ബ്രിജ് ഫൈ, ഫയര്‍ ചാറ്റ് ആപ്പുകള്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണിനിടയില്‍ പ്രചാരം നേടുന്നു

ബ്രിജ് ഫൈ, ഫയര്‍ ചാറ്റ് ആപ്പുകള്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണിനിടയില്‍ പ്രചാരം നേടുന്നു

ന്യൂഡല്‍ഹി: പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അധികൃതര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്നതിനാല്‍ നിരവധി പേര്‍ ഓഫ്‌ലൈന്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളിലേക്കു തിരിഞ്ഞിരിക്കുകയാണ്. ബ്രിജ് ഫൈ, ഫയര്‍ ചാറ്റ് എന്നീ ആപ്പുകള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരം ലഭിച്ചിരിക്കുന്നത്. ഈ രണ്ട് ആപ്പുകളും ഗൂഗിളിന്റെയും ആപ്പിളിന്റെയും സ്റ്റോറുകളില്‍ ലഭ്യമാണ്. ഈ ആപ്പ് മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബ്ലൂ ടൂത്ത്, വൈ-ഫൈ എന്നിവ ആക്ടീവാക്കിയാല്‍ മാത്രം മതി.

ബ്രിജ് ഫൈ മൂന്ന് മോഡുകളില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യത്തേതില്‍, 330 അടി (100 മീറ്റര്‍) വരുന്ന പരിസരങ്ങള്‍ക്കുള്ളില്‍നിന്നു കൊണ്ട് ഒരാള്‍ക്ക് അയാളുടെ സുഹൃത്തിനോ, ബന്ധുവിനോ ബ്ലൂ ടൂത്ത് കണക്റ്റിവിറ്റിയുടെ സഹായത്തോടെ ടെക്സ്റ്റ് സന്ദേശം അയയ്ക്കാന്‍ സാധിക്കും. ഇൗ രീതി പ്രകാരം ഒരാള്‍ക്ക് ഒരു സമയം ഒരു ടെക്‌സ്റ്റ് സന്ദേശം മാത്രമാണ് അയയ്ക്കാന്‍ സാധിക്കുക. നിര്‍ദ്ദിഷ്ട 330 അടിയില്‍ കൂടുതല്‍ ദൂരത്തേയ്ക്ക് അഥവാ ദീര്‍ഘദൂര ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനായി ബ്രിജ് ഫൈ ഒരു മെഷ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നു. ഇതിനുപക്ഷേ അടിസ്ഥാനപരമായി ആപ്പ് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ എണ്ണത്തിലുള്ള ഉപകരണങ്ങള്‍ ആവശ്യമാണ്. മൂന്നാമത്തെ മോഡ് എന്നത് ബ്രോഡ്കാസ്റ്റ് മോഡാണ്. ബ്രിജ് ഫൈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കു ചുറ്റുമുള്ള ആര്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ മാസം 12 മുതല്‍ അസമിലും മേഘാലയയിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചപ്പോള്‍ ബ്രിജ് ഫൈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണവും അത് ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചതായി യുഎസ് ആപ്പ് ഇന്റലിജന്‍സ് കമ്പനിയായ ആപ്പ് ടോപിയയുടെ റിപ്പോര്‍ട്ട് സൂചിപ്പിച്ചു. മറ്റൊരു ആപ്പ് ആയ ഫയര്‍ചാറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഫയര്‍ ചാറ്റില്‍ ഇന്റര്‍നെറ്റില്ലാതെ തന്നെ ടെക്സ്റ്റ് സന്ദേശവും ഇമേജും അയയ്ക്കാന്‍ സാധിക്കും. ബ്രിജ് ഫൈയും, ഫയര്‍ചാറ്റും കൂടാതെ സിഗ്നല്‍ ഓഫ്‌ലൈന്‍ എന്നൊരു ആപ്പ് കൂടിയുണ്ട്. ഈ ആപ്പ് വൈ-ഫൈയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

Categories: FK News