റഷ്യ-ജര്‍മനി പൈപ്പ്‌ലൈന്‍ പദ്ധതിക്ക് യുഎസിന്റെ ചുവപ്പ് കൊടി

റഷ്യ-ജര്‍മനി പൈപ്പ്‌ലൈന്‍ പദ്ധതിക്ക് യുഎസിന്റെ ചുവപ്പ് കൊടി

ബെര്‍ലിനും മോസ്‌കോയും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പുതിയ കരാര്‍ റഷ്യയെയും, ജര്‍മനിയെയും, യുഎസിനെയും, യൂറോപ്പിനെയും ഒരേ പോലെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. റഷ്യയില്‍നിന്നും ജര്‍മനിയിലേക്ക് വാതകം വിതരണം ചെയ്യുന്നതാണ് പദ്ധതി. ഈ പദ്ധതി സാക്ഷാത്കരിക്കുന്നതോടെ റഷ്യയ്ക്കു യൂറോപ്പില്‍ സ്വാധീനം വര്‍ധിക്കുമെന്നത് അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്. പദ്ധതിയുമായി സഹകരിക്കുന്ന കമ്പനികള്‍ക്കു യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

റഷ്യന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള വാതക കമ്പനിയാണു ഗാസ്‌പ്രോം. ജര്‍മനിയിലേക്കുള്ള വാതക കയറ്റുമതി വര്‍ധിപ്പിക്കാനായി കടലിനടിയിലൂടെ ഒരു പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ഗാസ്‌പ്രോം. ഈ പദ്ധതിയുടെ പേര് നോഡ് സ്ട്രീം 2 എന്നാണ്. ഉക്രൈനിനെയും പോളണ്ടിനെയും ഒഴിവാക്കി ബാള്‍ട്ടിക് കടലിനടിയിലൂടെ ജര്‍മനിയിലേക്കു വാതകമെത്തിക്കാന്‍ റഷ്യയെ പ്രാപ്തമാക്കുന്നതാണു പദ്ധതി. ഈ പദ്ധതിയുടെ ചെലവിന്റെ പകുതി ഗാസ്‌പ്രോം വഹിക്കും. ബാക്കി ചെലവ് അഞ്ച് യൂറോപ്യന്‍ ഊര്‍ജ്ജ കമ്പനികള്‍ സംയുക്തമായി ചേര്‍ന്നു വഹിക്കും. ഓസ്ട്രിയയുടെ ഒഎംവി, ജര്‍മനിയുടെ യൂണിപെര്‍, വിന്റര്‍ഷാല്‍, റോയല്‍ ഡച്ച് ഷെല്‍, ഫ്രാന്‍സിന്റെ എന്‍ജി എന്നിവരാണ് അഞ്ച് കമ്പനികള്‍. പക്ഷേ, ഈ പദ്ധതിക്കെതിരേ യുഎസ് രംഗത്തുവന്നിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമാകുന്ന അല്ലെങ്കില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന എല്ലാ കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്ന നിയമത്തില്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ചിരിക്കുകയാണ്. ബലപ്രയോഗത്തിനുള്ള ഉപകരണം (tool of coercion) എന്നാണു പൈപ്പ് ലൈന്‍ പദ്ധതിയെ ട്രംപ് വിശേഷിപ്പിച്ചത്. ഏകദേശം 11 ബില്യന്‍ ഡോളറിന്റേതാണു നോഡ് സ്ട്രീം 2 എന്ന പദ്ധതി. യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് നിയമനിര്‍മാതാക്കള്‍ സംയുക്തമായി പദ്ധതിയെ എതിര്‍ക്കുകയുണ്ടായി. നോഡ് സ്ട്രീം 2 പദ്ധതിയിലൂടെ റഷ്യയ്ക്കു യൂറോപ്പിലേക്കുള്ള ഊര്‍ജ്ജ വിതരണത്തില്‍ പിടിമുറുക്കാന്‍ സാധിക്കുമെന്നാണ് ട്രംപ് ഭരണകൂടം കരുതുന്നത്. യൂറോപ്യന്‍ വിപണി, അമേരിക്കന്‍ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ലാഭകരമായ വിപണിയാണ്. ഈ വിപണിയിലേക്ക് റഷ്യ പ്രവേശിക്കുമ്പോള്‍ അത് അമേരിക്കയുടെ പങ്ക് കുറയാന്‍ കാരണമാകുമെന്നാണു ട്രംപ് ഭരണകൂടം ഭയക്കുന്നത്.

പദ്ധതിയുടെ ഭാഗമായി റഷ്യയുടെ ഗാസ്‌പ്രോമിന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന 1,225 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ ജര്‍മനിയെ റഷ്യയുടെ ബന്ദിയാക്കി മാറ്റുമെന്നാണ് ട്രംപ് പറഞ്ഞത്. പദ്ധതിക്കെതിരേ യുഎസ് രംഗത്തുവന്നത് റഷ്യയെയും യൂറോപ്യന്‍ യൂണിയനെയും പ്രകോപിപ്പിച്ചിരിക്കുകയാണ്. നോഡ് സ്ട്രീം 2 പദ്ധതിക്കെതിരേ മാത്രമല്ല, റഷ്യ-തുര്‍ക്കി പൈപ്പ് ലൈന്‍ പദ്ധതിയായ ടര്‍ക്ക് സ്ട്രീമിനെതിരേയും (TurkStream) യുഎസ് രംഗത്തുവന്നിട്ടുണ്ട്. ആസ്തികള്‍ മരവിപ്പിക്കല്‍, കരാറുകാരുടെ യുഎസ് വിസ മരവിപ്പിക്കല്‍ എന്നീ നടപടികളും യുഎസ് എടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. റഷ്യയിലെ അനപയില്‍നിന്നു യൂറോപ്പിലേക്ക് പ്രകൃതിവാതകമെത്തിക്കുന്നതാണു ടര്‍ക്ക് സ്ട്രീം പദ്ധതി. ബ്ലാക്ക് സീ (കരിങ്കടല്‍) വഴിയാണു തുര്‍ക്കിയുമായി ബന്ധിപ്പിക്കുന്നത്. ഇത് 2020 ജനുവരി 8നു ചെയ്യാനിരിക്കുന്ന പദ്ധതിയാണ്. 2020 ല്‍ തന്നെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പദ്ധതിയാണ് നോഡ് സ്ട്രീം 2. പ്രതിവര്‍ഷം 55 ബില്യന്‍ ക്യുബിക് മീറ്റര്‍ വാതകം റഷ്യയില്‍നിന്നും ജര്‍മനിക്കു കൈമാറാന്‍ ശേഷിയുണ്ട് ഈ പദ്ധതിക്ക്. യൂറോപ്യന്‍ യൂണിയനില്‍ നോഡ് സ്ട്രീം 2നു വേണ്ടി ഏറ്റവും കൂടുതലായി വാദിക്കുന്നത് ജര്‍മനിയാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ ചില രാജ്യങ്ങള്‍ ഇതിനെതിരേ അഭിപ്രായം ഉന്നയിച്ചിട്ടുമുണ്ട്. പോളണ്ട് ഉള്‍പ്പെടെയുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മോസ്‌കോയുമായി യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ അടുക്കുന്നത് ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്.

എന്തു കൊണ്ട് പദ്ധതിക്കെതിരേ യുഎസ് രംഗത്തുവരുന്നു ?

നോര്‍ഡിക്, ബാള്‍ട്ടിക് രാജ്യങ്ങള്‍ തങ്ങളുടെ പ്രദേശങ്ങളിലൂടെ നോര്‍ഡിക് പദ്ധതിയുടെ ഭാഗമായ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത് അംഗീകരിക്കില്ലെന്ന് ആദ്യം യുഎസ് കരുതിയിരുന്നു. ഇതാണ് യുഎസ് നേരത്തേ പദ്ധതിക്കെതിരേ ശബ്ദിക്കാതിരുന്നത്. എന്നാല്‍ പല രാജ്യങ്ങളും പദ്ധതിക്ക് അംഗീകാരം നല്‍കി. ഡെന്‍മാര്‍ക്കാണ് അവസാനം വരെ അംഗീകാരം നല്‍കാതിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ അവരും പദ്ധതിക്ക് അംഗീകാരം നല്‍കുകയുണ്ടായി. അങ്ങനെയാണ് ഇപ്പോള്‍ പദ്ധതിക്കെതിരേ യുഎസിന് രംഗത്തുവരേണ്ടി വന്നത്. പദ്ധതിക്കെതിരേ രംഗത്തുവരാന്‍ നിരവധി കാരണങ്ങള്‍ യുഎസ് നിരത്തുന്നുണ്ട്. ഒന്നാമതായി ഈ പദ്ധതി ഉക്രൈനിന്റെ സുരക്ഷയെ അപകടത്തിലാക്കുമെന്നും കിഴക്കന്‍ യൂറോപ്പില്‍ റഷ്യയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നും യുഎസ് ഭയപ്പെടുന്നു. കിഴക്കന്‍ യൂറോപ്പിലുള്ള പല രാജ്യങ്ങളും ഒരു കാലത്ത് സോവിയറ്റ് യൂണിയന്റേതായിരുന്നല്ലോ. വര്‍ഷങ്ങളായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉക്രൈനിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് ആ രാജ്യത്തെ കുഴപ്പത്തിലാക്കുന്നുമുണ്ട്. ഇപ്പോള്‍ നോഡ് സ്ട്രീം 2 പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഉക്രൈനിനു മേലുള്ള പുടിന്റെ സ്വാധീനം ഗണ്യമായി വര്‍ധിക്കുകയും ചെയ്യും. പഴയ സോവിയറ്റ് യൂണിയനില്‍നിന്നും വേര്‍പ്പെട്ട് രൂപീകൃതമായ രാജ്യമാണ് ഉക്രൈന്‍. ഇപ്പോള്‍ റഷ്യ ശ്രമിക്കുന്നത് ഉക്രൈനിനെ റഷ്യയുടെ ഭാഗമാക്കിയെടുക്കുക എന്നതാണ്. എന്നാല്‍ ജര്‍മനി ആരോപിക്കുന്നത് പദ്ധതിയെ യുഎസ് എതിര്‍ക്കുന്നത് ഉക്രൈനിന്റെ സുരക്ഷയെ കരുതിയല്ലെന്നാണ്. പകരം, യൂറോപ്പില്‍ യുഎസിന്റെ ദ്രവീകൃത പ്രകൃതി വാതകം വില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് റഷ്യന്‍ പദ്ധതിക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും ജര്‍മനി ആരോപിക്കുന്നു.

പദ്ധതിക്ക് എന്ത് സംഭവിക്കും ?

നോഡ് സ്ട്രീം 2 പദ്ധതിയുമായി സഹകരിക്കുന്ന കമ്പനികള്‍ക്കെതിരേ യുഎസ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കാലതാമസുമുണ്ടാകാന്‍ സാധ്യതയുണ്ട്. പക്ഷേ, അവ പദ്ധതിയെ പൂര്‍ണമായും ഇല്ലാതാക്കില്ല. യുഎസ് പദ്ധതിക്കെതിരേ രംഗത്തുവന്നിരിക്കുന്നത് ജര്‍മനിയും റഷ്യയും കൂടുതല്‍ സഹകരണത്തിലേക്കു നയിക്കാനുള്ള സാധ്യതയാണ് ഉയര്‍ത്തിയിരിക്കുന്നത്. മാത്രമല്ല യുഎസിനോടുള്ള പൊതു വിദ്വേഷം കൂടുതല്‍ വര്‍ധിപ്പിക്കുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തിലാണ് ലോകം. യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യത്തില്‍ ഒരുപടി മുന്നിലുമാണ്. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. അതോടൊപ്പം പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് മാറാനുള്ള ശ്രമങ്ങളും നടക്കുന്നു. റഷ്യയില്‍നിന്നുള്ള പ്രകൃതി വാതകം ഭാവിയിലെ പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള പാലമായിരിക്കുമെന്നു ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കരുതുന്നുണ്ട്. വാണിജ്യ താല്‍പര്യങ്ങള്‍ ആധുനിക ലോകത്തെ പ്രത്യയശാസ്ത്രപരവും ഭൗമരാഷ്ട്രീയവുമായ വ്യത്യാസങ്ങള്‍ മറികടക്കാന്‍ പ്രേരിപ്പിക്കും. നോഡ് സ്ട്രീം 2 പദ്ധതിയില്‍ ജര്‍മനി-റഷ്യ സഹകരണവും ഈ അടിസ്ഥാനത്തില്‍ വേണം കാണുവാനെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Categories: Top Stories