ഭാരം കുറച്ചാല്‍ സ്തനാര്‍ബുദം ഒഴിവാക്കാം

ഭാരം കുറച്ചാല്‍ സ്തനാര്‍ബുദം ഒഴിവാക്കാം

ശരീരഭാരം കുറയുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനം. 50 വയസിനുശേഷം ശരീരഭാരം കുറയ്ക്കുകയും അത് നിലനിര്‍ത്തുകയും ചെയ്ത സ്ത്രീകള്‍ക്ക് ഭാരം സ്ഥിരമായി തുടരുന്ന സ്ത്രീകളേക്കാള്‍ സ്തനാര്‍ബുദ സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ശരീരഭാരം കുറയുന്നതിനനുസരിച്ച് അപകടസാധ്യത കുറയുന്നു, ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ക്ക് ഇത് പ്രത്യേകം ബാധകമാണെന്ന് ജെഎന്‍സിഐ: നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ചു. യുഎസ്എയില്‍, പ്രായപൂര്‍ത്തിയായ മൂന്ന് സ്ത്രീകളില്‍ രണ്ടു പേര്‍ അമിതവണ്ണമുള്ളവരുമാണ്. ഉയര്‍ന്ന ബോഡി മാസ് സൂചിക (ബിഎംഐ) ആര്‍ത്തവവിരാമമുള്ളവരില്‍ സ്തനാര്‍ബുദത്തിനുള്ള ഒരു അപകട ഘടകമാണ്.

കൂടുതലറിയാന്‍, ഗവേഷണ സംഘം മധ്യവയസ്‌കരിലോ വൃദ്ധരിലോ ശരീരഭാരം കുറയുന്നതിന് സ്തനാര്‍ബുദ സാധ്യതയുമായുള്ള ബന്ധം കണക്കാക്കുന്ന പൂളിംഗ് പ്രോജക്റ്റ് ഓഫ് പ്രോസ്‌പെക്റ്റീവ് സ്റ്റഡീസ് ഓഫ് ഡയറ്റ് ആന്‍ഡ് കാന്‍സര്‍ ഉപയോഗിച്ചു. 50 വയസു തികഞ്ഞ 180,000-ത്തിലധികം സ്ത്രീകളില്‍ നടത്തിയ 10 പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായി ശരീരഭാരം കുറയുന്നത് സ്തനാര്‍ബുദ സാധ്യതയെ സ്റ്റാറ്റിസ്റ്റിക്കല്‍ കൃത്യതയോടെ ബാധിക്കുമോ എന്നു പരിശോധിക്കുന്നതിനുള്ള ആദ്യത്തെ വലിയ പഠനമാണിത്. ഏകദേശം 10 വര്‍ഷത്തിനിടെ പങ്കെടുത്തവരുടെ ഭാരം മൂന്ന് തവണ വിലയിരുത്തി. ആദ്യം പഠനത്തുടക്കത്തില്‍, ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷം, ഏകദേശം നാല് വര്‍ഷത്തിന് ശേഷം എന്നിങ്ങനെയായിരുന്നു അത്. ഇതനുസരിച്ച് 2-4.5 കിലോഗ്രാം ഭാരം കുറയ്ക്കാനായ സ്ത്രീകള്‍ക്ക് സ്ഥിരമായ ഭാരം ഉള്ള സ്ത്രീകളേക്കാള്‍ 13 ശതമാനം കുറവാണ് അപകടസാധ്യത. 4.5-9 കിലോഗ്രാം കുറയ്ക്കാനായവര്‍ക്ക് 16 ശതമാനം അപകടസാധ്യത കുറയ്ക്കാനാകുന്നു. ഒമ്പത് കിലോയോ അതില്‍ കൂടുതലോ കുറയ്ക്കാനായെങ്കില്‍ 26 ശതമാനം കണ്ട് സ്തനാര്‍ബുദസാധ്യത കുറയുന്നു.

Comments

comments

Categories: Health