ഇന്റര്‍നെറ്റ് നിയമങ്ങള്‍ മാറ്റിയെഴുതുന്ന കാലിഫോര്‍ണിയ

ഇന്റര്‍നെറ്റ് നിയമങ്ങള്‍ മാറ്റിയെഴുതുന്ന കാലിഫോര്‍ണിയ

പുരോഗമന ചിന്താഗതിയുള്ളവരാണു കാലിഫോര്‍ണിയയിലെ സാമാജികര്‍. പ്ലാസ്റ്റിക് ബാഗ് നിരോധനം മുതല്‍ മൃഗക്ഷേമ നിമയങ്ങള്‍ വരെയായി നിരവധി പുരോഗമന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ സമീപകാലത്തു കാലിഫോര്‍ണിയ പാസാക്കുകയുണ്ടായി. ഇപ്പോള്‍ ഡിജിറ്റല്‍ സ്വകാര്യത സംബന്ധിച്ച നിയമമാണ് അവര്‍ പാസാക്കി നടപ്പിലാക്കാന്‍ പോകുന്നത്. 2020 പുതുവര്‍ഷത്തില്‍ അവിടെ ഡിജിറ്റല്‍ സ്വകാര്യത ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കുകയാണ്. പതിറ്റാണ്ടുകളായി നമ്മളുടെ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഓരോ ദിവസത്തിലെയും ഓരോ സെക്കന്‍ഡുകളിലെയും ഓണ്‍ലൈനിലെ ശീലങ്ങളും ഐഡന്റിറ്റികളും ട്രാക്ക് ചെയ്യാനുള്ള സംവിധാനം ടെക് കമ്പനികള്‍ നിലനിര്‍ത്തിയിരുന്നു. അതിലൂടെ ശേഖരിക്കുന്ന ഡാറ്റ മാര്‍ക്കറ്റിംഗിനായി വിവിധ കമ്പനികള്‍ക്കു വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലിഫോര്‍ണിയയില്‍ പുതിയ നിയമം നടപ്പിലാകുന്നതോടെ മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം അവസാനിക്കുമെന്നാണ് പ്രതീക്ഷ.

കാലിഫോര്‍ണിയയിലെ പുതിയ ഡിജിറ്റല്‍ സ്വകാര്യതാ നിയമം (California Consumer Privacy Act) ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. യുഎസില്‍ ഇന്നു വരെയുള്ളതില്‍ വച്ച് ഏറ്റവും കര്‍ശനമായ ഡിജിറ്റല്‍ സ്വകാര്യതാ നിയമമാണിത്. പ്രായപൂര്‍ത്തിയായവര്‍ക്ക്, അവരുടെ ഡാറ്റ ഫേസ്ബുക്ക് പോലുള്ള ടെക് കമ്പനികള്‍ ശേഖരിക്കുമ്പോള്‍ അത്തരം നടപടിക്രമങ്ങള്‍ക്കു പുറത്തു ചില അവകാശങ്ങള്‍ മുന്‍പു സൂചിപ്പിച്ച പ്രായപൂര്‍ത്തിയായവര്‍ക്കു നല്‍കുന്ന യുഎസിലെ ആദ്യ നിയമവുമാണിത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ ബുധനാഴ്ച മുതല്‍ (1-1-20) പത്തില്‍ ഒരു അമേരിക്കന്‍ പൗരന് ലോകമെമ്പാടുമുള്ള വലിയ കമ്പനികള്‍ ശേഖരിച്ച വ്യക്തിഗത വിവരങ്ങള്‍ അവലോകനം ചെയ്യുവാനുള്ള അധികാരം ലഭിക്കും. വ്യക്തിഗത വിവരങ്ങളെന്നു പറയുമ്പോള്‍ പര്‍ച്ചേസ് ഹിസ്റ്ററിയും (ഓണ്‍ലൈനിലൂടെ പണം നല്‍കി വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍), മതം, വംശം, ലൈംഗിക ചായ്‌വ് (ഒരു വ്യക്തിക്ക് എതിര്‍ലിംഗത്തില്‍പ്പെട്ടതോ സ്വന്തം ലിംഗത്തില്‍പ്പെട്ടതോ ആയ വ്യക്തികളോടു തോന്നുന്ന മാനസികമായോ ശാരീരികമായതോ ആയ ആകര്‍ഷണമാണ് ലൈംഗിക ചായ്‌വ്) എന്നിങ്ങനെ വിഭാഗങ്ങളായി തരം തിരിച്ചു സമാഹരിച്ച പ്രൊഫൈലുകളും, ലൊക്കേഷന്‍ ട്രാക്കിംഗും ഉള്‍പ്പെടും. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന നിവാസികളോട് എന്ത് ഡാറ്റയാണു ശേഖരിക്കുന്നതെന്നും അത്് വില്‍ക്കുന്നുണ്ടെങ്കില്‍ ആര്‍ക്കാണു വില്‍ക്കുന്നതെന്നു ടെക് കമ്പനികള്‍ പറയുകയും വേണമെന്ന് ഈ നിയമം അനുശാസിക്കുന്നു. ഇതിലൂടെ കാലിഫോര്‍ണിയ നിവാസികള്‍ക്ക് അവരുടെ ഡാറ്റ വില്‍ക്കുന്നത് ഒഴിവാക്കാനും സാധിക്കും.

ചില സാഹചര്യങ്ങളില്‍, ഒരു കമ്പനിയുടെ കൈവശമുള്ള ഡാറ്റ വ്യക്തിക്കു ഡിലീറ്റ് ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നു ഈ നിയമത്തിലൂടെ. ഇതൊരു സംസ്ഥാന നിയമം (സ്റ്റേറ്റ് ലോ) ആണെങ്കിലും ഇത് എല്ലാ അമേരിക്കക്കാരെയും ബാധിക്കുമെന്നാണു കരുതുന്നത്. അതായത്, 2020 ജനുവരി ഒന്നു മുതല്‍ ടെക് കമ്പനികള്‍, ബാങ്കുകള്‍, ചില്ലറ വ്യാപാരികള്‍ അഥവാ റീട്ടെയ്‌ലേഴ്‌സ് എന്നിവരോട് കാലിഫോര്‍ണിയ നിവാസികള്‍ക്കു അവരുടെ വിവരങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കുവാനും അതുമല്ലെങ്കില്‍ അവരുടെ വിവരങ്ങള്‍ മൊത്തത്തില്‍ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെടാം.

ഡിജിറ്റല്‍ സ്വകാര്യതാ നിയമം

കാലിഫോര്‍ണിയ കണ്‍സ്യൂമര്‍ പ്രൈവസി ആക്റ്റ് 2018ലാണു പാസാക്കിയത്. ഗവര്‍ണര്‍ ജെറി ബ്രൗണാണ് ഒപ്പുവച്ചത്. ഡിജിറ്റല്‍ സ്വകാര്യതയുമായി ബന്ധപ്പെട്ടു യുഎസില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കര്‍ശനമായതെന്നാണ് ഈ നിയമത്തെ വിശേഷിപ്പിക്കുന്നത്. കാലിഫോര്‍ണിയയില്‍ നാളെ മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പുതിയ നിയമം യൂറോപ്പിലെ സ്വകാര്യതാ നിയമവുമായി (ജനറല്‍ ഡാറ്റ പ്രൈവസി റഗുലേഷന്‍- ജിഡിപിആര്‍) സമാനതകളുണ്ട്. 2018 മേയ് മാസം മുതലാണു യൂറോപ്പില്‍ ജിഡിപിആര്‍ നിയമം നടപ്പിലാക്കിയത്. കാലിഫോര്‍ണിയയില്‍ 40 ദശലക്ഷം പേരാണു വസിക്കുന്നത്. വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ അമേരിക്കയെക്കാള്‍ ശക്തമായ നിയമമുള്ള സ്ഥലമാണു യൂറോപ്പ്. കാലിഫോര്‍ണിയ എന്ന അമേരിക്കന്‍ സംസ്ഥാനത്തുള്ള പ്രദേശമാണു സാന്‍ഫ്രാന്‍സിസ്‌കോ. ഇവിടെയാണു സിലിക്കണ്‍ വാലി സ്ഥിതി ചെയ്യുന്നത്. ലോകപ്രശസ്തമായ ടെക് കമ്പനികളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് സിലിക്കണ്‍ വാലിയിലും സമീപപ്രദേശങ്ങളിലുമാണ്. ഈ പുതിയ നിയമം ബിസിനസ് മോഡലുകളെ എങ്ങനെയായിരിക്കും ബാധിക്കുകയെന്നതിനെ കുറിച്ചു സിലിക്കണ്‍ വാലിയിലെ ടെക് കമ്പനികള്‍ക്ക് വലിയ ധാരണയില്ലെന്നതാണു വാസ്തവം. മൊത്ത വരുമാനം 25 ദശലക്ഷം ഡോളര്‍, 50,000 ല്‍ അധികം ഉപഭോക്താക്കളുള്ള കമ്പനികള്‍ അല്ലെങ്കില്‍ സാധാരണ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതലായി ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ വില്‍ക്കുന്നതിലൂടെ വരുമാനം നേടുന്ന കമ്പനികള്‍ തുടങ്ങിയവര്‍ക്ക് ഈ നിയമം ബാധകമാണ്.

മെഡിക്കല്‍ ഡാറ്റയ്ക്കും പത്രങ്ങള്‍ക്കും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഈ നിയമം പ്രത്യേക ഇളവ് നല്‍കുന്നുണ്ട്. മനപൂര്‍വ്വം നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കു 7500 ഡോളര്‍ വരെയും, മനപൂര്‍വ്വമല്ലാത്ത ഓരോ ലംഘനത്തിനും 2500 ഡോളര്‍ വരെയും പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടാര്‍ജെറ്റഡ് അഡ്വര്‍ടൈസിംഗ് (targeted advertising) ബിസിനസിനെ ഈ നിയമം എപ്രകാരമായിരിക്കും ബാധിക്കുക എന്നതില്‍ അവ്യക്തതയുണ്ട്. കാരണം ഫേസ്ബുക്ക് പോലുള്ള കമ്പനികള്‍ പേഴ്‌സണല്‍ ഡാറ്റയിലൂടെ വരുമാനം നേടുന്നവരാണ്. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളെ ഒരു പ്രത്യേക വിഭാഗം വ്യക്തികളിലേക്ക് എത്തിക്കുന്നതും പേഴ്‌സണല്‍ ഡാറ്റ ശേഖരിച്ചു കൊണ്ടാണ്. പക്ഷേ, ഫേസ്ബുക്കിനെതിരേ ഇതുസംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ ഫേസ്ബുക്ക് മറുപടി പറഞ്ഞത് പേഴ്‌സണല്‍ വിവരങ്ങള്‍ അഡ്വര്‍ടൈസര്‍മാരുമായി പങ്കുവയ്ക്കാറില്ലെന്നാണ്. 240 കോടി യൂസര്‍മാരുള്ള ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കാണു ഫേസ്ബുക്ക്. സമീപകാലത്ത് നിരവധി വിവാദങ്ങളുടെ കേന്ദ്രവുമായിരുന്നു ഫേസ്ബുക്ക്. പേഴ്‌സണല്‍ ഡാറ്റ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള 400-ഓളം ഡവലപ്പര്‍മാരുടെ പതിനായിരക്കണക്കിന് ആപ്പുകള്‍ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തതായി 2019 സെപ്റ്റംബറില്‍ ഫേസ്ബുക്ക് അറിയിച്ചിരുന്നു.

നിയമത്തിന്റെ ന്യൂനതകള്‍

ഡിജിറ്റല്‍ സ്വകാര്യത സംരക്ഷിക്കുന്ന നിയമത്തെ പല കോണുകളില്‍നിന്നും പ്രശംസിച്ചു നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. പക്ഷേ, അടിസ്ഥാനപരമായ പ്രശ്‌നം എന്നത്, കാലിഫോര്‍ണിയ നിവാസികള്‍ക്ക് അവരുടെ പുതിയ അവകാശങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ചു ധാരണയില്ലെന്നതാണ്. ഡാറ്റാ വില്‍പന തടയുന്നതും, സ്വന്തം വിവരങ്ങള്‍ ടെക് കമ്പനികളോടു ചോദിക്കുന്നതിനും ഡാറ്റാ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനെതിരേ കേസ് കൊടുക്കുന്നതിനുമൊക്കെ യൂസര്‍ തന്നെ മുന്‍കൈയ്യെടുക്കണമെന്ന സാഹചര്യമുണ്ട്. ഇനി ഈ ശ്രമം നടത്തുന്ന, മുന്‍കൈയ്യെടുത്ത് രംഗത്തുവരുന്നവര്‍ക്കാകട്ടെ, നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കാന്‍ നിയമപരമായ സഹായം ഇപ്പോള്‍ ലഭ്യവുമല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ ഓഫീസിനാണു നടപടി സ്വീകരിക്കാനുള്ള അധികാരം. പക്ഷേ, 2020 ജുലൈ 1 വരെ നിയമം പാലിക്കാത്ത ടെക് കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഇപ്പോള്‍ വകുപ്പില്ലത്രേ. മറ്റൊരു പരിമിതി എന്നു പറയുന്നത്, പേഴ്‌സണല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍നിന്നും കമ്പനികളെ നിയമം തടയുന്നില്ലെന്നതാണ്. ഡാറ്റ ഡിലീറ്റ് ചെയ്യാന്‍ ടെക് കമ്പനികളോട് യൂസര്‍ ആവശ്യപ്പെടുകയാണെന്നു കരുതുക. അവര്‍ ഡിലീറ്റ് ചെയ്യും. പക്ഷേ, അടുത്ത തവണ വീണ്ടും ടെക് കമ്പനികള്‍ യൂസറുടെ ഡാറ്റ ശേഖരിക്കാന്‍ തുടങ്ങുകയും ചെയ്യുമെന്നും ടെക് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു

അമേരിക്കയിലെ 20 സംസ്ഥാനങ്ങള്‍ ഡിജിറ്റല്‍ സ്വകാര്യതാ നിയമം നടപ്പിലാക്കാന്‍ തയാറെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. യുഎസിലുടനീളം ഇത്തരം നിയന്ത്രണങ്ങള്‍ വ്യാപിക്കാന്‍ അധികം നാളെടുക്കകുയുമില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. യുഎസിലെ നെവാഡയിലും, മെയ്‌നിലും ഇതിനകം സ്വകാര്യതാ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. കൂടാതെ കുറഞ്ഞത് 11 സംസ്ഥാനങ്ങളിലെങ്കിലും സ്വകാര്യതാ ബില്ലുകള്‍ പരിഗണിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാലിഫോര്‍ണിയെയും മറ്റ് യുഎസ് സംസ്ഥാനങ്ങളെയും ഡിജിറ്റല്‍ സ്വകാര്യത ബില്‍ അവതരിപ്പിക്കാനും അവ നടപ്പിലാക്കുവാനും പ്രേരിപ്പിച്ചത് യൂറോപ്പിലെ ജിഡിപിആര്‍ നിയമമാണെന്നു നിയമ നിരീക്ഷകര്‍ പറയുന്നത്. 2018 മേയ മാസം യൂറോപ്പില്‍ ജിഡിപിആര്‍ നടപ്പിലാക്കിയതോടെ, വളരെ കരുതലോടെയാണു ടെക് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ജിഡിപിആര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഭൂരിഭാഗം ടെക് കമ്പനികളും ശ്രമിക്കുന്നുണ്ട്.

Categories: Top Stories