സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതില്‍ കുടുംബവും സുഹൃത്തുക്കളും മുന്നില്‍

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതില്‍ കുടുംബവും സുഹൃത്തുക്കളും മുന്നില്‍

കടുത്ത വിപണി സാഹചര്യങ്ങളും ഫണ്ടിംഗ് അന്തരീക്ഷവും കാരണം 10 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് സര്‍വേയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായത്തിന്റെ പ്രാഥമിക ഉറവിടമായി കണ്ടെത്തിയത് ‘കുടുംബങ്ങളും സുഹൃത്തുക്കളും’ എന്ന വിഭാഗത്തെയാണ്. 2018 നവംബറിനും 2019 ഏപ്രിലിനുമിടയില്‍ കേന്ദ്ര ബാങ്ക് നടത്തിയ സര്‍വേയില്‍ 1246 സ്റ്റാര്‍ട്ടപ്പുകളാണ് പങ്കൈടുത്തത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ‘വിശാലമായ ചിത്രം’ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വേ സംഘടിപ്പിച്ചത്.

സര്‍വേയില്‍ പ്രതികരിച്ച 43 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപകരുടെ കുടുംബങ്ങളും സുഹൃത്തുക്കളുമാണ് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്നതെന്ന് അഭിപ്രായപ്പെട്ടു. 13 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഫണ്ടിംഗ് ആവശ്യകതകള്‍ക്ക് പ്രധാനമായും അന്താരാഷ്ട്ര നിക്ഷേപകരെയാണ് ആശ്രയിക്കുന്നതെന്ന് പറഞ്ഞു. സര്‍വെയില്‍ ലഭ്യമായ വിവരങ്ങളും കണക്കുകളും ഏതു തരത്തിലാണ് പ്രയോജനപ്പെടുത്തേണ്ടത് എന്നതില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളില്‍ നിന്ന് ആര്‍ബിഐ അഭിപ്രായം സമാഹരിക്കുകയാണ്. ഭാവിയില്‍ ഇത്തരം നടപടികള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള നിര്‍ദേശങ്ങളും റിസര്‍വ് ബാങ്ക് തേടിയിട്ടുണ്ട്.
സര്‍വെയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് സ്റ്റാര്‍ട്ടപ്പുകളും കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ദില്ലി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളതായിരുന്നു. കൃഷി, ഡാറ്റ, അനലിറ്റിക്‌സ്, വിദ്യാഭ്യാസം, ആരോഗ്യം, ഐടി കണ്‍സള്‍ട്ടിംഗ് / സൊല്യൂഷന്‍, മാനുഫാക്ചറിംഗ് എന്നീ ആറ് മേഖലകളില്‍ നിന്നായിരുന്നു 50 ശതമാനം സ്റ്റാര്‍ട്ടപ്പുകളും.

സര്‍വേയുടെ ഭാഗമായ 70 ശതമാനം സ്റ്റാര്‍ട്ടപ്പുകളും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലാണ് സ്ഥാപിച്ചത്. 86 ശതമാനത്തിലധികം സ്റ്റാര്‍ട്ടപ്പുകളും പൂര്‍ണമായും സ്വകാര്യ സ്ഥാപനങ്ങളാണ്. 60 ശതമാനം സ്റ്റാര്‍ട്ടപ്പുകളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ലക്ഷ്യമിടുന്നു. 30 ശതമാനം പേര്‍ വലിയ കമ്പനികളില്‍ നിന്നുള്ള ആകര്‍ഷകമായ ഏറ്റെടുക്കല്‍ ഇടപാടുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കടുത്ത വിപണി സാഹചര്യങ്ങളും ഫണ്ടിംഗ് അന്തരീക്ഷവും കാരണം 10 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ബിസിനസ്സുകളില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പുതിയ വിപണികളിലേക്കുള്ള പ്രവേശനം, സാമ്പത്തികം, വിദഗ്ധ തൊഴിലാളികള്‍ / സാങ്കേതികവിദ്യ / പ്രതിഭകള്‍/ വിതരണ സംവിധാനം എന്നിവയുടെ അഭാവം തുടങ്ങിയവയാണ് സര്‍വെയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പ്രധാന വെല്ലുവിളികള്‍. സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി പദ്ധതികളില്‍ ബിസിനസ് വിപുലീകരണത്തെ സഹായിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, ഓഹരിവിപണിയിലെ ലിസ്റ്റ് ചെയ്യല്‍, ഏറ്റെടുക്കല്‍ ഇടപാടുകള്‍ക്കായുള്ള ശ്രമം എന്നിവയാണ് മുന്നിലുള്ളത്.

Comments

comments

Categories: Business & Economy