അതിജീവനത്തിന്റെ ആര്‍ട്ടിക്

അതിജീവനത്തിന്റെ ആര്‍ട്ടിക്

ട്വിസ്റ്റുകളില്ല, സസ്പെന്‍സില്ല, ഞെട്ടിക്കുന്ന ക്ലൈമാക്‌സുമില്ല! ഉള്ളതോ മുല്ലപ്പൂ വിതറിയിരിക്കുന്നതുപോലെയുള്ള മഞ്ഞിന്‍ കണങ്ങള്‍! നോക്കത്താ ദൂരത്ത് പരന്നു കിടക്കുന്ന മഞ്ഞില്‍ പുതഞ്ഞ്, ഒന്നര മണിക്കൂറോളം ആ തണുത്ത കാറ്റ് നേരിട്ട് അനുഭവിച്ച്, തണുത്ത് വിറച്ചിരുന്നു പോകും നമ്മള്‍! ഇടതടവില്ലാതെ പെയ്യുന്ന മഞ്ഞു കണങ്ങള്‍ നമ്മളുടെ ദേഹത്തും വീഴുന്നതായി തോന്നും! ഈ സിനിമയില്‍ ആകെയുള്ളത് രണ്ടേ രണ്ടു കഥാപാത്രങ്ങള്‍ മാത്രം! നേര്‍ത്ത കാറ്റുപോലെ കടന്നു വരുന്ന പശ്ചാത്തല സംഗീതം! ഇതാണ് ആര്‍ട്ടിക്ക് എന്ന സിനിമ

ധ്രുവദേശത്ത് ഒറ്റപ്പെട്ടു പോകുന്ന രണ്ടുപേരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം സാധാരണ സര്‍വൈവല്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ അനുഭവം സമ്മാനിക്കുന്നു. ഹിമപാളികള്‍ പാറ പോലെ ഉറച്ചുപോയ ആര്‍ട്ടിക് ധ്രുവപ്രദേശം. സൂര്യപ്രകാശം വല്ലപ്പോഴും മാത്രം എത്തി നോക്കുന്ന, സസ്യജാലത്തിന്റെ ഒരു തളിരു പോലുമില്ലാത്ത മഞ്ഞിന്‍ പ്രദേശം! ആര്‍ട്ടിക് സര്‍ക്കിളില്‍ പ്ലെയിന്‍ അപകടത്തില്‍ പെട്ട് മഞ്ഞുമലയില്‍ അകപ്പെട്ട പൈലറ്റ് ആണ് ഈ കഥയിലെ നായകന്‍. രക്ഷപ്പെടാന്‍ ഒരു വഴിയും കാണാതെ തകര്‍ന്നു കിടക്കുന്ന വിമാനത്തില്‍ അയാള്‍ തന്റെ ജീവിതം ആരംഭിക്കുന്നു. എന്നും തന്റെ റേഡിയോ വഴി സഹായം അഭ്യര്‍ഥിക്കാനുള്ള ശ്രമത്തിലാണ് അയാള്‍. എപ്പോഴെങ്കിലും തന്റെ രക്ഷകര്‍ തന്നെ തേടിവരും എന്ന പ്രതീക്ഷയാല്‍ അയാള്‍ അങ്ങനെ ജീവിതം തള്ളി നീക്കുകയാണ്. ഹിമപാളികള്‍ക്കു അടിയില്‍ തണുത്ത ജലാശയത്തില്‍ അയാള്‍ ചൂണ്ടയിട്ടു വെച്ചിരിക്കുകയാണ്. ചൂണ്ടയില്‍ മീന്‍ കുരുങ്ങുന്ന സമയത്ത് തകരപ്പാട്ട ശബ്ദമുണ്ടാക്കും. അങ്ങനെ കിട്ടുന്ന മീന്‍ എടുത്തുകൊണ്ടു വന്നു വിമാനത്തിനുള്ളിലെ ചെറിയ സ്റ്റവില്‍ വെച്ചു പാചകം ചെയ്തു കഴിക്കും. ഇതല്ലാതെ അയാള്‍ക്ക് വിശപ്പടക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല.

അങ്ങനെ ഒരു ദിവസം ഒരു ഹെലികോപ്റ്റര്‍ വിദൂരതയില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. ഇത്രയും നാള്‍ താന്‍ ആര്‍ക്കുവേണ്ടി കാത്തിരുന്നോ അവര്‍ ഇതാ തന്റെ അരികില്‍ എത്തിക്കഴിഞ്ഞു എന്ന് അയാള്‍ക്ക് മനസിലായി! ആവുന്നത്ര ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അയാള്‍ തന്റെ സാന്നിധ്യം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. രക്ഷിക്കാനെന്നവണ്ണം ആ ഹെലികോപ്റ്റര്‍ അയാളെ ലക്ഷ്യമാക്കി വരുന്നു. നഷ്ട്ടപെട്ടു പോയ ജീവിതം തിരിച്ചുപിടിച്ചു എന്ന അയാളുടെ ആഹ്ലാദത്തിനു സെക്കന്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ശക്തിയായി വീശിയടിച്ച ഹിമക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട ആ ഹെലികോപ്റ്റര്‍ അയാളുടെ കണ്മുന്നില്‍ തന്നെ നിലം പതിക്കുന്നു. പരിഭ്രാന്തനും, നിരാശനുമായ അയാള്‍ അതിന് സമീപത്തേയ്ക്ക് ഓടിയെത്തുന്നു. പൈലറ്റ് മരിച്ചിരിക്കുന്നു എന്ന് അയാള്‍ക്ക് മനസിലായി! എന്നാല്‍ ജീവന്റെ ചെറിയ ഒരു മിടിപ്പ് മാത്രമുള്ള മറ്റൊരാള്‍ അതിനകത്തുണ്ടെന്നു അയാള്‍ക്ക് മനസിലാകുന്നു. അതാവട്ടെ ഒരു യുവതിയും!

അയാള്‍ ആ യുവതിയെയും എടുത്തുകൊണ്ടു തന്റെ താമസസ്ഥലത്തെത്തുന്നു. യുവതിയുടെ മുറിവുകള്‍ വെച്ചുകെട്ടി പരിചരിക്കുന്നു. സ്റ്റവ് കത്തിച്ചു മുറിവേറ്റ ആ യുവതിക്ക് ചൂട് നല്‍കുന്നു. അങ്ങനെ ആ യുവതിയെയും പരിചരിച്ചുകൊണ്ട് അയാള്‍ കുറെ ദിവസം തള്ളി നീക്കുന്നു. എപ്പോഴെങ്കിലും എത്തിച്ചേരാവുന്ന ആ രക്ഷകര്‍ക്ക് വേണ്ടി ഇനിയും അവിടെ കാത്തു നിന്നിട്ട് കാര്യമില്ല എന്ന് അയാള്‍ക്ക് മനസിലാകുന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഒരു കിടക്കയുണ്ടാക്കി മൃതപ്രായയായ ആ യുവതിയെയും അതില്‍ വലിച്ചുകൊണ്ടു അയാള്‍ തന്റെ മടക്കയാത്ര ആരംഭിക്കുകയാണ്. ഒരുപാട് പ്രതിബന്ധങ്ങളാണ് മുന്നില്‍. ഹിമക്കരടികളുടെ ആക്രമണം ഉണ്ടാകാം, ശക്തിയേറിയ ഹിമക്കാറ്റ് വീശാം, എത്രയും വേഗം ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആ യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാം. ഈ പ്രതിസന്ധികള്‍ക്കിടയില്‍ അയാള്‍ക്കും ആ യുവതിക്കും ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിക്കുമോ? അതോ യുവതിയെ പാതിവഴിയില്‍ ഉപേക്ഷിച്ച് അയാള്‍ക്ക് തനിയെ മടങ്ങേണ്ടി വരുമോ?

വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടമാണ് ഈ സിനിമ. ഒരുവശത്ത് കൊടും തണുപ്പും മഞ്ഞു വീഴ്ചയുമായി പ്രകൃതിയും പ്രതികൂല സാഹചര്യത്തില്‍ പ്രകൃതിക്കു മുന്‍പില്‍ തോറ്റു കൊടുക്കാതെ സധൈര്യം പോരാടുന്ന ആ മനുഷ്യനും!

നിങ്ങള്‍ പരീക്ഷണ സിനിമകളോട് താല്‍പ്പര്യമുള്ളയാളാണോ? എങ്കില്‍ നിങ്ങളെ നൂറുശതമാനം തൃപ്തിപ്പെടുത്തും സംഭാഷണം തീരെയില്ലാത്ത ഈ സിനിമ. മാഡ്‌സ് മിക്കിള്‍സന്‍ എന്ന അഭിനേതാവിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഈ സിനിമയെന്ന് നിസംശയം പറയാം. ട്വിസ്റ്റും സസ്‌പെന്‍സും ഇല്ലാതെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ നമ്മെ പിടിച്ചിരുത്തുന്ന ഈ സിനിമ 2018 ലെ കാന്‍ ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

ആര്‍ട്ടിക് (ARCTIC)

Year 2018
Genre Survival Drama
Directed by Joe Penna
Starring Mads Mikkelsen
Country Iceland, United States
Running Time 97 minutes
Language English, Danish, Icelandic

Categories: FK Special, Slider