പ്രതിമാസ പ്ലാനുകളിലേക്ക് ചാടി വരിക്കാര്‍

പ്രതിമാസ പ്ലാനുകളിലേക്ക് ചാടി വരിക്കാര്‍

ചെലവ് 40% ഉയര്‍ന്നതോടെ ദീര്‍ഘകാല പ്ലാനുകള്‍ ഉപഭോക്താക്കള്‍ ഉപേക്ഷിക്കുന്നു

മൂന്നുമാസത്തേക്കുള്ളവയുടെ സ്ഥാനത്ത് ഒരു മാസ റീചാര്‍ജുകളാണ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍, അവരുടെ മൊബീല്‍ ബില്‍ ചെലവ് പ്രതിമാസം 40-50% അധികമാവും

-രാജീവ് ശര്‍മ, എസ്ബിഐ കാപ് സെക്യൂരിറ്റീസ്

മുംബൈ: ടെലികോം കമ്പനികള്‍ താരിഫുകള്‍ ഉയര്‍ത്തിയതോടെ ഉപഭോക്താക്കള്‍ റീചാര്‍ജ് ചെയ്യുന്ന രീതികളിലും മാറ്റം പ്രകടമാവുന്നു. റീചാര്‍ജ് ചെയ്യുന്നതിനായി ഇപ്പോള്‍ ഓരോ ഉപഭോക്താവിനും മുന്‍പത്തേക്കാള്‍ 40 ശതമാനത്തോളം അധികം തുക ചിലവാക്കേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ത്തന്നെ കുടുംബ ബജറ്റ് സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ഇതോടെ ദൈര്‍ഘ്യം കൂടുതലുള്ള പ്ലാനുകള്‍ ഉപേക്ഷിച്ച് മാസാമാസം റീച്ചാര്‍ജ് ചെയ്യാനാരംഭിച്ചിരിക്കുകയാണെന്ന് ടെലികോം കമ്പനികളും വിതരണക്കാരും വ്യക്തമാക്കുന്നു.

84 ദിസത്തേക്കുള്ള പ്ലാനിന് താരിഫ് വര്‍ധനയ്ക്കു മുന്‍പ് 300 രൂപയോളമായിരുന്നു നല്‍കേണ്ടിയിരുന്നതെങ്കില്‍ ഇപ്പോഴത് 500 രൂപയ്ക്ക് മുകളിലായിട്ടുണ്ട്. അത്രയും തുക ഒരുമിച്ച് ചെലവാക്കാന്‍ വൈമനസ്യമുള്ളവരാണ് പ്രതിമാസ പ്ലാനുകളിലേക്ക് നീങ്ങിയിരിക്കുന്നത്. എന്നാല്‍ ചുരുങ്ങിയ കാലത്തേക്കുള്ള പ്ലാനുകളിലേക്കുള്ള മാറ്റം യഥാര്‍ത്ഥത്തില്‍ ഉപഭോക്താവിന് നഷ്ടമാണുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 40-50% വരെ നഷ്ടം ഇപ്രകാരം ഉണ്ടാവാമെന്നാണ് എസ്ബിഐ കാപ് സെക്യൂരിറ്റീസിന്റെ ഗവേഷണ വിഭാഗം തലവനായ രാജീവ് ശര്‍മ പറയുന്നത്. വരുമാനം ഉയര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന കമ്പനികള്‍ക്ക് ഇത് നല്ല വാര്‍ത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഇന്ത്യയിലെ മൊബീല്‍ ബില്ലുകള്‍ ഇപ്പോഴും താരതമ്യേന വളരെ കുറവാണെന്നാണ് ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) വ്യക്തമാക്കുന്നത്. ഒരു ദശാബ്ദം മുന്‍പ് അത് ഉപഭോക്താക്കളുടെ വാര്‍ഷിക വരുമാനത്തിന്റെ 6% ആയിരുന്നെങ്കില്‍ ഇന്നത് 1 ശതമാനത്തില്‍ താഴെയാണെന്ന് സിഒഎഐ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറയുന്നു.

Categories: FK News, Slider