ജപ്പാന്റെ നശീകരണ കപ്പലും നിരീക്ഷണ വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക്

ജപ്പാന്റെ നശീകരണ കപ്പലും നിരീക്ഷണ വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക്

അമേരിക്കയുടെ നാവികസഖ്യത്തില്‍ പങ്കാളിയാകില്ല

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സമുദ്രഗതാഗതത്തിന് സുരക്ഷയൊരുക്കുന്നതിനായി ജപ്പാന്‍ ഒരു നാവികക്കപ്പലും രണ്ട് നിരീക്ഷണ വിമാനങ്ങളും മേഖലയിലേക്ക് അയക്കും. എന്നാല്‍ ഇതിനോടകം തന്നെ പശ്ചിമേഷ്യയില്‍ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള സമുദ്ര ഗതാഗത സുരക്ഷാ സഖ്യത്തില്‍ അംഗമാകുകയില്ലെന്ന് ജപ്പാന്‍ വ്യക്തമാക്കി.

ഗള്‍ഫ് മേഖലയില്‍ ജപ്പാന്റേത് അടക്കമുള്ള ടാങ്കറുകള്‍ അക്രമിക്കപ്പെടുകയും സൗദി അറേബ്യയിലെ എണ്ണ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സമുദ്ര ഗതാഗത സുരക്ഷയ്ക്കായി സൈന്യത്തെ അയക്കാനുള്ള ജപ്പാന്റെ തീരുമാനം. ജപ്പാന്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 90 ശതമാനവും പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നുമാണ് വരുന്നത്.

ഇന്റെലിജന്‍സ് ആവശ്യങ്ങള്‍ക്കായുള്ള ഒരു നശീകരണ കപ്പലും രണ്ട് പി3സി നിരീക്ഷണ വിമാനങ്ങളുമാണ് പശ്ചിമേഷ്യയിലേക്ക് അയക്കുകയെന്ന് ജപ്പാനിലെ മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ് യോഷിഹിഡെ സുഗ അറിയിച്ചു. പശ്ചിമേഷ്യയുടെ സമാധാനവും സ്ഥിരതയും ജപ്പാനുമായി ബന്ധപ്പെട്ട കപ്പലുകളുടെ സുരക്ഷയും മുന്‍നിര്‍ത്തി രാജ്യം സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനമാണിതെന്നും സുഗ പറഞ്ഞു.

ഈ വര്‍ഷം തുടക്കം മുതല്‍ നിരവധി ആക്രമണങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷിയായത്. സൗദി അറേബ്യയുടെയും യുഎഇയുടെയും ഉടമസ്ഥതയിലുള്ള നിരവധി ടാങ്കറുകള്‍ ഹോര്‍മൂസ് കടലിടുക്കില്‍ വെച്ച് അക്രമിക്കപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയടക്കമുള്ളവര്‍ ആരോപിച്ചത്. എന്നാല്‍ തുടക്കം മുതലേ ഇറാന്‍ ഇക്കാര്യം നിഷേധിച്ചു. മറ്റുചില ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ പിടിച്ചെടുക്കുകയും ചെയ്തു.

കപ്പലുകള്‍ നിരന്തരമായി അക്രമിക്കപ്പെട്ടതോടെ ആഗോള എണ്ണവിതരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പശ്ചിമേഷ്യയിലെ സമുദ്രഗതാഗതത്തിന് സുരക്ഷയൊരുക്കാന്‍ അമേരിക്ക നാവികസഖ്യം രൂപീകരിച്ചു. ബ്രിട്ടനും ഓസ്‌ട്രേലിയയും അമേരിക്കയുടെ സഖ്യത്തില്‍ പങ്കാളികളാകുകയും വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷാ അകമ്പടി നല്‍കുന്നതിനായി യുദ്ധക്കപ്പലുകളെ മേഖലയിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കയുടെ പിന്മാറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇറാനുമായുള്ള ആണവകരാറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കന്‍ സഖ്യത്തില്‍ പങ്കാളികളാകാന്‍ തയാറായില്ല. ഹോര്‍മൂസ് കടലിടുക്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മറ്റൊരു നാവികസംഖ്യം രൂപീകരിക്കാനാണ് ഇവരുടെ തീരുമാനം.

ഭൂരിഭാഗം എണ്ണക്കപ്പലുകളും കടന്നുപോകുന്ന, അമേരിക്ക നാവിക സഖ്യത്തെ വിന്യസിച്ചിരിക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷാസേനയെ വിന്യസിക്കില്ലെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചിട്ടുണ്ട്. ഒമാന്‍ ഉള്‍ക്കടല്‍, അറബിക്കടലിന്റെ വടക്കന്‍ മേഖല, ഈഡന്‍ കടലിടുക്ക് എന്നിവിടങ്ങളിലാണ് സ്വയം പ്രതിരോധ സേനയെന്ന് അറിയപ്പെടുന്ന ജപ്പാന്റെ സുരക്ഷാ സേന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുക.

Comments

comments

Categories: Arabia
Tags: Japan ship

Related Articles