മിസ്ത്രിക്കെതിരെ ടാറ്റ സുപ്രീം കോടതിയില്‍

മിസ്ത്രിക്കെതിരെ ടാറ്റ സുപ്രീം കോടതിയില്‍
  • സൈറസ് മിസ്ത്രിയുടെ പ്രവര്‍ത്തനം കമ്പനി താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമായെന്ന് ടാറ്റ
  • ചന്ദ്രശേഖരനെ നീക്കാനുള്ള എന്‍സിഎല്‍എറ്റി തീരുമാനം മിസ്ത്രി ആവശ്യപ്പെടാതെ
  • ടിസിഎസ് ബോര്‍ഡ് യോഗം 9 ന് ചേരാനിരിക്കെ 6 ന് കോടതി അപ്പീല്‍ പരിഗണിക്കും

ന്യൂഡെല്‍ഹി: ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ പുനസ്ഥാപിക്കാനുള്ള നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെ (എന്‍സിഎല്‍എറ്റി) ഉത്തരവിനെതിരെ ടാറ്റ ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിച്ചു. എക്‌സിക്യൂട്ടീവ് ചെയര്‍മാനായും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ടാറ്റ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ ടെലിസര്‍വീസസ് എന്നീ കമ്പനികളുടെ ഡയറക്റ്ററുമായി മിസ്ത്രിയെ വീണ്ടും നിയമിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നാണ് ആവശ്യം. കോടതി ശീതകാല അവധി കഴിഞ്ഞ് തുറക്കുന്ന ആറാം തിയതി കമ്പനിയുടെ ഹര്‍ജി പരിഗണിക്കും. 9 ന് നടക്കുന്ന ടിസിഎസ് ബോര്‍ഡ് മീറ്റിംഗിന് മുന്നോടിയായാണ് കമ്പനി അടിയന്തര ആശ്വാസം തേടുന്നത്.

മിസ്ത്രിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുന്നയിച്ചും എന്‍സിഎല്‍എറ്റി ട്രിബ്യൂണലിനെ നിശിതമായി വിമര്‍ശിച്ചുമുള്ളതാണ് ടാറ്റയുടെ ഹര്‍ജി. ടാറ്റ സണ്‍സിന്റെ ഡയറക്റ്ററെന്ന നിലയില്‍ മിസ്ത്രി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ സംയോജനത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതും കമ്പനി താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാവുന്നതുമായിരുന്നെന്ന് ടാറ്റ കുറ്റപ്പെടുത്തുന്നു. ടാറ്റ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്ത ശേഷം മിസ്ത്രി നടത്തിയ നീക്കങ്ങളും കമ്പനിയെ ദോഷകരമായി ബാധിച്ചു. ടാറ്റ സണ്‍സിന്റെ ഡയറക്റ്റര്‍മാര്‍ക്ക് അയച്ച അതീവ രഹസ്യ ഇ-മെയ്ല്‍ മിസ്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ബോര്‍ഡ് യോഗത്തിന്റെ രഹസ്യ മിനിറ്റ്‌സ് പരസ്യമാക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ബോര്‍ഡ് അംഗങ്ങളള്‍ക്കെതിരെ വ്യാജ ദുരാരോപണങ്ങളുന്നയിക്കുന്നതായിരുന്നു ഈ കത്ത്. ടാറ്റയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവരങ്ങളെല്ലാം ആദായ നികുതി വകുപ്പിന് മിസ്ത്രി കൈമാറിയെന്നും ടാറ്റ സണ്‍സ് പറയുന്നു. ഇത്തരം നിരുത്തരവാദപരമായ നടപടികളുടെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ തയാറായതെന്ന് ടാറ്റ വ്യക്തമാക്കുന്നു.

നിലവിലെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായ എന്‍ ചന്ദ്രശേഖരനെ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിച്ചതിനെ മിസ്ത്രി ചോദ്യം ചെയ്യാഞ്ഞിട്ടും എന്‍സിഎല്‍എറ്റി കടുത്ത തീരുമാനമെടുക്കുകയായിരുന്നെന്ന് ടാറ്റ കുറ്റപ്പെടുത്തി. ബോര്‍ഡ് യോഗത്തിലും വാര്‍ഷിക യോഗത്തിലും വോട്ടവകാശം വിനിയോഗിക്കാന്‍ ബോര്‍ഡ് അംഗങ്ങളും ഓഹരി ഉടമകളും കാരണമൊന്നും ബോധിപ്പിക്കേണ്ടെന്ന വസ്തുതയ്‌ക്കെതിരായാണ് എന്‍സിഎല്‍എറ്റി വിധി വന്നിരിക്കുന്നത്. മിസ്ത്രിയെ നീക്കം ചെയ്തതിന് ഇതനുസരിച്ച് കാര്യകാരണങ്ങളൊന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും ടാറ്റ സണ്‍സ് അപ്പീലില്‍ ബോധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മിസ്ത്രിയുടെ പുനര്‍നിയമനം ആശ്ചര്യപ്പെടുത്തുന്നതാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 18 നാണ് എന്‍സിഎല്‍എറ്റി മിസ്ത്രിയെ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി നിയമിക്കാനും എന്‍ ചന്ദ്രശേഖരനെ സ്ഥാനത്ത് നിന്ന് മാറ്റാനും ഉത്തരവിട്ടത്. ചന്ദ്ര ശേഖരനെ നിയമിച്ച നടപടി നിയമാനുസൃതമല്ലെന്ന് എന്‍സിഎല്‍എറ്റി കണ്ടെത്തുകയും ചെയ്തിരുന്നു. 2016 ഒക്ടോബറിലാണ് ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മിസ്ത്രിയെ നീക്കം ചെയ്തിരുന്നത്.

തിരുത്താന്‍ എന്‍സിഎല്‍എറ്റി

ടാറ്റ-മിസ്ത്രി കേസില്‍ മുംബൈയിലെ കമ്പനി രജിസ്ട്രാറിനെതിരെ (ആര്‍ഒസി) നടത്തിയ എതിര്‍ പരാമര്‍ശങ്ങള്‍ നീക്കാന്‍ തയാറാണെന്ന് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ വ്യക്തമാക്കി. ടാറ്റയെ പബ്ലിക് കമ്പനിയില്‍ നിന്ന് പ്രൈവറ്റാക്കി പരിവര്‍ത്തനം ചെയ്ത നടപടി നിയമ വരുദ്ധമാണെന്ന വിധിയിലാണ് ആര്‍ഒസിക്കെതിരെ രൂക്ഷമായ വിമര്‍ശനം ട്രിബ്യൂണല്‍ നടത്തിയിരുന്നത്. ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ആര്‍ഒസി ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. കേസില്‍ ഇന്ന് വാദം കേള്‍ക്കാനിരിക്കെ പ്രൈവറ്റ് കമ്പനിയുടെ മാനദണ്ഡങ്ങള്‍ അറിയിക്കാന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ‘നിയമ വിരുദ്ധം’, ‘ആര്‍ഒസിയുടെ സഹായത്തോടെ’ തുടങ്ങിയ പരാമര്‍ശങ്ങളാണ് കമ്പനി രജിസ്ട്രാര്‍ ഓഫീസിന് ക്ഷീണമായിരുന്നത്. വിധിയില്‍ വസ്തുതാപരവും നിയമപരവുമായ പിഴവുകളുണ്ടെന്ന് ആര്‍ഒസി പറയുന്നു.

Categories: FK News, Slider