വീട്ടില്‍ ബിപി നോക്കുമ്പോള്‍ ശ്രദ്ധിക്കുക

വീട്ടില്‍ ബിപി നോക്കുമ്പോള്‍ ശ്രദ്ധിക്കുക

40 വയസ്സിനു മുകളിലുള്ള ഉദ്ദേശം 30–42 ശതമാനം പേര്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ് കേരളത്തില്‍ നടക്കുന്ന പഠനങ്ങള്‍ പറയുന്നത്

ബിപി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. 40 വയസ്സിനു മുകളിലുള്ള ഉദ്ദേശം 30–42 ശതമാനം പേര്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ് കേരളത്തില്‍ നടക്കുന്ന പഠനങ്ങള്‍ പറയുന്നത്. 60 വയസ്സിനു മുകളിലുള്ള 62 ശതമാനം പേരിലും ഉയര്‍ന്ന ബിപി ഉണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പാരമ്പര്യം, അമിതവണ്ണം, പ്രമേഹം എന്നിവ രക്തസമ്മര്‍ദ്ദം കൂടുന്നതിനുള്ള കാരണങ്ങളാണ്. ഇനി ഒന്നും ഇല്ലെങ്കിലും പൂര്‍ണ ആരോഗ്യവാനായ പ്രായപൂര്‍ത്തിയായ വ്യക്തി വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ബിപി നോക്കുന്നതാണു നല്ലത്.80 120 ആണ് രക്തസമ്മര്‍ദത്തിന്റെ നോര്‍മല്‍ വാല്യൂ.

ഒരിക്കല്‍ രക്തസമ്മര്‍ദ്ദം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ കൃത്യമായ ചെക്കപ്പുകള്‍ നടത്തണം. രക്തസമ്മര്‍ദ്ദം കൂടിയാലും കുറഞ്ഞാലും അത് ജീവഹാനിക്കും മറ്റ് രോഗങ്ങള്‍ക്കും ഇടയാക്കും. അതിനാല്‍ മരുന്ന് ശീലമാക്കിയാല്‍ മാത്രം പോരാ, ആരോഗ്യകരമായ ജീവിതശൈലികള്‍ പിന്തുടരുകയും വേണം. രക്തസമ്മര്‍ദ്ദത്തില്‍ അടിക്കടി വ്യത്യസമുണ്ടാകുന്നവര്‍ക്ക് വീട്ടില്‍ത്തന്നെ പരിശോധിക്കാവുന്ന മെഷീനുകള്‍( ഹോം ബ്ലഡ് പ്രഷര്‍ മോനിറ്റര്‍) വാങ്ങാം. എന്നാല്‍ ഇത്തരത്തില്‍ പരിശോധിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ആശുപത്രിയില്‍ പോയി ഡോക്ടര്‍ നേരിട്ട് രക്തസമ്മര്‍ദം പരിശോധിക്കുമ്പോള്‍ അറിയാതെ ബിപി കൂടുന്നവര്‍ക്കുള്ള പരിഹാരമാണ് വീട്ടില്‍ വച്ചുള്ള പരിശോധന. ഇത്തരത്തില്‍ കൃത്യമായി ബിപി പരിശോധിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ട്. ബിപി അളവ് സാധാരണനിലയിലും ഉയര്‍ന്നു വെന്നു കണ്ടാല്‍ കൃത്യസമയത്ത് വൈദ്യസഹായം തേടാം. ഉയര്‍ന്ന ബിപിക്കു മരുന്ന് കഴിക്കുന്നവര്‍ ഇടയ്ക്കിടെ ബിപി അളവ് നോക്കുന്നതിലൂടെ മരുന്നിലൂടെ ബിപി നിയന്ത്രണ വിധേയമാകുന്നുണ്ടോ എന്ന് അറിയാന്‍ സാധിക്കും. എന്നാല്‍ പരിശോധനാവേളയില്‍ പറ്റുന്ന ചില അബദ്ധങ്ങള്‍ വലിയ ആപത്തുകളിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ വീട്ടില്‍ രക്തസമ്മര്‍ദ്ദം നോക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 • രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് വരെ ചായ, കാപ്പി കുടിക്കരുത്
 • കസേരയില്‍ ഇരുന്നു വേണം ബിപി നോക്കാന്‍. നടു നിവര്‍ത്തി തന്നെ ഇരിക്കണം.
 • ബിപി നോക്കുമ്പോള്‍ കൈക്കു താങ്ങു കൊടുക്കണം
 • ആദ്യത്തെ പ്രാവശ്യം ബിപി നോക്കുമ്പോള്‍ രണ്ടു കയ്യിലും നോക്കണം . ഏതു കയ്യിലാണോ ബിപി കൂടുതായി കാണുന്നത് ആ കയ്യിലായിരിക്കണം പിന്നീടങ്ങോട്ട് ബിപി നോക്കേണ്ടത്
 • ബിപി ഉപകരണം കൈയില്‍ കെട്ടുന്ന ബാന്റിന്റെ നടുഭാഗത്തെ ബ്ലാഡര്‍ ഹൃദയത്തിന്റെ നടുഭാഗത്തിന് സമാന്തരമായി വരണം.
 • പരിശോധിക്കുമ്പോള്‍ കയ്യില്‍ വസ്ത്രമുണ്ടാകരുത്
 • കാലുകള്‍ തറയില്‍ അമര്‍ന്നിരിക്കണം. കാലുകള്‍ ഒന്നിന് മുകളില്‍ ഒന്നായി വച്ചാല്‍ അളവ് കൂടുതലായി കാണിക്കും
 • ബിപി നോക്കുമ്പോള്‍ സംസാരിക്കരുത്
 • നടന്നു വന്ന ഉടനെ ബിപി നോക്കരുത് . ബിപി എടുക്കുന്നതിനു അഞ്ചു മിനിറ്റ് മുന്‍പെങ്കിലും വിശ്രമിച്ചിരിക്കണം.
 • തലവേദന, പനി, ടെന്‍ഷന്‍ തുടങ്ങിയ ശാരീരികാസ്വാഥ്യങ്ങള്‍ ഉള്ള അവസ്ഥ യില്‍ ബിപി കൂടുതലായി കാണിക്കും
 • എല്ലാ ദിവസവും ബിപി നോക്കണമെന്നുണ്ടെങ്കില്‍ ഒരേ സമയത്ത് തന്നെ നോക്കുക.
 • ബിപിക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ അടുത്ത ഡോസ് കഴിക്കുന്നതിനു മുന്‍പ് നോക്കണം

Comments

comments

Categories: Health