അണുശക്തി രാഷ്ട്ര നിര്‍മ്മാണത്തിന്

അണുശക്തി രാഷ്ട്ര നിര്‍മ്മാണത്തിന്

1950 കളില്‍ ആരംഭിച്ചതാണ് ഇന്ത്യയുടെ ആണവ പദ്ധതി. ഏറെ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും മേഖലയിലെ വല്യേട്ടന്‍മാരുടെ നിസഹകരണം പ്രതിബന്ധമായെങ്കിലും നാം ആണവരാഷ്ട്രം ആകുകതന്നെ ചെയ്തു. ഇന്ന് പ്രതിരോധ തന്ത്രത്തിലെയും നടുനായക സ്ഥാനം ആണവോര്‍ജത്തിനുണ്ട്. എന്നാല്‍ ഊര്‍ജോല്‍പ്പാദ മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ രാജ്യത്തിനായിട്ടില്ല. രാജ്യത്തിന്റെ ആണവോര്‍ജ മേഖല പോയ ഒരു വര്‍ഷം കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അപഗ്രഥിക്കുകയാണ് ഈ ലേഖനം

ആണവോര്‍ജം ഉയര്‍ത്തുന്ന ആശങ്കകളെ മറികടന്ന് ഇന്ത്യ വിവിധ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. ആണവോര്‍ജം സമാധാനത്തിന് എന്നതാണ് ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള നയം. ഹോമി ജെ ഭാഭയുടെ നേതൃത്വത്തില്‍ 1950 കളില്‍ ആരംഭിച്ച രാജ്യത്തിന്റെ ആണവ പദ്ധതി, ഇന്ത്യയെ ഇന്ന് അതിശക്തവും ഉത്തരവാദപ്പെട്ടതുമായ ഒരു ആണവരാഷ്ട്രമായി തീര്‍ത്തിരിക്കുന്നു. അമേരിക്കയടക്കം ലോകത്തെ ആണവ ശക്തികള്‍ ഉപരോധവുമായി എതിര്‍ത്തെങ്കിലും പൊഖ്‌റാനില്‍ ബുദ്ധന്‍ ചിരിക്കുക തന്നെ ചെയ്തു. ഇന്ന് ശത്രുവിനു നേരെ വേണ്ടിവന്നാല്‍ കരയില്‍ നിന്നും ആകാശത്തു നിന്നും കടലില്‍ നിന്നും ആണവ പോര്‍മുനകളേന്തിയ മിസൈലുകളുമായി പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ട്. ഇന്ത്യയുടെ ഈ പ്രഹര ശേഷിയാണ് ഉപഭൂഖണ്ഡത്തില്‍ മറ്റൊരു യുദ്ധത്തെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നതെന്ന് നിസംശയം പറയാം.

ഇതൊക്കെയാണെങ്കിലും ഊര്‍ജ പ്രതീക്ഷകളെ വേണ്ടവിധം നിറവേറ്റാന്‍ രാജ്യത്തിന്റെ ആണവ പദ്ധതിക്ക് സാധിച്ചിട്ടില്ല. ഇപ്പോഴും രാജ്യത്തിനാവശ്യമായ ആകെ ഊര്‍ജത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ആണവോര്‍ജത്തിന്റെ സംഭാവന. 2000 ല്‍ 10,000 മെഗാവാട്ട് വൈദ്യുതി ആണവ പദ്ധതികളില്‍ നിന്ന് ലഭ്യമാക്കാമെന്നാണ് സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ 2019 ആയിട്ടും ശേഷി 7,000 മെഗാവാട്ട് മാത്രമാണ്. 2032 ആവുമ്പോഴേക്കും ആണവോര്‍ജ ഉല്‍പ്പാദനം 63,000 മെഗാവാട്ടിലേക്ക് ഉയര്‍ന്നാനായിരുന്നു ലക്ഷ്യം. 2008 ല്‍ ഇന്ത്യ-യുഎസ് ആണവ കരാര്‍ നിലവില്‍ വന്നതോടെയാണ് ഈ സ്വപ്‌നത്തിന് ചിറക് മുളച്ചത്. എന്നാല്‍ 2011 ല്‍ ആണവ ബാധ്യതാ നിയമം പാസാക്കിയതോടെ ഇതിന്റെ ആവേശമെല്ലാം കെട്ടടങ്ങി. അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം നടത്തിപ്പുകാര്‍ക്ക് പകരം പദ്ധതി നിര്‍മാതാക്കള്‍ക്ക് മേല്‍ ചാരുന്നതാണ് പ്രസ്തുത നിയമം. യുഎസ് കമ്പനികള്‍ ഇതോടെ മുഖം തിരിച്ചു. ഇതോടെ ഉല്‍പ്പാദന ലക്ഷ്യം 2020 ല്‍ 14,600 മെഗാവാട്ടും 2032 ല്‍ 27,500 മെഗാവാട്ടുമായി വെട്ടിക്കുറച്ചു. 2000 ല്‍ ലക്ഷ്യമിട്ട ഊര്‍ജോല്‍പ്പാദനം 2020 ല്‍ സാധ്യമായാല്‍ ഭാഗ്യം എന്ന നിലയാണ് ഇപ്പോഴത്തേത്.

എങ്കിലും വിവിധ രംഗങ്ങളില്‍ ആണവോര്‍ജ വകുപ്പ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ഇന്നും ചെയ്തുവരുന്നു. 2019 ല്‍ വകുപ്പ് നടത്തിയ ഇടപെടലുകളുടെ റിപ്പോര്‍ട്ട് പരിശോധിക്കാം…

അണുശക്തി പദ്ധതികള്‍

തുടര്‍ച്ചയായി 962 ദിവസം പ്രവര്‍ത്തിച്ച് കര്‍ണാടകയിലെ കെഗ ആണവോര്‍ജ്ജ നിലയം ലോക റെക്കോഡ് സ്ഥാപിച്ചു. താരാപ്പൂര്‍ ആണവ നിലയം സുരക്ഷിതമായ 50 വര്‍ഷം പിന്നിട്ടു. നിലവില്‍ 6,780 മെഗാവാട്ട് ഊര്‍ജോല്‍പ്പാദന ശേഷിയുള്ള 22 റിയാക്റ്ററുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ആറ് ഘനജല റിയാക്റ്ററുകളുടെ നിര്‍മ്മാണം വിവിധ ഘട്ടത്തിലാണ്. 1,000 മെഗാവാട്ട് വീതം ശേഷിയുള്ള നാല് വിവിഇആര്‍ റിയാക്ടറുകളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു.

മരുന്നും ആരോഗ്യ പരിചരണവും

ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ പുതിയ ആശുപത്രികള്‍ കമ്മീഷന്‍ ചെയ്തു. ആണവോര്‍ജ വകുപ്പ് എന്‍സിജി വിശ്വം കാന്‍സര്‍ കെയര്‍ കണക്റ്റ് എന്ന പേരില്‍ ആഗോള കാന്‍സര്‍ പരിചരണ ശൃംഖല സ്ഥാപിച്ചു. ഏകദേശം 120 ആണവ ഔഷധ കേന്ദ്രങ്ങളുടെയും 400 റേഡിയേഷന്‍ പരിശോധന ശാലകളുടെയും പ്രയോജനം 10 ലക്ഷം രോഗികള്‍ക്ക് സിദ്ധിച്ചു. റേഡിയോ ആക്്റ്റീവ് മാലിന്യത്തില്‍ നിന്നും സീസിയം പെന്‍സില്‍ വികസിപ്പിച്ചു. നാല് ഇനം റേഡിയോ ഔഷധ നിര്‍മാണ വിധികളും, 14 ഇനം റേഡിയോ ഐസോടോപ്പുകളും വികസിപ്പിച്ചു.

ഗവേഷണവും വികസനവും

2019 ലെ പൊതു തെരഞ്ഞെടുപ്പിനായി ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് 3.3 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 5.8 വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) യൂണിറ്റുകളും വിജയകരമായി വിതരണം ചെയ്തു. ജലത്തിലെ ക്രോമിയം മലിനീകരണം കണ്ടെത്തുന്നതിനുള്ള കിറ്റ് ആണവോര്‍ജ മന്ത്രാലയം വികസിപ്പിച്ചു. രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജിയിലെ ഇന്‍ഡസ് സിങ്ക്രോട്രോ സംവിധാനം മൂന്നു ഷിഫ്റ്റുകളായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. 2019 നവംബര്‍ വരെ ഏകദേശം ആയിരം പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി രണ്ടു വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ കൂടി കണ്ടുപിടിച്ചു. ക്ഷയരോഗ നിര്‍ണയത്തിനുള്ള ട്യൂബര്‍കുലോസ്‌കോപ്പും വായ്ക്കകത്തെ കാന്‍സര്‍ സാധ്യത കണ്ടെത്താനുള്ള ഓങ്കോ ഡയഗ്‌നോസ്‌കോപ്പും. രണ്ടാമത്തെ ഉപകരണം മെഡിക്കല്‍ ക്യാമ്പുകളില്‍ ഡോക്ടര്‍മാര്‍ ഉപയോഗിച്ചു തുടങ്ങി.

ബൃഹത് ശാസ്ത്ര പദ്ധതികള്‍

വിജ്ഞാന്‍ സമാഗമം: രാജ്യത്തെ എല്ലാ വന്‍ ശാസ്ത്ര പദ്ധതികളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഒറ്റ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സഞ്ചരിക്കുന്ന പ്രദര്‍ശനമാണിത്. ആണവോര്‍ജ വകുപ്പും ശാസ്ത്ര സാങ്കേതിക വകുപ്പും ശാസ്ത്ര മ്യൂസിയ ദേശീയ സമിതിയും സാസ്‌കാരിക മന്ത്രാലയവും സംയുക്തമായിട്ടാണ് മുംബെ, ബെംഗളൂരു, കൊല്‍ക്കത്ത, ന്യൂഡെല്‍ഹി എന്നിവിടങ്ങളില്‍ വിജ്ഞാന്‍ സമാഗമം നടത്തിയത്. മുംബൈയിലും ബെംഗളൂരുവിലുമായി 2.7 ലക്ഷം പേര്‍ പ്രദര്‍ശനം കണ്ടു. ജര്‍മനിയിലെ ഫെയര്‍ ആക്‌സിലറേറ്ററിനായി ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് 67 അള്‍ട്രാ സ്റ്റേബിള്‍ പവര്‍ കണ്‍വേര്‍ട്ടറുകള്‍ നിര്‍മിച്ച് കയറ്റിയയച്ചു.

ആണവ സഹകരണം

അന്താരാഷ്ട്ര തലത്തില്‍ വന്‍ പങ്കാളികളുമായി ആണവ സഹകരണത്തിനായി ഇന്ത്യ നിരവധി ഉഭയകക്ഷി കരാറുകളില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെ ഒപ്പിട്ടു. റഷ്യയിലെ റോസാടോമുമായി 6 x 1,200 മെഗാവാട്ട് ആണവ വൈദ്യുത നിലയത്തിന്റെ നിര്‍മാണത്തിനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു. ജെയ്താപ്പൂര്‍ 6 x 1,650 മെഗാവാട്ട് ആണവ നിലയത്തിന്റെ നിര്‍വഹണ ഘട്ട ചര്‍ച്ചകള്‍ ഫ്രാന്‍സുമായി പുരോഗമിക്കുന്നു. ആന്ധ്രാപ്രദേശിലെ കൊവാഡയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 6 x 1,100 മെഗാവാട്ട് ആണവ നിലയത്തിന്റെ ചര്‍ച്ചകള്‍ അമേരിക്കയിലെ വെസ്റ്റിംഗ് ഹൗസുമായി നടന്നു വരുന്നു.

പ്രമുഖ വിതരണക്കാരില്‍ നിന്ന് യുറേനിയം വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ആണവ സഹകരണത്തിന്റെ ഭാഗമായി കാനഡ, കസാഖ്സ്ഥാന്‍, ഓസ്ട്രേലിയ എന്നീ ആഗോള യുറേനിയം വിതരണ രാജ്യങ്ങളില്‍ നിന്ന് ഇന്ധന വിതരണ ക്രമീകരണങ്ങളില്‍ ഇതിനോടകം വന്‍ പുരോഗതി നേടാന്‍ സാധിച്ചു.

മനുഷ്യ വിഭവ ശേഷി വികസനം

കല്‍പ്പിത സര്‍വകലാശാലയായി 2008 ല്‍ ഉയര്‍ത്തപ്പെട്ട ഹോമി ഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2018 മാര്‍ച്ച് 31 വരെയുള്ള കാലയളവിനിടെ 1,132 പിഎച്ച്ഡികളും 1,060 എം ടെക്ക് ബിരുദങ്ങളും നല്‍കി. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ എനര്‍ജി പാര്‍ട്ണര്‍ഷിപ്പുമായി സഹകരിച്ച് ബാദുര്‍ഗ്ഗയില്‍ ഒരു പുതിയ കാമ്പസ് തുടങ്ങി. വിവിധ വിഷയങ്ങളില്‍ ഇതുവരെ 18 പരിശീലന പരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചു.

2022 ല്‍ പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം 175 ഗിഗാവാട്ടിലേക്ക് ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സൗരോര്‍ജം, പവനോര്‍ജം, ജലവൈദ്യുതി എന്നിവയ്‌ക്കൊപ്പം ആണവോര്‍ജത്തിനും ഇതില്‍ സുപ്രധാന സ്ഥാനം നല്‍കിയിട്ടുണ്ട്. 90 കളില്‍ കേന്ദ്ര സര്‍ക്കാര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കനുവദിച്ച തുകയുടെ 15% ആണവോര്‍ജ മേഖലയ്ക്കാണ് ലഭിച്ചത്. 20% ഐഎസ്ആര്‍ഒയ്ക്ക് ലഭിച്ചപ്പോള്‍ ഒരു ശതമാനമാണ് സോളാര്‍ അടക്കം മറ്റ് പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയ്ക്കായി മാറ്റിവെച്ചത്. എന്നാല്‍ ആനുപാതികമായി നേട്ടമുണ്ടാക്കാന്‍ ആണവ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചില്ല.

പുനരുപയോഗിക്കാവുന്ന മറ്റ് ഊര്‍ജസ്രോതസുകള്‍ പ്രതികൂല പരിതസ്ഥിതിയിലും നിര്‍ണായക മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും തന്ത്രപരമായ ഊര്‍ജമെന്ന നിലയ്ക്ക് ആണവോര്‍ജത്തിന്റെ പ്രാധാന്യം എന്നും നിലനില്‍ക്കും. പ്രത്യേകിച്ച്, രാജ്യത്തെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുന്ന ഊര്‍ജം കൂടിയാണിതെന്ന വസ്തുത നിലനില്‍ക്കെ.

Categories: FK Special, Slider