ഇന്ത്യക്കാര്‍ക്ക് സുരക്ഷാ ആശങ്കകളില്ല

ഇന്ത്യക്കാര്‍ക്ക് സുരക്ഷാ ആശങ്കകളില്ല

ഭൂരിപക്ഷം ജനങ്ങളെയും അലട്ടുന്ന വിഷയങ്ങള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയുമെന്ന് ഐഎഎന്‍എസ്-സി വോട്ടര്‍ അഭിപ്രായ സര്‍വേ

ഇത് സര്‍ക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്, കാരണം ജനങ്ങള്‍ അവസാനമായി വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പോലുള്ള വിഷയങ്ങളെച്ചൊല്ലി അസ്വസ്ഥരായിരുന്നത് 2013 ലാണ്

-യശ്വന്ത് ദേശ്മുഖ്, സി-വോട്ടര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക്് ഏറ്റവുമധികം ആകുലത വിലക്കയറ്റത്തേക്കുറിച്ചും, തൊഴിലില്ലായ്മയെ കുറിച്ചുമാണെന്ന് ഐഎഎന്‍എസ്-സിവോട്ടര്‍ സര്‍വേ. പുതിയ വര്‍ഷത്തെക്കുറിച്ച് സമൂഹത്തിന്റെ പ്രതീക്ഷയും ആകുലതകളും ആരാഞ്ഞ് സംഘടിപ്പിച്ച സ്റ്റേറ്റ് ഓഫ് നേഷന്‍ പോള്‍ 2020 ലാണ് ജനങ്ങള്‍ ഈ വിധത്തില്‍ പ്രതികരിച്ചത്. ഡിസംബര്‍ 31 ന് 23 സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വേയില്‍ 1,600 പേര്‍ പങ്കെടുത്തു.

രാജ്യത്തെ ആഭ്യന്തര സുരക്ഷ വരുന്ന വര്‍ഷം മെച്ചപ്പെടുമെന്നാണ് 78.4% ആളുകള്‍ അഭിപ്രായപ്പെട്ടത്. സദ്ഭരണം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ അഴിമതി, 2020 ല്‍ കുറയുമെന്ന് 48.4% ആളുകള്‍ പ്രതീക്ഷ പ്രകടിപ്പിച്ചപ്പോള്‍ അഴിമതിയെ ചെറുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണില്ലെന്ന് 30.5% പ്രതികരിച്ചു. സ്ത്രീ സുരക്ഷ പുതിയ വര്‍ഷത്തില്‍ മെച്ചപ്പെടുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത് 68.3% പേരാണ്. 2019 നെ അപേക്ഷിച്ച് വ്യക്തിപരമായ സ്ഥിതിയും രാജ്യത്തിന്റെ സ്ഥിതിയും മെച്ചപ്പെടുമെന്ന് ഭരിഭാഗം പേരും അഭിപ്രായപ്പെട്ടു. വിലക്കയറ്റം, സ്ത്രീ സുരക്ഷ, മതമൈത്രി, തൊഴിലവസരങ്ങള്‍, അഴിമതി എന്നിവയുള്‍പ്പടെയുളള മേഖലകളെ സംബന്ധിച്ച 12 ചോദ്യങ്ങള്‍ക്കാണ് സര്‍വേ ഉത്തരം തേടിയത്.

Categories: FK News, Slider