ലോകസമാധാനത്തിന് ഇറാന്‍ ആണവ കരാര്‍ അനിവാര്യം, നടപ്പിലാക്കണം

ലോകസമാധാനത്തിന് ഇറാന്‍ ആണവ കരാര്‍ അനിവാര്യം, നടപ്പിലാക്കണം

ഐക്യരാഷ്ട്രസഭയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ പ്രസ്താവന അവതരിപ്പിച്ചു

യുഎന്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഇറാന്‍ ആണവ കരാര്‍ അനിവാര്യമാണെന്നും അത് യഥാര്‍ത്ഥ്യമാക്കണമെന്നും ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിലെ ആറ് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍. ആണവക്കരാറിനായി വാദിക്കുന്ന ബെല്‍ജിയം, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, എസ്‌തോണിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുരക്ഷാസമിതിയില്‍ പ്രസ്താവന നല്‍കിയത്.

ആണവ നിരായുധീകരണ ഉടമ്പടിക്കുള്ളില്‍ (എന്‍പിടി) നിന്നുകൊണ്ട് ഇറാന്‍ ആണവക്കരാറുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും നടപ്പിലാക്കപ്പെടണമെന്നാണ് പ്രസ്താവനയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണെന്ന് ഉറപ്പുവരുത്താന്‍ ആണവ കരാര്‍ അനിവാര്യമാണെന്നും ഇവര്‍ പറയുന്നു.

സുരക്ഷാസമിതി ചേംബറിന് പുറത്തായി മറ്റ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഐക്യരാഷ്ട്രസഭയിലെ പോളണ്ടിന്റെ സ്ഥിരം പ്രതിനിധിയായ ജൊയാന്ന വെറോനിക്കയാണ് പ്രസ്താവന വായിച്ചത്. കരാര്‍ സംരക്ഷിക്കുന്നതിനായുള്ള കാര്യക്ഷമമായ നയതന്ത്ര ശ്രമങ്ങള്‍ തുടരണമെന്നും കഠിന ശ്രമങ്ങളിലൂടെ നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വെറോനിക്ക പറഞ്ഞു.

കരാറില്‍ നിന്നും പിന്മാറിയതിന് പുറമേ അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധമേര്‍പ്പെടുത്തിയതിലും ഇറാനുമായുള്ള എണ്ണ വ്യാപാരത്തിന് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിലും ആറ് രാഷ്ട്രങ്ങള്‍ക്കും ഖേദമുണ്ട്. ഇറാന്‍ ആണവ കരാറിന്റെ ലക്ഷ്യങ്ങള്‍ക്കും കരാറിന് അംഗീകാരം നല്‍കുന്ന 2231 പ്രമേയത്തിനും വിരുദ്ധമാണ് അമേരിക്കയുടെ നടപടികളെന്നും വെറോനിക്ക പറഞ്ഞു.

അതേസമയം കരാറില്‍ പറയുന്ന ആണവ-അനുബന്ധ വ്യവസ്ഥകളിന്മേലുള്ള ഉത്തരവാദിത്തം കുറയ്ക്കുന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാന്‍ കൈക്കൊള്ളുന്ന, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ച ‘ആശങ്കാജനകമായ നടപടികളിലും’ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഖേദം അറിയിച്ചു. ഒട്ടും താമസിക്കാതെ ഈ നടപടികള്‍ ഇറാന്‍ തിരുത്തണമെന്നും സ്ഥിതിഗതികള്‍ വഷളാക്കുന്ന മറ്റ് നടപടികള്‍ എടുക്കരുതെന്നും പ്രസ്താവനയിലൂടെ ഇവര്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: Arabia

Related Articles