ശ്രദ്ധ വേണ്ടത് സാമ്പത്തികത്തില്‍; ബാക്കിയെല്ലാം ഇപ്പോള്‍ അപ്രധാനം

ശ്രദ്ധ വേണ്ടത് സാമ്പത്തികത്തില്‍; ബാക്കിയെല്ലാം ഇപ്പോള്‍ അപ്രധാനം

പുതുവര്‍ഷത്തിലേക്കും പുതു ദശകത്തിലേക്കും കാലെടുത്തുവെക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രഥമ മുന്‍ഗണന സാമ്പത്തികരംഗത്തെ നഷ്ടപ്രതീക്ഷകള്‍ വീണ്ടെടുക്കുക എന്നതിന് മാത്രമായിരിക്കണം. ബാക്കി വിഷയങ്ങളത്രയും ഇപ്പോള്‍ ജനതയ്ക്ക് അപ്രധാനമാണ്

ഉജ്ജ്വലങ്ങളായ സാമ്പത്തിക പ്രകടനങ്ങളുടെ മികവില്‍ നിക്ഷേപകരുടെ പറുദീസയായി ഇന്ത്യക്ക് മാറാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിന്നിരുന്നു, നാല് വര്‍ഷം മുമ്പ്. അത്തരമൊരു സുവര്‍ണ യുഗമാണ് നരേന്ദ്ര മോദിക്ക് കീഴില്‍ രാജ്യത്തുണ്ടാകുന്നതെന്ന സൂചകങ്ങളായിരുന്നു വിവിധയിടങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. മോദിയുടെ തുടക്കവര്‍ഷങ്ങളില്‍, ലോകം കിതയ്ക്കുമ്പോഴും ഭാരത സമ്പദ് വ്യവസ്ഥ അത്യുന്നതങ്ങളിലെത്തുമെന്ന് സര്‍ക്കാരും നിരീക്ഷകരും റേറ്റിംഗ് ഏജന്‍സികളുമെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു. മേഘാവൃതമായ അന്തരീക്ഷത്തില്‍ പ്രതീക്ഷയുടെ ശുഭകിരണം പുലര്‍ത്തുന്ന നക്ഷത്രമായി ഇന്ത്യ തിളങ്ങി നില്‍ക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കും ഉള്‍പ്പടെയുള്ള രാജ്യാന്തര സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങള്‍ പ്രവചിച്ചു.

അമേരിക്കയെയും ചൈനയെയും വെല്ലുവിളിച്ചുള്ള ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പിന് പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്ന പരിഷ്‌കരണങ്ങളുടെ തിരക്കഥയായിരുന്നു 2014ന് ശേഷം ഒരുങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍ ഘടനാപരവും ചാക്രികവുമായ പ്രശ്‌നങ്ങളുടെ ഫലമായി സമ്പദ് വ്യവസ്ഥ ദുര്‍ഘടമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വേളയിലാണ് നാം പുതുദശകത്തിലേക്ക് കടക്കുന്നത്. നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയും പോലുളള ഘടനാപരമായ പരിഷ്‌കരണങ്ങളുടെ സ്വാഭാവിക ആഘാതമെന്നോണം താല്‍ക്കാലികമായ പ്രശ്‌നങ്ങളായിരുന്നു രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ ആഘാതസമയം കഴിഞ്ഞിട്ടും പ്രശ്‌നങ്ങള്‍ തുടരുന്നു. ആഗോള തലത്തിലെ വ്യാപാര പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ അതിന് കാരണമായിട്ടുണ്ടെങ്കിലും ഭരണത്തലപ്പത്തിരിക്കുന്നവര്‍ക്ക് ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന ാകില്ലെന്നതാണ് വാസ്തവം. വിവിധ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ശ്രദ്ധ ഇപ്പോള്‍ സമ്പദ് വ്യവസ്ഥയിലല്ലെന്ന വാദമാണ് അതിന് ബലം പകരുന്നത്.

ഓട്ടോമൊബീല്‍ മുതല്‍ ബാങ്കിംഗ് വരെയുള്ള, തൊഴില്‍ സൃഷ്ടിയുടെ കാതലായ മിക്ക മേഖലകളും കുതിപ്പിന്റെ കഥകള്‍ മറന്ന് കിതപ്പിന്റെ, പരാജിതരുടെ പരിദേവനങ്ങള്‍ പറയാന്‍ തുടങ്ങി

രണ്ടാം പാദത്തിലെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) 4.5 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. തുടര്‍ച്ചയായി ആറാം പാദത്തിലും ഇടിവ് തന്നെ രേഖപ്പെടുത്തിയെന്ന ദുഷ്‌പ്പേര് മാത്രം ബാക്കി. 2020 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ പ്രവചിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് 5.1 ശതമാനം മാത്രമാണ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ അവര്‍ പ്രവചിച്ച 7.4 ശതമാനത്തില്‍ നിന്നാണ് ഈ തിരിച്ചിറക്കം. ഇതിന് പുറമെ മൂലധന നിക്ഷേപത്തിലും രേഖപ്പെടുത്തിയത് വലിയ ഇടിവ് തന്നെയായിരുന്നു. ഒപ്പം ഭാരത സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് ഖ്യാതി നേടിയ ഉപഭോഗവും തളര്‍ന്നു. സ്വകാര്യ നിക്ഷേപത്തിന്റെ കാര്യവും തഥൈവ. ഓട്ടോമൊബീല്‍ മുതല്‍ ബാങ്കിംഗ് വരെയുള്ള, തൊഴില്‍ സൃഷ്ടിയുടെ കാതലായ മിക്ക മേഖലകളും കുതിപ്പിന്റെ കഥകള്‍ മറന്ന് കിതപ്പിന്റെ, പരാജിതരുടെ പരിദേവനങ്ങള്‍ പറയാന്‍ തുടങ്ങി.

വ്യാവസായിക ഉല്‍പ്പാദന സൂചിക കഴിഞ്ഞ മൂന്ന് മാസമായി നെഗറ്റീവ് ചിഹ്നങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണ ഉപഭോഗവളര്‍ച്ചയുടെ പ്രധാന അടയാളമായ ഇരുചക്ര വാഹന വില്‍പ്പനയില്‍ സംഭവിച്ചതും കനത്ത ഇടിവായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് വലിച്ചിഴച്ചുകൊണ്ടുവരുന്ന പലവിധ അലങ്കാരപ്രയോഗങ്ങള്‍ ഇപ്പോഴും ഭരണനേതാക്കള്‍ തകൃതിയായി നടത്തുന്നുണ്ട്. അത്തരം വാചകകസര്‍ത്തുകള്‍ കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ജനങ്ങളുടെ ജീവിതനിലവാരവും വിപണിയിലെ പണമൊഴുക്കും സാമൂഹ്യ ഉന്നമനവും മാത്രമാകും ആത്യന്തികമായി ഭരണത്തെ വിലയിരുത്തുമ്പോള്‍ ജനത പരിശോധിക്കുക. അതിനാല്‍ സര്‍ക്കാരിന്റെ പൂര്‍ണ ശ്രദ്ധ സാമ്പത്തിക ഉയിര്‍ത്തെഴുനേല്‍പ്പിലേക്ക് തന്നെ മാറണം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതല്ലാത്ത ബാക്കിയുള്ള കാര്യങ്ങളത്രയും തന്നെ നിലവിലെ അവസ്ഥയില്‍ മുന്‍ഗണന അര്‍ഹിക്കുന്നതല്ല.

കോര്‍പ്പറേറ്റ് നികുതി കുറച്ചും അടിസ്ഥാനസൗകര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുമെല്ലാമുള്ള നിരവധി തിരുത്തല്‍ പദ്ധതികള്‍ക്ക് കേന്ദ്രം തുടക്കമിട്ടുണ്ട്. ഉപഭോഗം കൂട്ടാന്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചിട്ടെന്ത് കാര്യമെന്ന ചോദ്യത്തെ തല്‍ക്കാലം മാറ്റി നിര്‍ത്താം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 102 ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന നിക്ഷേപ പദ്ധതി നിക്ഷേപകര്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും ഊര്‍ജദായകമാണെന്നതില്‍ തര്‍ക്കമില്ല. ജിഎസ്ടി നിരക്കിലും കാര്യമായ കുറവ് വരുത്തേണ്ടതുണ്ട് സര്‍ക്കാര്‍. എങ്കിലേ ഗ്രാമീണ ഉപഭോഗത്തില്‍ ഉണര്‍വുണ്ടാകൂ. ആഗോള തലത്തിലെ വ്യാപാര യുദ്ധങ്ങള്‍ അവസാനിക്കുന്നുവെന്ന പ്രതീതിയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ഏത് പ്രതിസന്ധി ഘട്ടത്തിലും മികവിന്റെ, ഉയര്‍ച്ചയുടെ, അതിജീവനത്തിന്റെ സ്വന്തം രൂപം കാണിക്കാന്‍ പ്രാപ്തമാകുന്ന തലത്തിലേക്ക് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താനുള്ള ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവുമാണ് ഈ പുതുവര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ പ്രകടമാക്കേണ്ടത്.

Comments

comments

Categories: Editorial, Slider, Top Stories