കരീം ഇനി യുബറിന് സ്വന്തം; 3.1 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായി

കരീം ഇനി യുബറിന് സ്വന്തം; 3.1 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായി
  • ഇരുകമ്പനികളും സ്വതന്ത്ര ബ്രാന്‍ഡുകളായി തുടരും
  • കരീം സ്ഥാപകനും സിഇഒമായ മുദസ്സിര്‍ ഷേഖ തുടര്‍ന്നും കരീം ബിസിനസസിനെ നയിക്കും

ദുബായ്: ദുബായ് ആസ്ഥാനമായുള്ള ആപ്പ് അധിഷ്ഠിത ടാക്‌സി സേവന കമ്പനിയായ കരീം ഇനി യുബറിന് സ്വന്തം. 3.1 ബില്യണ്‍ ഡോളറിന് കരീമിനെ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി യുബര്‍ അറിയിച്ചു. യുബറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്വതന്ത്ര ബ്രാന്‍ഡായിട്ടായിരിക്കും ഇനി കരീമിന്റെ പ്രവര്‍ത്തനം. കരീം സ്ഥാപകനും സിഇഒമായ മുദസ്സിര്‍ ഷേഖ തന്നെയായിരിക്കും തുടര്‍ന്നും കരീം ബിസിനസിനെ മുന്നോട്ടുനയിക്കുകയെന്നും യുബര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

യുബറിന്റെ രണ്ട് പ്രതിനിധികളും കരീമിന്റെ രണ്ട് പ്രതിനിധികളും അംഗങ്ങളായ ബോര്‍ഡിന് മുന്നിലായിരിക്കും ഷേഖ ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യുക. കരീം യുബറിന്റെ ഭാഗമായെങ്കിലും പശ്ചിമേഷ്യയില്‍ കരീമും യുബറും അവരവരുടെ പ്രാദേശിക സേവനങ്ങള്‍ തുടരുമെന്നും സ്വതന്ത്ര ബ്രാന്‍ഡുകളായി നിലകൊള്ളുമെന്നും യുബര്‍ അറിയിച്ചു.

ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ വിപണികള്‍ ഉള്‍പ്പെടുന്ന പശ്ചിമേഷ്യയിലെ കരീമിന്റെ യാത്രാ, ഡെലിവറി, പേയ്‌മെന്റ് ബിസിനസുകളാണ് ഏറ്റെടുക്കലിലൂടെ യുബര്‍ സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം പാക്കിസ്ഥാന്‍, ഖത്തര്‍, മൊറോക്കൊ എന്നിവിടങ്ങളില്‍ ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നിയമപരമായ അനുമതികള്‍ ലഭിച്ചതിന് ശേഷമേ ഇവിടങ്ങളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുകയുള്ളുവെന്നും യുബര്‍ അറിയിച്ചു.

നിലവിലെ നേതൃത്വത്തിന് കീഴില്‍ സ്വതന്ത്രമായി തുടരുമെന്നതിനാല്‍ ഇനിയങ്ങോട്ടും കരീമില്‍ നിന്ന് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം പ്രതീക്ഷിക്കുന്നതായി യുബര്‍ സിഇഒ ദാരാ ഖൊസ്രോവ്ഷാഹി പറഞ്ഞു. സമാന്തര പ്രവര്‍ത്തനത്തിലൂടെ ഡ്രൈവര്‍മാരുടെയും റൈഡര്‍മാരുടെയും പശ്ചിമേഷ്യയില്‍ ഇരുകമ്പനികളും പ്രവര്‍ത്തിക്കുന്ന നഗരങ്ങളുടെയും നേട്ടങ്ങള്‍ക്കായി അന്യോന്യം താങ്ങാകാന്‍ ഇരുകമ്പനികള്‍ക്കും സാധിക്കുമെന്നും ഖൊസ്രോവ്ഷാഹി പ്രതീക്ഷ പ്രകടിപ്പിച്ചു. കരീമിനെ സംബന്ധിച്ച് ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണിതെന്ന് ഷേഖ പ്രതികരിച്ചു. ജനജീവിതം ലളിതമാക്കുന്നതിന് വേണ്ടി പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച യാത്രയ്ക്ക് യുബറിനൊപ്പം ചേരുമ്പോള്‍ വേഗത വര്‍ധിക്കുമെന്നും ഷേഖ പറഞ്ഞു.

ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ ആപ്ലിക്കേഷനുകളിലൂടെ തങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ വിപുലീകരിക്കാനും മികവുറ്റതാക്കാനും സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇരുകമ്പനികളും. ഡ്രൈവര്‍മാരെയും ക്യാപ്റ്റന്‍മാരെയും സംബന്ധിച്ചെടുത്തോളം ഏറ്റെടുക്കല്‍ ട്രിപ്പുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ ഒരുക്കുമെന്നും കമ്പനികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Arabia