‘സമ്പദ് വ്യവസ്ഥയിലേക്ക് ടൂറിസത്തിന്റെ സംഭാവന 15 ശതമാനമാക്കാം’

‘സമ്പദ് വ്യവസ്ഥയിലേക്ക് ടൂറിസത്തിന്റെ സംഭാവന 15 ശതമാനമാക്കാം’

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ എയര്‍സ്ട്രിപ്പ് ബേക്കലില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍. ചെറിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുംവിധം എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കാന്‍ ബേക്കലില്‍ 50 ഏക്കര്‍ കണ്ടെത്തി ഏറ്റെടുത്ത് കഴിഞ്ഞു. കേരളത്തില്‍ ആദ്യമായാണ് അത്തരമൊരു സംരംഭം. ഇത് യാഥാര്‍ത്ഥ്യമായാല്‍ അത് ഉത്തരമലബാറിന്റെ ടൂറിസം അടക്കമുള്ള വ്യവസായങ്ങള്‍ ഊഹിക്കാന്‍ കഴിയാത്തത്ര തലത്തില്‍ കുതിച്ചുചാട്ടം നടത്തുമെന്നും അദ്ദേഹം പറയുന്നു. കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ ഫ്യൂച്ചര്‍കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ബേക്കലില്‍ എയര്‍സ്ട്രിപ്പ്. ടൂറിസം വികസനത്തിന് സര്‍ക്കാരിന്റേത് സമഗ്ര കാഴ്ച്ചപ്പാട്. കെടിഡിസി കൂടുതല്‍ പദ്ധതികളാവിഷ്‌കരിക്കും-കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറയുന്നു

തുടര്‍ച്ചയായി ഉണ്ടായ പ്രകൃതിക്ഷോഭങ്ങള്‍ കേരളാ ടൂറിസത്തെ എത്തരത്തിലാണ് ബാധിച്ചത്?

2018ലും 2019 ലും ഉണ്ടായ പ്രകൃതിക്ഷോഭങ്ങള്‍ കേരളത്തിന്റെ ടൂറിസംരംഗത്ത് വലിയ നഷ്ടങ്ങളാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് 2018ലെ പ്രളയം. കര്‍ഷകരെ അടക്കം സംസ്ഥാനത്തെ എല്ലാ മേഖലയിലുള്ളവരെയും ബാധിച്ച പ്രളയമായിരുന്നു അത്. സത്യത്തില്‍ പേടിച്ചുപോയി എന്നുതന്നെ പറയാം. മഴ അപ്പോള്‍ നിന്നില്ലായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. സേവനരംഗത്ത് അത് ഏറ്റവുമധികം ബാധിച്ച മേഖല ടൂറിസമായിരുന്നു. അതെതുടര്‍ന്ന് കുറച്ചുനാള്‍ ടൂറിസം നിശ്ചലമായി. കേരളത്തില്‍ ഏറ്റവുമധികം ഹോട്ടല്‍ മുറികളുള്ളത് കെടിഡിസിയ്ക്കാണ്. ഏകദേശം 500 കോടിയിലേറെ രുപയുടെ ക്യാന്‍സലേഷനുകള്‍ കെടിഡിസിയ്ക്ക് അപ്പോള്‍ തന്നെ ഉണ്ടായി. വിദേശ ടൂറിസ്റ്റുകളുടെ ഒരു പൊതുസ്വഭാവം ടൂറിസം കേന്ദ്രങ്ങളില്‍ പ്രകൃതിക്ഷോഭമോ പകര്‍ച്ചവ്യാധികളോ ഉണ്ടായാല്‍ പിന്നെ ആ വര്‍ഷം ആ സ്ഥലത്തേയ്ക്ക് അവര്‍ പോകില്ല എന്നതാണ്. അത് സാമ്പത്തികമായി കെടിഡിസിയെയും ടൂറിസംമേഖലയെ ആകെയും തന്നെ തളര്‍ത്തിക്കഴിഞ്ഞു. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബാങ്കില്‍ നിന്നും ലോണ്‍ എടുക്കേണ്ട അവസ്ഥയില്‍ കെടിഡിസി എത്തിച്ചേര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെടിഡിസിയ്ക്ക് ലോണ്‍ എടുക്കേണ്ടി വന്നത്. ആ പ്രതിസന്ധി ആഞ്ചാറ് മാസം കൊണ്ട് മറികടന്ന് പൂര്‍വസ്ഥിതിയിലേയ്ക്ക് വന്നപ്പോഴാണ് അടുത്തവര്‍ഷം വീണ്ടും പ്രകൃതിക്ഷോഭം ഉണ്ടാകുന്നത്. 2018 ലെ പ്രളയത്തിന്റെ അത്രയും രൂക്ഷത ഇല്ലായിരുന്നെങ്കിലും മുന്‍വര്‍ഷത്തെ പോലെ തന്നെ നമ്മുടെ ബിസിനസിനെ 2019 ലെ പ്രകൃതിക്ഷോഭവും ബാധിച്ചു. കേരളത്തില്‍ വീണ്ടും പ്രളയമെന്ന വാര്‍ത്ത പരന്നതോടെ മുന്‍വര്‍ഷത്തെ അനുഭവത്തില്‍ ടൂറിസ്റ്റുകളെല്ലാം യാത്രകള്‍ ക്യാന്‍സല്‍ ചെയ്തു. കേരളത്തിനൊപ്പം തന്നെ പ്രായമുള്ള കോര്‍പ്പറേഷനാണ് കെടിഡിസി. കെടിഡിസിയുടെ ചരിത്രത്തിലെ തന്നെ വലിയ പ്രതിസന്ധിയാണ് ഈ രണ്ട് വര്‍ഷങ്ങളില്‍ ഉണ്ടായത്. കെടിഡിസിയ്ക്ക് മാത്രമുണ്ടായ പ്രതിസന്ധിയല്ല, ടൂറിസം മേഖലയ്ക്ക് ആകെ ഉണ്ടായ പ്രതിസന്ധിയാണ്. സ്വാഭാവികമായും അത് കേരളത്തേയും ബാധിച്ചു. കാരണം കേരളത്തിന്റെ ഇക്കോണമിയില്‍ 10% സംഭാവന ചെയ്യുന്നത് ടൂറിസംരംഗമാണ്. നേരിട്ടും അല്ലാതെയും 20 ലക്ഷം പേര്‍ക്കാണ് ടൂറിസം തൊഴില്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ടൂറിസംരംഗത്തിനുണ്ടായ പ്രതിസന്ധി കേരളത്തെയും ബാധിച്ചു.

കേരളത്തിന് ഏറെ വളര്‍ച്ചാസാധ്യതയുള്ള വ്യവസായമേഖലയാണ് ടൂറിസം. ടൂറിസംവളര്‍ച്ച സാധ്യമാക്കുന്നതിലേയ്ക്കായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് കെടിഡിസി നേതൃത്വം നല്‍കുന്നത്?

കേരളത്തിന്റെ ഇക്കോണമിയില്‍ ടൂറിസത്തിന്റെ സംഭാവന 10% എന്നത് 15% ആക്കാം. 20 ലക്ഷം തൊഴില്‍ സാധ്യതകള്‍ എന്നത് 25 ലക്ഷമാക്കാം. അതിനുള്ള സാധ്യതകള്‍ ടൂറിസം മേഖലയിലുണ്ട്. അതിനുതകുന്ന ഒരു നയം രൂപീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ കെടിഡിസിയും സര്‍ക്കാരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ആ ലക്ഷ്യത്തിന് അനുകൂലമായാണ് പുതിയ പുരോഗതികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങളും ഇന്ത്യയ്ക്കുള്ളിലെ മറ്റ് സംസ്ഥാനങ്ങളും ടൂറിസം ഡെസ്റ്റിനേഷനുകള്‍ ലിസ്റ്റ് ചെയ്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സ്രമിക്കുമ്പോള്‍ നമ്മളെ സംബന്ധിച്ചിടത്തോളം കേരളം മുഴുവനായി തന്നെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറുകയാണ്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. അതിന്റെ പ്രധാനകാരണം കേരളത്തിന്റെ ഭ്രമിപ്പിക്കുന്ന പ്രകൃതിയാണ്. 600 കിലോ മീറ്റര്‍ തീരദേശമുള്ള മറ്റൊരു സംസ്ഥാനവും ഇന്ത്യയിലല്ല. ഇത്രയും ആകര്‍ഷകമായ പ്രകൃതിഭംഗിയും കാലാവസ്ഥയുമുള്ള മറ്റൊരു ഭൂപ്രദേശം ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ല. ശരാശരി 100 കിലോമീറ്റര്‍ വീതി മാത്രമുള്ള ഒരു നാരോ സ്ട്രിപ്പാണ് കേരളം. അതിന്റെ ഒരു ഭാഗം മുഴുവന്‍ മനോഹരമായ ബീച്ചാണ്. മറുഭാഗത്താകട്ടെ പശ്ചിമഘട്ടവും. ഏറ്റവും തെക്കെയറ്റത്തുള്ള തിരുവനന്തപുരം പരിശോധിച്ചാല്‍ ബീച്ചില്‍ നിന്നും വെറും 60 കി.മി ഡ്രൈവ് ചെയ്താല്‍ പൊന്മുടിയിലെത്താം. അതായത് തീരപ്രദേശത്ത് നിന്നും ഹൈറേഞ്ചിലെത്താന്‍ പരമാവധി ഒരു മണിക്കൂര്‍ യാത്രയെ ഉള്ളു. പൊന്മുടി ഇപ്പോള്‍ പഴയ പൊന്മുടിയല്ല. കേരളത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പൊന്മുടി ഉയര്‍ന്നുകഴിഞ്ഞു. അവിടത്തെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൂടി കെടിഡിസി എടുക്കുകയാണ്. കെടിഡിസിയുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള വികസനമാണ് അവിടെ നടക്കുന്നത്. കഴിഞ്ഞവര്‍ഷം പുതിയ ഇരുപതോളം കോട്ടേജുകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആറ് ലക്ഷം ടൂറിസ്റ്റുകളാണ് അവിടെ വന്നത്. ഇനിയും നിരവധി വികസനങ്ങള്‍ അവിടെ വരേണ്ടതുണ്ട്.

കൂടുതല്‍പേര്‍ക്ക് അവിടെ തങ്ങാനുള്ള സൗകര്യം ഉണ്ടാകണം. അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരു ഡെസ്റ്റിനേഷനാക്കി പൊന്‍മുടിയെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കൊല്ലത്ത് ഏറ്റവുമധികം വാട്ടര്‍ ഫ്രണ്ടേജ് ഉള്ളത് കെടിഡിസിയ്ക്കാണ്. അഷ്ടമുടിയുടെ കരയിലുള്ള ടാമരിന്റ് ഹോട്ടല്‍ ഇപ്പോള്‍ ശോചനീയാവസ്ഥയിലാണ്. അതിനെ വലിയ ഫങ്ഷനുകളെല്ലാം സംഘടിപ്പിക്കാന്‍ കഴിയുംവിധം പരിഷ്‌കരിക്കണം. അതിനുള്ള ശ്രമത്തിലാണ്. ഇത്തരത്തില്‍ കേരളത്തിലൊട്ടാകെ ഡെസ്റ്റിനേഷന്‍ ഡെവലപ്പ്‌മെന്റ് കെടിഡിസി ഒരു ലക്ഷ്യമായി ഏറ്റെടുത്തുകഴിഞ്ഞു. ഇത്തരത്തിലുള്ള ഡെസ്റ്റിനേഷനുകള്‍ തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറില്‍ വളരെ കുറവാണ്. എന്നാല്‍ സാധ്യതകളുടെ അക്ഷയഖനിയാണ് മലബാര്‍. അതുകൊണ്ട് മലബാറിലെ സാധ്യതകള്‍ വിനിയോഗിക്കുന്നതിനാണ് ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിലൊന്നാണ് ബേക്കല്‍. ബേക്കല്‍ കോട്ടയുടെയും ബീച്ചിന്റെയും സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് അത് വികസിപ്പിക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ധര്‍മടം മണ്ഡലത്തില്‍ കടലിന്റെ നടുക്കൊരു ചെറിയ ദ്വീപുണ്ട്. ആള്‍താമസമില്ലാത്ത ആ ദ്വീപിലേയ്ക്ക് കേബിള്‍കാര്‍ ഉള്‍പ്പെടയുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് അവിടത്തെ ടൂറിസം വികസനത്തിനും കെടിഡിസി തുടക്കം കുറിച്ചുതുടങ്ങി. മുഴപ്പിലങ്ങാട് എന്ന സ്ഥലത്ത് 200 ഹോംസ്‌റ്റേകള്‍ വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് അതിഥേയമരുളുന്നു. അവിടെ കെടിഡിസിയുടെ റിസോര്‍ട്ട് മാതൃകയിലുള്ള ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ പണി ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ നിര്‍മാണത്തിനും കോഴിക്കോട് ബീച്ചിലെ കെടിഡിസിയുടെ സ്റ്റാര്‍ ഹോട്ടലിനും വേണ്ടി കിഫ്ബി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ടിലും കെടിഡിസിയുടെ പുതിയ ഹോട്ടല്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ടൗണില്‍ ദയനീയാവസ്ഥയിലായിരുന്ന ടാമരിന്റ് ഹോട്ടലും മലപ്പുറത്ത് കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലും പുനരുദ്ധരിക്കാനും തീരുമാനമായിട്ടുണ്ട്. ഇത്തരത്തില്‍ മലബാര്‍ മേഖലയില്‍ ആകെതന്നെ ടൂറിസംമേഖലയില്‍ വലിയൊരു മാറ്റത്തിന് കെടിഡിസി തയ്യാറെടുക്കുകയാണ്.

മധ്യ കേരളത്തില്‍ ഡച്ചുകാര്‍ നിര്‍മിച്ച ഹെറിറ്റേജ് കെട്ടിടമെന്ന നിലയില്‍ ബോല്‍ഗാട്ടിയുടെ വികസനത്തിന് കെടിഡിസിയുമായി സഹകരിക്കാനുള്ള സന്നദ്ധത ഡച്ച് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. മൂന്നാറിലും തേക്കടിയിലും ടൂറിസം വികസനത്തിനും കെടിഡിസി നേതൃത്വം നല്‍കുന്നുണ്ട്.

കെടിഡിസിയുടെ നിയന്ത്രണത്തിലുള്ള മോട്ടലുകള്‍ വികസിപ്പിക്കാന്‍ പദ്ധതിയുണ്ടോ?

കെടിഡിസിയുടെ വഴിയോര വിശ്രമകേന്ദ്രങ്ങളും മോട്ടലുകളും കേരളം മുഴുവന്‍ വ്യാപകമായി ആരംഭിക്കേണ്ടവയാണ്. ജനങ്ങള്‍ക്ക് യാത്രകളില്‍ ഏറ്റവും വിശ്വസനീയമായി ആശ്രയിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളാണ് ഇവ. ഇപ്പോള്‍ തന്നെ കേരളത്തിലുടനീളം കെടിഡിസി മോട്ടലുകള്‍ ഉണ്ട്. കേരളത്തിന്റെ വടക്കെയറ്റത്ത് കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ പുതിയൊരു മോട്ടല്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തെക്കെയറ്റത്ത് കളിയിക്കാവിളയില്‍ പുതിയ മോട്ടല്‍ ആരംഭിച്ചുകഴിഞ്ഞു. കന്യാകുമാരിയിലേയ്ക്ക് പോകുന്നവരൊക്കെ ഇപ്പോള്‍ അവിടെയാണ് ഭക്ഷണം കഴിയ്ക്കാന്‍ കയറുന്നത്. സ്വന്തം സ്ഥലത്ത് തന്നെയാണ് മോട്ടല്‍ ആരംഭിച്ചിരിക്കുന്നത്. വിശാലമായ പാര്‍ക്കിങ് സൗകര്യവും യാത്രക്കാര്‍ ഇവിടേയ്ക്ക് തന്നെ കയറാന്‍ പ്രധാനകാരണമാണ്.

കെടിഡിസിയുടെ കീഴില്‍ രണ്ട് ഹെറിറ്റേജ് ഹോട്ടലുകളാണല്ലോ ഉള്ളത്. മുന്നൂറ് വര്‍ഷം പഴക്കമുള്ള ബോല്‍ഗാട്ടിയും 100 വര്‍ഷം പഴക്കമുള്ള മസ്‌ക്കറ്റ് ഹോട്ടലും. ബോല്‍ഗാട്ടി ഡച്ച് സര്‍ക്കാരുമായി സഹകരിച്ച് വികസിപ്പിക്കുന്ന കാര്യം താങ്കള്‍ പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങളായി സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ പോലുമില്ലാതെ അവഗണനയിലല്ലെ കെടിഡിസിയുടെ ആസ്ഥാനം കൂടിയായ തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടല്‍?

ആ അവസ്ഥയ്ക്ക് ഇപ്പോള്‍ മാറ്റമുണ്ടായിട്ടുണ്ട്. ഒന്നാംലോകമഹായുദ്ധത്തിന്റെ കാലത്ത് ബ്രിട്ടീഷ് ആര്‍മി ഓഫീസര്‍മാര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ചതാണ് ഇന്നത്തെ മസ്‌ക്കറ്റ് ഹോട്ടല്‍. സ്വതന്ത്രാനന്തരം അത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഗസ്റ്റ്ഹൗസായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. രാജകുടുംബം പിന്നീട് ഇത് ഹോട്ടലാക്കാനായി സ്‌പെന്‍സേര്‍സ് ഗ്രൂപ്പിന് കൈമാറി. കേരളപിറവിയോടെയാണ് സ്‌പെന്‍സേര്‍സ് ഗ്രൂപ്പ് ഹോട്ടല്‍ കേരള ഗവണ്‍മെന്റിന് തിരിച്ചുനല്‍കുകയും കെടിഡിസിയുടെ ആസ്ഥാനമായി ഇത് മാറുകയും ചെയ്തത്. നൂറ് വര്‍ഷം പൂര്‍ത്തിയായതോടെ മസ്‌ക്കറ്റിനെ ഹെറിറ്റേജ് ഹോട്ടലായി പ്രഖ്യാപിക്കുകയും കൂടുതല്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ കെടിഡിസിയുടെ എല്ലാ ഹോട്ടലുകളിലും ക്ലാസിഫിക്കേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. മസ്‌ക്കറ്റിന്റെ ക്ലാസിഫിക്കേഷന്‍ കഴിഞ്ഞപ്പോള്‍ ഫൈവ് സ്റ്റാര്‍ പദവി ലഭിച്ചുകഴിഞ്ഞു. കെടിഡിസിയുടെ കീഴിലുള്ള ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലാണ് മസ്‌ക്കറ്റ്.

സംസ്ഥാനത്തിന് പുറത്ത് കെടിഡിസിയുടെ നിക്ഷേപങ്ങള്‍ എന്തൊക്കെയാണ്?

കേരളത്തിന് പുറത്ത് കെടിഡിസിയുടെ ഏറ്റവും വലിയ ഹോട്ടല്‍ ചെന്നൈയിലാണ്. റെയിന്‍ ഡ്രോപ്‌സ് ഹോട്ടല്‍ ഫോര്‍ സ്റ്റാറാണ്. നൂറിലധികം മുറികള്‍ അവിടെയുണ്ട്. കന്യാകുമാരിയില്‍ ഗസ്റ്റ്ഹൗസ് മാത്രമെ നിലവിലുള്ളു. അവിടെ കെടിഡിസിയ്ക്ക് സ്വന്തമായി 14 ഏക്കര്‍ സ്ഥലമുണ്ട്. 18 കോടിയുടെ പുതിയൊരു പ്രോജക്ട് തയ്യാറാകുന്നുണ്ട്. പില്‍ഗ്രിം ടൂറിസത്തിന്റെ ഭാഗമായി മൂകാംബിക, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലും ഹോട്ടലുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ശബരിമലയില്‍ പമ്പയില്‍ സ്ഥലം തരാമെന്ന് ദേവസ്വം ബോര്‍ഡ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ ലഭിച്ചിട്ട് കാര്യമില്ല. അതിനാല്‍ ആ സ്ഥലം വച്ച് മറ്റ് സംസ്ഥാനങ്ങളുമായി ഞങ്ങള്‍ കൂടിയാലോചന നടത്തുന്നുണ്ട്. അവര്‍ക്ക് ഈ സ്ഥലം വിട്ടുകൊടുത്തിട്ട് പകരം കെടിഡിസിയ്ക്ക് അതാത് സംസ്ഥാനങ്ങളില്‍ സ്ഥലം ലഭിക്കാനുള്ള മാര്‍ഗമാണ് ഞങ്ങള്‍ തേടുന്നത്.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായിട്ട് ഒരു വര്‍ഷം പിന്നിട്ടല്ലോ. ഇത് ഉത്തരമലബാറിന്റെ ടൂറിസം വളര്‍ച്ചയെ സഹായിക്കുന്നുണ്ടോ?

തീര്‍ച്ചയായും. ഉത്തരമലബാറിന് മാത്രമല്ല, കൂര്‍ഗിനും മൈസൂര്‍ വരെയുള്ള കര്‍ണാടകയുടെ പ്രദേശങ്ങള്‍ക്കും ഏറെ സഹായകരമായി മാറിയിരിക്കുകയാണ് കണ്ണൂര്‍ വിമാനത്താവളം. കാസര്‍ഗോഡ് ബേക്കലില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഒരു എയര്‍സ്ട്രിപ്പ് കൊണ്ടുവരുകയാണ്. ചെറിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുംവിധം എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കാന്‍ ബേക്കലില്‍ 50 ഏക്കര്‍ കണ്ടെത്തി ഏറ്റെടുത്ത് കഴിഞ്ഞു. കേരളത്തില്‍ ആദ്യമായാണ് അത്തരമൊരു സംരംഭം. ഇത് യാഥാര്‍ത്ഥ്യമായാല്‍ അത് ഉത്തരമലബാറിന്റെ ടൂറിസം അടക്കമുള്ള വ്യവസായങ്ങള്‍ക്ക് നമുക്ക് ഊഹിക്കാന്‍ പറ്റാത്തത്ര കുതിച്ചുചാട്ടമുണ്ടാകും. ബേക്കലൊക്കെ രാജ്യത്തെ തന്നെ പ്രധാന ടൂറിസംകേന്ദ്രങ്ങളിലൊന്നായി മാറും.

ഉത്തരവാദിത്തടൂറിസം മേഖലയില്‍ കെടിഡിസിയുടെ സംഭാവന എന്താണ്? ഹോംസ്റ്റേകളുടെയും പ്രൈവറ്റ് ഗൈഡുകളുടേയും നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടോ?

ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി പ്രൊഫഷണല്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കെടിഡിസി. ഹോംസ്‌റ്റേകളെ എല്ലാംതന്നെ നിയമപരിരക്ഷയ്ക്കുള്ളില്‍ കൊണ്ടുവന്ന്, സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കി വികസിപ്പിച്ച് ടൂറിസംമേഖലയ്ക്ക് ഒരു കൈത്താങ്ങും അവര്‍ക്കൊരു വരുമാനമാര്‍ഗവുമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതുപോലെ ടൂറിസംമേഖലയിലുള്ളവര്‍ക്ക് പരിശീലനം നല്‍കാനായിട്ട് ഞങ്ങള്‍ക്ക് പ്രത്യേക ട്രയിനിങ് ഡിവിഷന്‍ ഉണ്ട്. അതിനെ സജീവമാക്കി ഗൈഡുകള്‍ക്കും, ടൂറിസ്റ്റുകളുമായി നേരിട്ട് ഇടപെടുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്കും പരിശീലനം നല്‍കാനുള്ള പദ്ധതിയും ഞങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഇതിന് വേണ്ടി ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന കോര്‍പ്പറേഷനാണ് കെടിഡിസി. കേരളത്തില്‍ ഊര്‍ജപ്രതിസന്ധി വലിയൊരു വെല്ലുവിളിയായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ബദല്‍ ഊര്‍ജമാര്‍ഗങ്ങള്‍ തേടാന്‍ ഉദ്ദേശ്‌യമുണ്ടോ?

തീര്‍ച്ചയായും. കെടിഡിസി പ്രതിവര്‍ഷം എട്ടരക്കോടി രൂപയോളം വൈദ്യുതി ബില്‍ ഇനത്തില്‍ അടച്ചുകൊണ്ടിരിക്കുകയാണ്. ബദല്‍ ഊര്‍ജമാര്‍ഗങ്ങള്‍ തേടിയാല്‍ ആ ചെലവ് കുറയ്ക്കാം എന്നതുകൊണ്ട് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മലമ്പുഴ ഡാമിന് സമീപം കെടിഡിസിയ്ക്ക് പതിനാല് ഏക്കര്‍ സ്ഥലമുണ്ട്. അതില്‍ പത്ത് ഏക്കറും പാറകള്‍ നിറഞ്ഞതാണ്. അവിടെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Categories: FK Special, Slider