മുളക് പതിവായി കഴിച്ചാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ ഒഴിവാകുമെന്നു ഗവേഷകര്‍

മുളക് പതിവായി കഴിച്ചാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ ഒഴിവാകുമെന്നു ഗവേഷകര്‍

കാലിഫോര്‍ണിയ: ഭക്ഷണം പാചകം ചെയ്യുവാന്‍ മാത്രമല്ല, മുളകിന് വേറെയുമുണ്ട് ചില ഗുണങ്ങള്‍. മുളക് പതിവായി കഴിച്ചാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ മൂലമുള്ള മരണസാധ്യത ഒഴിവാകുമെന്നാണു ഗവേഷകര്‍ പറയുന്നത്. പഠനത്തിന്റെ ഭാഗമായി ഇറ്റലിയില്‍ പരീക്ഷണം നടത്തി. മുളകിന്റെ ഉപയോഗം ഇറ്റലിയില്‍ സാധാരണയാണ്. അതു കൊണ്ടാണ് അവിടെ പരീക്ഷണം നടത്തിയത്. 22,811 പേരില്‍ പഠനം നടത്തി. 35നും അതിനു മുകളിലുള്ള പ്രായക്കാരുമായ പുരുഷന്മാരിലും സ്ത്രീകളിലുമായിരുന്നു പഠനം. ഇവരിലെ മരണസാധ്യതയാണു താരതമ്യം ചെയ്തത്. ഇവരില്‍ ചിലര്‍ മുളക് കഴിച്ചു. ചിലര്‍ കഴിച്ചില്ല. ഇവരുടെ ഭക്ഷണരീതി എട്ട് വര്‍ഷത്തോളം നിരീക്ഷിച്ചു. മുളക്, കുരുമുളക് കഴിക്കുന്നവരില്‍ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത 40 ശതമാനം കുറവാണെന്നു ഗവേഷകര്‍ കണ്ടെത്തി.

മുളക് കഴിക്കുന്നവരില്‍ സ്‌ട്രോക്ക് മൂലം മരണപ്പെടാനുള്ള സാധ്യത പകുതിയായതായും കണ്ടെത്തി. പഠന ഫലങ്ങള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ജേണലില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളെ തടയാനുള്ള ശക്തി മുളകിന് എങ്ങനെയാണ് ലഭിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സെയ്‌സിന്‍ (Capsaicin) രോഗത്തെ തടയുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതായിട്ടാണു ഗവേഷകര്‍ കരുതുന്നത്. സ്‌പൈസി ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ നാവില്‍ കുത്തലുണ്ടാക്കുന്നത് മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സെയ്‌സിനാണ്. വലിയ അളവിലുള്ള കാപ്‌സെയ്‌സിന്‍ വേദനാജനകവും വിഷാംശം പോലും ഉണ്ടാക്കുന്നതാണ്. പക്ഷേ, ഇവയ്ക്കു ഞരമ്പുകളെ ഉത്തേജിപ്പിക്കാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും, ദഹനപ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നതായിട്ടാണു കണ്ടെത്തിയിരിക്കുന്നത്.

Comments

comments

Categories: Health
Tags: Chilly