വാള്‍മാര്‍ട്ടിന്റെ മൊത്തവ്യാപാരത്തില്‍ പങ്കാളിയാവാന്‍ ടാറ്റ

വാള്‍മാര്‍ട്ടിന്റെ മൊത്തവ്യാപാരത്തില്‍ പങ്കാളിയാവാന്‍ ടാറ്റ

‘ബെസ്റ്റ് പ്രൈസ് മോഡേണ്‍ ഹോള്‍സെയില്‍’ന്റെ 49% ഓഹരികള്‍ സ്വന്തമാക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതി

ന്യുഡെല്‍ഹി: യുഎസ് ആസ്ഥാനമായ ആഗോള മൊത്തവ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ ഇന്ത്യന്‍ വ്യവസായ ഭീമന്‍ ടാറ്റ ഒരുങ്ങുന്നു. വാള്‍മാര്‍ട്ടിന് ഇന്ത്യയിലുള്ള ബി2ബി മൊത്തവ്യാപാര സംരംഭമായ ‘ബെസ്റ്റ് പ്രൈസ് മോഡേണ്‍ ഹോള്‍സെയില്‍’ന്റെ 49% ഓഹരികള്‍ സ്വന്തമാക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. വാള്‍മാര്‍ട്ടിന് പ്രവര്‍ത്തന മൂലധനവും ടാറ്റയ്ക്ക് ആഭ്യന്തര ഹോള്‍സെയ്ല്‍ വ്യവസായത്തിലേക്ക് ഇടിച്ചുകയറാനുള്ള അവസരവും ഒരുക്കുന്നതാണ് നീക്കം. ടാറ്റയുടെ സ്വാധീനമുപയോഗിച്ച് ഇന്ത്യന്‍ വിപണിയില്‍ നിര്‍ണായക മുന്നേറ്റം നടത്താന്‍ വാള്‍മാര്‍ട്ടിനെയും ഈ സഹകരണം സഹായിച്ചേക്കും.

വാള്‍മാര്‍ട്ടിന് നിലവില്‍ 28 ബെസ്റ്റ് പ്രൈസ് സ്റ്റോറുകളാണ് രാജ്യത്തുള്ളത്. അതോടൊപ്പം ബെംഗളൂരു ആസ്ഥാനമായ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിന്റെ ഭൂരിഭാഗം ഓഹരികളും യുഎസ് കമ്പനിയുടെ കൈവശമാണ്. ടാറ്റ ക്ലിക്ക്, ടൈറ്റന്‍, ക്രോമ, സ്റ്റാര്‍ബക്ക്‌സ്, വെസ്റ്റസൈഡ്, സ്റ്റാര്‍ ബസാര്‍ എന്നീ ബ്രാന്‍ഡുകളുമായി ഇന്ത്യന്‍ ചില്ലറ വിപണിയില്‍ ടാറ്റയ്ക്കും നിര്‍ണായക സ്വാധീനമുണ്ട്. മെട്രോ എജി, റിലയന്‍സ്, തായ്‌ലന്‍ഡ് ആസ്ഥാനമായ ലോട്‌സ് ഹോള്‍സേല്‍ എന്നിവയാണ് ആഭ്യന്തര മൊത്തവ്യാപാര രംഗത്ത് വാള്‍മാര്‍ട്ടുമായി മത്സരിക്കുന്നത്.

100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയുള്ള മേഖലയാണ് കാഷ്-ആന്‍ഡ്-കാരി മൊത്തവ്യാപാരം. ഇതില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് സാധനങ്ങള്‍ വില്‍ക്കാതെ പലചരക്ക് കടകള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍ എന്നിവയ്ക്കാണ് ഉല്‍പ്പന്നങ്ങള്‍ മൊത്തവിലയ്ക്ക് നല്‍കുക. സുനില്‍ ഭാരതി മിത്തലിന്റെ ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന് 2007 ലാണ് വാള്‍മാര്‍ട്ട് ഇന്ത്യയിലെ കാഷ്-ആന്‍ഡ്-ക്യാരി രംഗത്തേക്കിറങ്ങിയതെങ്കിലും 2013 ല്‍ ഇരു കമ്പനികളും പങ്കാളിത്തം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി പുനഃസ്ഥാപിച്ച എന്‍സിഎല്‍എറ്റി ഉത്തരവ്, ടാറ്റ-വാള്‍മാര്‍ട്ട് ഒത്തുചേരല്‍ വൈകിപ്പിച്ചേക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

വലിയ വിപണി

ഇന്ത്യയിലെ ഭക്ഷ്യ, പലചരക്ക് ആഭ്യന്തര മൊത്തവിപണി 60,000 കോടി ഡോളര്‍ വരുന്നതാണ്. ഇതിന്റെ 10% മാത്രമാണ് സംഘടിത ഹോള്‍സെയ്ല്‍ ബിസിനസിന്റെ പങ്കാളിത്തം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11% വളര്‍ച്ചയോടെ 4,065 കോടി രൂപയുടെ വരുമാനമാണ് വാള്‍മാര്‍ട്ട് ഇന്ത്യയിലുണ്ടാക്കിയത്. അറ്റനഷ്ടം ഇരട്ടിച്ച് 172 കോടി രൂപയിലെത്തുകയും ചെയ്തു.

Categories: FK News, Slider
Tags: Tata, Walmart