ഡിഎസ്എഫ് ഡിസ്‌കൗണ്ട്: റീട്ടെയ്ല്‍ നിരീക്ഷണം ശക്തമാക്കും

ഡിഎസ്എഫ് ഡിസ്‌കൗണ്ട്: റീട്ടെയ്ല്‍ നിരീക്ഷണം ശക്തമാക്കും

 ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും

ദുബായ്: കഴിഞ്ഞ മാസം തുടക്കമിട്ട 25ാമത് എഡിഷന്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ (ഡിഎസ്എഫ്) നിരീക്ഷണം ശക്തമാക്കാന്‍ നീക്കം. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഓഫറുകളുടെ നിജസ്ഥിതി പരിശോധിച്ചറിയുന്നതിന്റെ ഭാഗമായാണ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലെ നിരീക്ഷണം ദുബായിലെ കൊമേഴ്‌സ്യല്‍ കംപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (സിസിസിപി) മേഖല ശക്തമാക്കുന്നത്.

പുതുവര്‍ഷം പ്രമാണിച്ചും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചും പ്രഖ്യാപിക്കപ്പെട്ട പ്രൊമോഷണല്‍ ഓഫറുകളും നിരക്കിളവുകളും ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ വ്യാജമാണോയെന്ന് അറിയുന്നന്നതിന്റെ ഭാഗമായിട്ടാണ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നതെന്ന് സിസിസിപി വ്യക്തമാക്കി. കഴിഞ്ഞ മാസം 26 ന് തുടങ്ങിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവര്‍ അടുത്ത മാസം 1 ന് അവസാനിക്കും. ഏകദേശം നാലായിരത്തോളം ഔട്ട്‌ലെറ്റുകളാണ് പ്രൊമോഷണല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസ്‌കൗണ്ടുകളിലെ സുതാര്യത മനസിലാക്കുന്നതിനായി സിസിസിപി സംഘം വിപണി പ്രവര്‍ത്തനങ്ങളും വാണിജ്യ സ്ഥാപനങ്ങളും നിരീക്ഷണ വിധേയമാക്കും.

ദുബായിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് റീട്ടെയിലിംഗെന്നും അവ നല്‍കുന്ന ഇളവുകളുടെ ഗുണമേന്‍മയും ആധികാരികതയും മനസിലാക്കി ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും സിസിസിപി സിഇഒ മൊഹമ്മദ് അല്‍ റഷീദ് ലൂത്ത വ്യക്തമാക്കി. നിരീക്ഷണത്തിനായി പരമ്പരാഗത, ഓണ്‍ലൈന്‍ ചാനലുകള്‍ ഉപയോഗിച്ച് റീട്ടെയ്‌ലര്‍മാര്‍ യുഎഇ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായ് തുറന്ന സമ്പദ്‌വ്യവസ്ഥ ആയതിനാല്‍ റീട്ടെയ്‌ലര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പരസ്പരം മത്സരിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ഉപഭോക്താക്കാന്‍ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Arabia