അതിവിശിഷ്ടമാണ് ഈ താമര

അതിവിശിഷ്ടമാണ് ഈ താമര

അനന്തപുരിയില്‍ ആതിഥേയത്വത്തിന്റെ ശ്രുതിമധുരം ‘ഒ ബൈ താമര’

ആതിഥേയ മേഖലയില്‍ പരിചയസമ്പത്തുള്ള പ്രമുഖ ഹോട്ടല്‍ ശൃംഖല താമര ലീഷര്‍ എക്‌സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേരളത്തിലെ ആദ്യ ഹോട്ടലിന് തിരുവനന്തപുരത്ത് ആരംഭം കുറിച്ചത് അടുത്തിടെയാണ്. തലസ്ഥാനത്ത് ആക്കുളത്ത് ഒ ബൈ താമര എന്ന പേരിലാണ് ഗ്രൂപ്പിന്റെ ആദ്യത്തെ പഞ്ചനക്ഷത്രഹോട്ടല്‍. കൊടൈക്കനാല്‍, കൂര്‍ഗ്, ബെംഗളൂരു എന്നിവിടങ്ങളില്‍ ഹോട്ടലുകളുള്ള താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എല്ലാവിധ ആഡംബര സജ്ജീകരണങ്ങളും തിരുവനന്തപുരത്തെ ഏറ്റവും വലിയ ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററുമായാണ് ‘ഒ ബൈ താമര’ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. താമര ലീഷര്‍ എക്‌സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും ഡയറക്റ്ററുമായ ശ്രുതി ഷിബുലാല്‍ കേരളത്തിന്റെ ഹോസ്പിറ്റാലിറ്റി മേഖലയെ പറ്റിയും നിക്ഷേപരംഗത്തെ കുറിച്ചും ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെ കുറിച്ചും ഫ്യൂച്ചര്‍ കേരളയോട് സംസാരിക്കുന്നു.

  • സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരണം
  • കേരളത്തില്‍ സംരംഭം നടത്തിക്കൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ല
  • എക്‌സ്ട്രീം പ്രീമിയം ഹോട്ടലുകള്‍ക്ക് അനുയോജ്യമല്ല കേരളം
  • ബ്ലാംഗ്ലൂരില്‍ ഇനിയൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന് സാധ്യതയില്ല

തികച്ചും വ്യത്യസ്തമായ പേരാണ് താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിന് നല്‍കിയിരിക്കുന്നത്. ഒ ബൈ താമര എന്ന പേരിലെ ഒ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്?

ഔട്ട്സ്റ്റാന്‍ഡിംഗ് ഹോസ്പിറ്റാലിറ്റിയെയാണ് ഒ ബൈ താമര എന്ന പേരിലെ ഒ പ്രതിനിധീകരിക്കുന്നത്. ഹോസ്പിറ്റാലിറ്റി സംസ്‌കാരത്തിന് പേര് കേട്ട നാടാണ് ടൂറിസം മുഖ്യവ്യവസായമായ കേരളം. ഔട്ട്സ്റ്റാന്‍ഡിംഗ് ഹോസ്പിറ്റാലിറ്റിയുടെ പര്യായമായിരിക്കും ഒ ബൈ താമര. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു ഹോംലി ഫീല്‍ സമ്മാനിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

താമര ലീഷര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ നിക്ഷേപമാണ് ഒ ബൈ താമര. എന്തുകൊണ്ടാണ് തിരുവനന്തപുരം തെരഞ്ഞെടുത്തത്?

ഒരു ബിസിനസ് പ്രോജക്ട് എന്ന നിലയില്‍ ഒ ബൈ താമര ആരംഭിക്കാന്‍ ആദ്യം തന്നെ മനസില്‍കണ്ട സ്ഥലം തിരുവനന്തപുരമാണ്. സ്വാഭാവികമായും മറ്റ് സ്ഥലങ്ങളിലെന്ന പോലെ സാധ്യതാപഠനം നടത്തിയശേഷമാണ് തിരുവനന്തപുരം മതിയെന്ന ഉറപ്പിച്ചത്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വലിയ സാധ്യതകളുള്ള സ്ഥലമാണ് തിരുവനന്തപുരം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്ക്, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ സാന്നിദ്ധ്യം ഇവിടത്തെ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പണി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അന്താരാഷ്ട്ര സംരംഭങ്ങള്‍ ഇവിടേക്കെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരുപാട് ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്കും ഇവന്റുകള്‍ക്കുമുള്ള സാധ്യതകള്‍ തിരുവനന്തപുരത്തുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഉപയോക്താക്കളെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ കുടുംബസമേതം ഔട്ടിംഗിന് പോകാനും പുറത്തുപോയി ഭക്ഷണം കഴിക്കാനും താല്‍പര്യമുള്ള ആളുകളാണ് തിരുവനന്തപുരത്തുള്ളത്. അതുകൂടി മുന്നില്‍ കണ്ടുകൊണ്ട് വളരെ ഭക്ഷണ വൈവിദ്ധ്യങ്ങളുള്ള റെസ്റ്റോറന്റ് ആണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇവിടത്തെ തദ്ദേശവാസികളെയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധി അന്വേഷണങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതൊരു പോസിറ്റീവ് സൈന്‍ ആയാണ് കാണുന്നത്. തിരുവനന്തപുരത്തെ ഏറ്റവും വലിയ ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഞങ്ങളുടെതാണ്. 500 പേര്‍ക്ക് ഇരിക്കാവുന്ന റൗണ്ട് ടേബിള്‍ കണ്‍വെന്‍ഷന്‍ സെന്ററാണത്. ആകെ 10000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് ഹാളിനുള്ളത്. അത് രണ്ടായി തിരിക്കാനും സാധിക്കും. തിരുവനന്തപുരത്തിന്റെ പൊട്ടന്‍ഷ്യല്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. അതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്തെ ഹോസ്പിറ്റാലിറ്റിരംഗത്തെ അപര്യാപ്തത മൂലം പല ഇവന്റ്‌സും മറ്റ് ജില്ലകളിലേക്ക് മാറിപോകുന്നുണ്ട്. അവര്‍ തിരിച്ചുവരാന്‍ സന്നദ്ധരാണ്. അത് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷയും. ഞങ്ങളുടെ ആടുത്ത പ്രോക്റ്റുകള്‍ ആലപ്പുഴയില്‍ താമര ആയുര്‍വേദ റിസോര്‍ട്ടും ഗുരുവായൂരും കണ്ണൂരും ലൈലാക്ക് ബജറ്റ് ഹോട്ടലുകളുമാണ്.

ഷിബുലാല്‍ എന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്റെ മകള്‍ എങ്ങനെയാണ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് തിരിഞ്ഞത്?

നിങ്ങളുടെ മാതാപിതാക്കള്‍ പത്രപ്രവര്‍ത്തകര്‍ ആയിരുന്നില്ലല്ലോ. അവരുടെ താല്‍പര്യം ആയിരിക്കില്ല നമുക്ക്. ഞാന്‍ പഠിച്ചത് കെമസ്ട്രിയാണ്. പക്ഷെ എനിക്ക് താല്‍പര്യം ഹോസ്പിറ്റാലിറ്റി മേഖലയായിരുന്നു. അങ്ങനെയാണ് റെസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞത്. 2009ല്‍ ബാംഗ്ലൂരിലാണ് ആദ്യത്തെ റെസ്‌റ്റോറന്റ് ആരംഭിച്ചത്. കൂടുതല്‍പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നത് എന്റെ ലക്ഷ്യമാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മേഖല ഹോസ്പിറ്റാലിറ്റി രംഗമാണ്.

ഞങ്ങള്‍ ഇവിടെ ശ്രദ്ധിച്ച പ്രധാനപ്പെട്ട കാര്യം ഒ ബൈ താമരയിലെ എല്ലാ സാധനങ്ങളും പ്രകൃതിസൗഹൃദ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ചവയാണെന്നതാണ്. പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഈ ഹോട്ടലിലെങ്ങും കാണാനില്ല എന്നുതന്നെ പറയാം. താമര ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ഇത്തരത്തിലാണോ?

താമര ലീഷര്‍ ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പിന്തുടരുന്നവയാണ്. അതത് സ്ഥലങ്ങളിലെ കുടുംബശ്രീ പോലുള്ള പ്രദേശിക ഗ്രൂപ്പുകളുമായുള്ള സഹകരണത്തിലൂടെയാണ് പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പരമാവധി കുറയ്ക്കാനും ബദല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും ഞങ്ങള്‍ക്ക് കഴിയുന്നത്. ഒരു സ്ഥലത്ത് സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിക്കുന്ന സമയം മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഹോട്ടലിന്റെ ഡിസൈന്‍ ആയതിന് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ പരമാവധി വിനിയോഗിക്കാനും അവ പാഴാകുന്നത് കുറയ്ക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതി സൗഹൃദപരമായിരിക്കാനും ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ബില്‍ഡിംഗിന്റെ ലൈറ്റിംഗ്, ജലവിതരണ സംവിധാനം, മാലിന്യ സംസ്‌കരണം ഇവയെല്ലാം പരിസ്ഥിതി്ക്ക് അനുയോജ്യമാകുംവിധമാണ് ഡിസൈന്‍ ചെയ്യുന്നത്. തീര്‍ച്ചയായും അത് വളരെ കഠിനാധ്വാനവും തീവ്രശ്രദ്ധയും ആവശ്യമായ കാര്യമാണ്. അതിന് ഒപ്പം നിന്ന ഞങ്ങളുടെ ടീമിനോട് ഏറെ നന്ദിയുണ്ട്. ഗ്രൂപ്പിന്റെ ഓപ്പറേഷന്‍ ടീമിന് ഹോസ്പിറ്റാലിറ്റി പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലായിരിക്കണം, ഉപഭോക്താക്കളോട് എത്തരത്തില്‍ ഇടപെടണം, പ്രദേശവാസികളായ സാധാരണക്കാരോട് എത്തരത്തില്‍ ഇടപെടണം, അതെസമയം അന്താരാഷ്ട്ര നിലവാരം എങ്ങനെ പാലിക്കണം എന്നൊക്കെയുള്ള ട്രയിനിംഗ് ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. മിനിമം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാക്‌സിമം റിസള്‍ട്ട് ഉണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വെള്ളം പാഴാക്കാതെ, വൈദ്യുതി അനാവശ്യമായി ധൂര്‍ത്തടിക്കാതെയാണ് ഞങ്ങളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത് പ്രകൃതിസംരക്ഷണത്തോടൊപ്പം ഞങ്ങള്‍ക്ക് സാമ്പത്തികലാഭവും ഉണ്ടാക്കിത്തരുന്നു. എന്നാല്‍ ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഞങ്ങള്‍ ചെയ്യില്ല. ഇത് ഞങ്ങളുടെ ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും അജണ്ടയാണ്.

രാജ്യത്ത് പ്രീമിയം ഹോട്ടല്‍ ബിസിനസിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചിട്ടുണ്ടോ?

അത് പൊതുവായിപറയാന്‍ കഴിയില്ല. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങളും ഭൂമിശാസ്ത്രവും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ചില നഗരങ്ങളില്‍ പ്രീമിയം ഹോട്ടലുകള്‍ ആവശ്യത്തിനുമധികമായിക്കഴിഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ ഇനിയും അവസരങ്ങളുണ്ട്. ഓരോ സ്ഥലത്തെയും ഡിമാന്റ് പഠിച്ചതിന് ശേഷമാണ് ഏതുതരം ഹോട്ടല്‍ ആരംഭിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുക. ഞങ്ങളുടെ ഗ്രൂപ്പിന് കീഴില്‍ പ്രീമിയം ഹോട്ടലുകളും ബജറ്റ് ഹോട്ടലുകളും ഉണ്ട്. തിരുവനന്തപുരത്ത് മികച്ച നിലവാരമുള്ള പ്രീമിയം ഹോട്ടലുകളുടെ ആവശ്യകത ഉണ്ടെന്ന് മനസിലാക്കിയ ശേഷമാണ് ഇവിടെ ഒ ബൈ താമര ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ എക്‌സ്ട്രീം പ്രീമിയം ഹോട്ടലുകള്‍ക്ക് അനുയോജ്യമല്ല കേരളം. അടുത്തതായി ആലപ്പുഴയില്‍ താമര റിസോര്‍ട്ടും ഗുരുവായൂരും കണ്ണൂരും ബജറ്റ് ഹോട്ടലുകളും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംരംഭകസൗഹൃദസംസ്ഥാനമല്ലെന്ന ചീത്തപ്പേര് കേരളത്തിനുണ്ടായിരുന്നു. ഇവിടെ നിക്ഷേപം നടത്തിയ സംരംഭക എന്ന നിലയില്‍ താങ്കളുടെ അനുഭവമെന്താണ്?

അത്തരമൊരു അഭിപ്രായം എനിക്കില്ല. ഞാന്‍ ഇവിടെയൊരു സംരംഭം ആരംഭിച്ചു. ഇതുവരെയും വളരെ മികച്ച നിലയില്‍ തന്നെയാണ് അത് മുന്നോട്ടുപോകുന്നത്. വിമര്‍ശകര്‍ പറയുന്നതുപോലെ യാതൊരു മോശം അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല. അതുകൊണ്ട് കേരളമൊരു സംരംഭകസൗഹൃദസംസ്ഥാനമല്ലെന്ന് എനിക്ക് പറയാന്‍ കഴിയില്ല.

ഓയോ പോലുള്ള ശൃംഖലകള്‍ വിപണി പിടിച്ചെടുക്കുന്ന ഇക്കാലത്ത് ഹോസ്പിറ്റാലിറ്റി മേഖല കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണോ?

ഹോസ്പിറ്റാലിറ്റി മേഖല ദിനംപ്രതി മാറ്റത്തിന് വിധേയമാകുന്ന ഒരു സേവനമേഖലയാണ്. അത് തിരിച്ചറിഞ്ഞ് ആ മാറ്റങ്ങള്‍ക്കനുസരിച്ച് നീങ്ങുമ്പോള്‍ തീര്‍ച്ചയായും ഏതൊരു വെല്ലുവിളിയെയും നമുക്ക് നേരിടാന്‍ കഴിയും. സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറുന്നതിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമെ നമുക്ക് ഏതൊരു മേഖലയിലും-അത് സേവന മേഖലയാകട്ടെ വ്യവസായ മേഖലയാകട്ടെ-പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളു. വെല്ലുവിളികളെ അവസരമായി കണ്ട് മുന്നോട്ടുപോകുന്നത് കൊണ്ട് ഞങ്ങള്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ ഒന്നുംതന്നെയില്ല. ഇപ്പോള്‍ കേരളത്തില്‍ തന്നെ തീര്‍ത്ഥാടക ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഗുരുവായൂരില്‍ ഒരു ബജറ്റ് ഹോട്ടല്‍ ഞങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അവിടേയ്ക്ക് ഒരുപാട് തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ മേഖലയില്‍ മല്‍സരം കടുത്തതായതിനാല്‍ മാറ്റങ്ങള്‍ സ്വാഭാവികമാണ്. മാറ്റങ്ങളെ ശരിയായി ഉള്‍ക്കൊണ്ടാല്‍ മാത്രമെ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളു. അത് തന്നെയാണ് ഞങ്ങളുടെ വിജയവും.

കേരളത്തിലെ ഭാവി നിക്ഷേപപദ്ധതികള്‍ എന്തൊക്കെയാണ്?

തിരുവനന്തപുരത്തെ ഒ ബൈ താമരയ്ക്ക് ശേഷം ഞങ്ങള്‍ ഉടനെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് ആലപ്പുഴയിലെ ദ താമര ആയുര്‍വേദ റിസോര്‍ട്ടാണ്. അതിന് ശേഷം ഗുരുവായൂരിലും കണ്ണൂരും ഞങ്ങളുടെ ബജറ്റ് ഹോട്ടലായ ലൈലാക്ക് ആരംഭിക്കും.

നിരവധി വിദേശരാജ്യങ്ങളിലും നിക്ഷേപങ്ങളുള്ള ഗ്രൂപ്പാണല്ലോ താമര. നിലവില്‍ ഇന്ത്യയിലെ ബിസിനസ് സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഞാന്‍ നേരത്തെ പറഞ്ഞല്ലോ, ഇന്ത്യയെ മുഴുവനായി നമുക്ക് വിലയിരുത്താന്‍ കഴിയില്ല. ഓരോ സംസ്ഥാനത്തിന്റെയും പൊട്ടന്‍ഷ്യല്‍ വ്യത്യസ്തമായിരിക്കും. ബ്ലാംഗ്ലൂരില്‍ ഇനിയൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന് സാധ്യതയില്ല. ഇപ്പോള്‍ തന്നെ അവിടെ ആവശ്യത്തിലധികം ആയിക്കഴിഞ്ഞു. എന്നാല്‍ സാധ്യതകളുള്ള നിരവധി സംസ്ഥാനങ്ങളുണ്ട്. അവ നമ്മള്‍ കണ്ടെത്തണം. ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഇന്ത്യയിലെ പല പ്രദേശങ്ങളും കൂടുതല്‍ മെച്ചപ്പെടേണ്ടതായിട്ടുണ്ട്. ഇന്ത്യന്‍ ടൂറിസം വളരുന്നതിനനുസരിച്ച് ഹോസ്പിറ്റാലിറ്റി മേഖലയും വളരണം. അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും വികസിക്കണം.

ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് എന്തെങ്കിലും മിഷന്‍ മുന്നോട്ട് വയ്ക്കുന്നുണ്ടോ?

താമര ലീഷര്‍ ഗ്രൂപ്പിന് 2025 ന് മുമ്പ് ആയിരം കീകള്‍ എന്നതാണ് ലക്ഷ്യം.

സംരംഭകരംഗത്തേയ്ക്ക് ചുവടുവച്ചപ്പോള്‍ അച്ഛനില്‍ നിന്നും എന്തെങ്കിലും ഉപദേശം ലഭിച്ചിരുന്നോ?

അത്തരത്തിലൊന്നും അച്ഛന്‍ പറഞ്ഞില്ല. പക്ഷെ എന്റെ കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ എനിക്കുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. അച്ഛന്റെയും അമ്മയുടെയും പരിധിയില്ലാത്ത പിന്തുണയും സഹായവുമുണ്ട്. അതുകൊണ്ട് തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും എനിക്ക് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അവരാണ് എന്റെ റോള്‍ മോഡല്‍. അവരുടെ കഠിനാധ്വാനമാണ് എന്റെ മാതൃക.

Categories: FK Special, Slider

Related Articles