ആദായനികുതി ഇളവുകള്‍ പരിഗണനയില്‍

ആദായനികുതി ഇളവുകള്‍ പരിഗണനയില്‍

നിരക്കുകള്‍ കുറയ്ക്കുന്നതിന്റെയും സ്ലാബുകള്‍ മാറ്റുന്നതിന്റെയും നേട്ടങ്ങളും കോട്ടങ്ങളും ധനമന്ത്രാലയം പരിശോധിക്കുന്നു

ന്യുഡെല്‍ഹി: ബജറ്റിലേക്ക് ഒരുമാസം മാത്രം ശേഷിക്കെ ഉപഭോഗം വര്‍ധിപ്പിച്ച് സാമ്പത്തിക രംഗത്തെ ഉണര്‍ത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ധനകാര്യ മന്ത്രാലയം ആഴത്തില്‍ പരിഗണിക്കുന്നു. കോര്‍പ്പറേറ്റ് നികുതിയിളവിന് സമാനമായി വ്യക്തിഗത ആദായനികുതിയുലും ഇളവ് വരുത്താനുള്ള ആലോചനകളാണ് സജീവമായിരിക്കുന്നത്. കാര്യമായ വ്യക്തിഗത ആദായ നികുതിയിളവുകള്‍ ഇത്തവണ പ്രതീക്ഷിക്കേണ്ടെന്ന മുന്‍ വിലയിരുത്തലുകളെ അസ്ഥാനത്താക്കുന്ന നീക്കമാണിത്.

നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിന്റെയും സ്ലാബുകള്‍ മാറ്റുന്നതിന്റെയും പ്രത്യാഘാതങ്ങളും നേട്ടങ്ങളും സമഗ്രമായി പരിശോധിച്ചു വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഉപഭോഗം ഉയര്‍ത്തുന്നതിനായുള്ള ചര്‍ച്ചകള്‍ നികുതിയിളവിലേക്ക് മാത്രമായി മന്ത്രാലയം ഒതുക്കുന്നുമില്ല. ജനങ്ങളുടെ കൈകളില്‍ നേരിട്ട് പണമെത്തിക്കുന്ന പിഎം-കിസാന്‍ പോലുള്ള പദ്ധതികളും അടിസ്ഥാനസൗകര്യ വികസന മേഖലയിലെ ചെലവാക്കല്‍ ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. ആദായ നികുതിയിനത്തില്‍ ഇളവ് അനുവദിക്കുമ്പോള്‍, നികുതിദായകരായ മൂന്ന് കോടി ആളുകള്‍ക്കാണ് അതിന്റെ നേരിട്ടുള്ള ഗുണം ലഭിക്കുക. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം ചെലവിടുമ്പോഴാവട്ടെ അതിന് ബഹുതല നേട്ടങ്ങളുണ്ടാകുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ ബജറ്റില്‍ ആദായ നികുതിയിനത്തില്‍ ഇളവുകളൊന്നും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ നിക്ഷേപത്തിന് ആക്കം കൂട്ടാനുദ്ദേശിച്ച് കോര്‍പ്പറേറ്റ് നികുതി നിരക്ക് താഴ്ത്തുകയും മേഖലയ്ക്ക് 1.45 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കുകയും ചെയ്തതോടെ വ്യക്തിഗത ആദായ നികുതി പരിഷ്‌കരണത്തിനായുള്ള മുറവിളി കൂടുതല്‍ ഉച്ചത്തിലായിട്ടുണ്ട്. നിലവില്‍ 2.5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെയാണ് ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

ശുപാര്‍ശകള്‍

ആദായ നികുതി പരിഷ്‌കരണം സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി, 10 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി 10% ആയി താഴ്ത്തണമെന്ന ശുപാര്‍ശയാണ് നല്‍കിയിരിക്കുന്നത്. 10-20 ലക്ഷം രൂപ വരുമാനക്കാര്‍ക്ക് 20% നികുതിയും 20 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെ വരുമാനമുള്ളവര്‍ക്ക് 30% നികുതിയും രണ്ട് കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 35% നികുതിയുമാണ് ശുപാര്‍ശ. നിലവില്‍ 2.5-5 ലക്ഷം രൂപ വരുമാനക്കാര്‍ക്ക് 5%, 5-10 ലക്ഷം വരുമാനക്കാര്‍ക്ക് 20%, 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30% എന്നിങ്ങനെയാണ് നികുതി നിരക്ക് ഈടാക്കുന്നത്.

Categories: FK News, Slider
Tags: income tax