2019-20 വിമാനക്കമ്പനികള്‍ക്ക് നഷ്ടത്തിന്റെ വര്‍ഷം

2019-20 വിമാനക്കമ്പനികള്‍ക്ക് നഷ്ടത്തിന്റെ വര്‍ഷം

ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4,273 കോടി രൂപ നഷ്ടമുണ്ടാവുമെന്ന് കാപ്പാ ഇന്ത്യ

ജെറ്റ് എയര്‍വേസ് പൂട്ടിയതും ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നതും, എയര്‍ബസ് 320 നിയോ വിമാനത്തിന്റെ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എഞ്ചിനുകള്‍ നേരിടുന്ന തകരാറുകളുമുള്‍പ്പടെ പ്രശനങ്ങളുടെ ഒരു നിര വിമാനക്കമ്പനികളുടെ ശേഷിയെ ബാധിച്ചു

 -ഐക്ര, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി

ന്യുഡെല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് കനത്ത നഷ്ടമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 4,273 കോടി രൂപയുടെ നഷ്ടം കമ്പനികള്‍ നേരിടേണ്ടി വരുമെന്ന് വ്യോമയാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉപദേശക ഏജന്‍സിയായ കാപ്പാ ഇന്ത്യ കണക്കാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 3,561 മുതല്‍ 4,985 കോടി രൂപ വരെ ലാഭമുണ്ടാകുമെന്ന മുന്‍ റിപ്പോര്‍ട്ടുകളാണ് കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നത്. ‘ഒരു പാദത്തിനിടെ കാപ്പാ ഇന്ത്യ കണക്കാക്കുന്ന ഏറ്റവും രൂക്ഷമായ പിന്നോട്ടടിക്കലാണിത്’ ഏജന്‍സി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും, സ്‌പൈസ് ജെറ്റും സെപ്റ്റംബര്‍ പാദത്തില്‍ വളരെ വലിയ നഷ്ടമാണുണ്ടാക്കിയത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ 1,062 കോടിയുടെ അപ്രതീക്ഷിത നഷ്ടമാണുണ്ടാക്കിയത്. ഇന്‍ഡിഗോ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും, പരിശോധനകളുമുണ്ടാക്കിയ ചെലവുകള്‍ യാത്രക്കാരുടെടെ എണ്ണത്തിലും വരുമാനത്തിലുമുണ്ടായ വര്‍ധനയെ കവച്ചുവെക്കുകയായിരുന്നു. സംരംഭകനായ അജയ് സിംഗിന്റെ ഉടമസ്ഥതയിലുള്ള സ്‌പൈസ്‌ജെറ്റിന് ആകെ 461.22 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ പാദത്തിലുണ്ടായത്.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വ്യോമയാന വിപണി 3-4% വളരുമെന്ന് കാപ്പാ ഇന്ത്യ കണക്കാക്കുന്നു. എന്നാല്‍ ജനുവരി 31 ന് അകം 100 എയര്‍ബസ് 320 നിയോ വിമാനങ്ങളുടെ എഞ്ചിനുകള്‍ മാറ്റിവെക്കാനുള്ള സമയക്രമം ഇന്‍ഡിഗോ പാലിക്കുമോയെന്നതിനെ കൂടി ആശ്രയിച്ചായിരിക്കും ഈ വളര്‍ച്ചയെന്നും ഏജന്‍സി നിരീക്ഷിക്കുന്നു. ഈ തിയതിയില്‍ ഇന്‍ഡിഗോക്ക് ഇളവ് ലഭിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ പറയുന്നു.

Comments

comments

Categories: Business & Economy, Slider