കുക്കറിഷോകള്‍ കുട്ടികളുടെ ഭക്ഷണക്രമം മെച്ചപ്പെടുന്നു

കുക്കറിഷോകള്‍ കുട്ടികളുടെ ഭക്ഷണക്രമം മെച്ചപ്പെടുന്നു

പൊതുവെ ടെലിവിഷന്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള ടിവി പരിപാടികള്‍ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് കുട്ടികളെ സ്വാധീനിക്കുമെന്ന് പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു. ടിവിയിലെ ഫാസ്റ്റ്ഫുഡ് പരസ്യങ്ങള്‍ പലപ്പോഴും കുട്ടികളെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് തള്ളിവിടാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ ആരോഗ്യകരമായ ഭക്ഷണം തയാറാക്കുന്ന പാചക ഷോ കണ്ടപ്പോള്‍ അതിലേക്ക് ആകൃഷ്ടരായത് 2.7 മടങ്ങ് കൂടുതലാണെന്ന് ജേണല്‍ ഓഫ് ന്യൂട്രീഷന്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ബിഹേവിയര്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് കുട്ടികളുടെ ഭക്ഷണ സംബന്ധിയായ മുന്‍ഗണനകള്‍, മനോഭാവം, പെരുമാറ്റം എന്നിവയില്‍ ഗുണപരമായ മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നല്ല ഉപകരണമാണ് പാചക പരിപാടികളെന്നാണെന്ന് നെതര്‍ലാന്‍ഡിലെ ടില്‍ബര്‍ഗ് സര്‍വകലാശാലയിലെ ഫ്രാന്‍സ് ഫോക്ക്വോര്‍ഡ് പറഞ്ഞു. പഠനത്തിനായി, കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഡച്ച് പബ്ലിക് ടെലിവിഷന്‍ പാചക പരിപാടിയുടെ 10 മിനിറ്റ് കാണാന്‍ നെതര്‍ലാന്‍ഡിലെ അഞ്ച് സ്‌കൂളുകളില്‍ നിന്ന് 10 നും 12 നും ഇടയില്‍ പ്രായമുള്ള 125 കുട്ടികളോട് ഗവേഷകര്‍ ആവശ്യപ്പെട്ടു, തുടര്‍ന്ന് പങ്കെടുത്തതിന്റെ പ്രതിഫലമായി അവര്‍ക്ക് ലഘുഭക്ഷണം വാഗ്ദാനം ചെയ്തു. ആരോഗ്യകരമായ പ്രോഗ്രാം കണ്ട കുട്ടികള്‍ ഹാനികരമായ ഭക്ഷണങ്ങളേക്കാള്‍ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാണു തിരഞ്ഞെടുത്തത്. അവര്‍ ഒരു ആപ്പിള്‍ അല്ലെങ്കില്‍ കുറച്ച് വെള്ളരി കഷണങ്ങള്‍, ഒരു പിടി ചിപ്‌സ് എന്നിവയില്‍ ഭക്ഷണമൊതുക്കി. വിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കുട്ടികള്‍ കൂടുതലായി കഴിക്കുമെന്ന് മുന്‍ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും പായ്ക്കറ്റ് ഭക്ഷണങ്ങളെ അമിതമായി ആശ്രയിക്കുന്നതു മാതാപിതാക്കളെ അനുകരിച്ചാണെന്നും പഠനങ്ങള്‍ പറയുന്നു. സ്‌കൂളുകളില്‍ പോഷക വിദ്യാഭ്യാസം നല്‍കുന്നത് കുട്ടികളുടെ അറിവ്, മനോഭാവം, കഴിവുകള്‍, പെരുമാറ്റശീലങ്ങള്‍ എന്നിവയില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് ഫോക്ക്വോര്‍ഡ് പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണം തയാറാക്കുന്ന പ്രോഗ്രാമുകള്‍ കാണുന്നത് കുട്ടികളുടെ പെരുമാറ്റത്തെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

Categories: Health