗവേഷകര്‍ കണ്ടെത്തി. പാചകത്തിന് ബയോമാസ് ഇന്ധനം ഉപയോഗിക്കുന്നതുമായി ഇതിന് ഒരു ബന്ധവും കണ്ടെത്തിയില്ല. അസ്ഥിയുടെ സാന്ദ്രതയും ബലവും കുറയുന്ന ഒരു രോഗമാണ് ഓസ്റ്റിയോപൊറോസിസ്. ആഗോളതലത്തില്‍, ഇത് ഏറെ പേരെ ബാധിക്കുന്നു. ജനസംഖ്യയില്‍ വൃദ്ധരുടെ എണ്ണം കൂടിയതു കാരണം അതിന്റെ വ്യാപനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അന്തരീക്ഷമലിനീകരണം നേരിട്ടുള്ള ഗുരുതര ശ്വാസകോശരോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിച്ചതായി പഠനത്തില്‍ വ്യക്തമാണ്. കനത്ത പുകമലിനീകരണം നടക്കുന്ന ബീജിംഗ്, ന്യൂഡെല്‍ഹി തുടങ്ങിയ നഗരങ്ങളിലെ താമസക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യ, ചൈന, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവുകളും വലിയതോതില്‍ ഉപയോഗത്തിലുണ്ട്. ഫാക്റ്ററികള്‍ അന്തരീക്ഷത്തിലേക്ക് പുക തുറന്നു വിടുന്നു. ഇതാണ് കടുത്ത അന്തരീക്ഷമലിനീകരണത്തിനും അതു മൂലമുണ്ടാകുന്ന ഗുരുതരരോഗങ്ങള്‍ക്കുമുള്ള കാരണം.

ഈ പഠനം വായു മലിനീകരണം, അസ്ഥി ആരോഗ്യം എന്നിവയെക്കുറിച്ചുള്ള പരിമിതവും സമഗ്രവുമായ ശാസ്ത്രീയപഠനത്തിന് വലിയ സംഭാവന നല്‍കുന്നുവെന്ന് റാന്‍സാനി വിശദീകരിക്കുന്നു. വികസിത, വികസ്വര രാജ്യങ്ങളില്‍ കാണപ്പെടുന്ന അളവില്‍ ഉള്‍പ്പെടെ, വായു മലിനീകരണം എല്ലുകളുടെ ആരോഗ്യത്തിന് പ്രസക്തമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളിലേക്ക് പഠനഫലങ്ങള്‍ കൂടുതല്‍ സംഭാവന നല്‍കുന്നതായി ഐഎസ് ഗ്ലോബല്‍ ഗവേഷക കാത്റിന്‍ ടോണ്‍ പറയുന്നു.

Comments

comments

Categories: Health