ഇന്ത്യയുടെ വലിയ പ്രതിസന്ധി

ഇന്ത്യയുടെ വലിയ പ്രതിസന്ധി

സമ്പദ് വ്യവസ്ഥയിലെ മാന്ദ്യാവസ്ഥ മറികടക്കാന്‍ രാജ്യത്തിനാകുന്നില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടേ മതിയാകൂ. മോദി സര്‍ക്കാരിന്റെ ശ്രദ്ധ പൂര്‍ണമായും സാമ്പത്തികരംഗത്ത് വേണ്ട സമയമാണിത്

2019ന്റെ അവസാന നാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. സംഭവബഹുലമായ വര്‍ഷമായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2019, സാമ്പത്തിക മാന്ദ്യാവസ്ഥയിലാണ് നമ്മളെന്ന തിരിച്ചറിവ് പാതിമനസോടെയാണെങ്കിലും ഔദ്യോഗികമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായി. കുതിപ്പിന്റെ ആവേഗവുമായല്ല മറിച്ച് കിതപ്പിന്റെ താളപ്പിഴയിലാണ് നമ്മള്‍ പുതുവര്‍ഷത്തിലേക്ക് കടക്കുന്നതെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) 4.5 ശതമാനമെന്ന ഭീതി ജനിപ്പിക്കുന്ന സംഖ്യയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞിരിക്കുന്നു.

ഉപഭോഗത്തിലും നിക്ഷേപത്തിലും എല്ലാം വലിയ ഇടിവ് തുടരുകയാണ്. പൊതുചെലവിടല്‍ കൂട്ടാനുള്ള പദ്ധതികളൊന്നും വേണ്ടത്ര ഗുണം ചെയ്യുന്നില്ല. നികുതി വരുമാനത്തിലെ കുറവും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. തൊഴിലില്ലായ്മയുടെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ഓട്ടോമൊബീല്‍, റിയല്‍ എസ്‌റ്റേറ്റ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ധനകാര്യ സേവനം തുടങ്ങിയ മേഖലകള്‍ ഇതുവരെയും തിരിച്ചടിയില്‍ നിന്ന് മുക്തി നേടിയിട്ടില്ല.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 2019-20 സാമ്പത്തികവര്‍ഷത്തെ ആദ്യപകുതിയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ ഇടിവ് 23.5 ശതമാനമാണ്. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന പോലും അവതാളത്തിലായി എന്നത് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനങ്ങളുടെ ദുരവസ്ഥ വരച്ചുകാട്ടുന്നു. ബിഎസ് VI നിബന്ധനകള്‍ കര്‍ക്കശമാക്കിയതും വാഹന നിര്‍മാണ മേഖലയിലെ കെടുതികളുടെ ആക്കം കൂട്ടി. അത് കാലവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന കാലത്തിന്റെ അനിവാര്യതയാണെന്നത് മറുവശം.

ബാങ്കുകളുടെ കിട്ടാക്കടപ്രശ്‌നവും ബാങ്ക് ഇതര ധനകാര്യ സേവന മേഖലയിലെ കമ്പനികളുമായി ബന്ധപ്പെട്ടുണ്ടായ വലിയ വിവാദങ്ങളും വിപണിയിലേക്കുള്ള പണമൊഴുക്ക് കുറയ്ക്കുന്നതില്‍ തെറ്റില്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. അധിക മൂലധനം നല്‍കുന്ന കേന്ദ്രത്തിന്റെ പദ്ധതികള്‍ക്കൊന്നും ബാങ്കിംഗ് രംഗത്തെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ സമഗ്രമായി പരിഹരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ജിഎസ്ടി (ചരക്ക് സേവന നികുതി) നടപ്പാക്കലിലും കടത്തിലും പെട്ടുഴലുകയാണ് റിയല്‍റ്റി മേഖല. ആവശ്യത്തില്‍ കൂടുതല്‍ പദ്ധതികള്‍ വില്‍പ്പനയ്ക്കുണ്ടെന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു. റിയല്‍റ്റി മേഖലയിലെ പണ്ടത്തെ കുതിപ്പ് എന്ന് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഇന്ത്യയുടെ വളര്‍ച്ച എക്കാലത്തും ഉപഭോഗത്തെ ആശ്രയിച്ചായിരുന്നു നിലനിന്നത്. ഒക്‌റ്റോബറില്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ 18 ശതമാനം ഇടിവാണുണ്ടായത്. ഉയര്‍ന്ന ജിഎസ്ടി നിരക്കുള്‍പ്പടെയുള്ള പ്രശ്‌നങ്ങളും ആവശ്യകതയിലെ വന്‍ ഇടിവുമാണ് മേഖലയെ ഉലയ്ക്കുന്നത്.

അന്താരാഷ്ട്ര നാണ്യ നിധിയും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും ഒഇസിഡിയുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിലെ പ്രതീക്ഷകള്‍ കുറച്ചുകഴിഞ്ഞു. ആറ് ശതമാനത്തിനടുത്ത് മാത്രമാണ് 2019-20 സാമ്പത്തിക വര്‍ഷത്തിലേക്ക് ഇവര്‍ പങ്കുവെക്കുന്ന ജിഡിപി ലക്ഷ്യം. ഈ പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ ജിഡിപി നിരക്കായി അത് മാറും. അഞ്ച് ശതമാനത്തിലും താഴുമോയെന്ന ഭയം ചില വിദഗ്ധര്‍ക്കുണ്ട്. അങ്ങനെ വന്നാല്‍ അത്യന്തം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം വഴുതി വീഴുമെന്നത് തീര്‍ച്ച. ജനങ്ങളെ കൂടുതല്‍ ചെലവിടാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈ അവസരത്തില്‍ ഊന്നല്‍ നല്‍കേണ്ടത്. സമ്പാദ്യത്തിലും ചെലവിടലിലും എങ്ങനെ വര്‍ധന വരുത്താമെന്നതാണ് ചിന്തിക്കേണ്ടത്. അതല്ലാതെയുള്ള പരിഷ്‌കരണങ്ങളൊന്നും ഫലം കണ്ടേക്കില്ല. സമ്പദ് വ്യവസ്ഥയെ തിരിച്ചു ട്രാക്കില്‍ കയറ്റേണ്ട പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിന്റേത് മാത്രമാണ്. അതിന് സാധിച്ചില്ലെങ്കില്‍ മോദിണോമിക്‌സിന്റെ പരാജയമായിട്ടാകും വിവക്ഷിക്കപ്പെടുക.

Categories: Editorial, Slider