10 കോടി മുടക്കുള്ള വ്യവസായങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട

10 കോടി മുടക്കുള്ള വ്യവസായങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട

സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 52,137 എംഎസ്എംഇ യൂണിറ്റുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു. 4696.92 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. ഇതിലൂടെ 1,82,474 തൊഴില്‍ സൃഷ്ടിക്കാനായി

-ഇ പി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് കോടി വരെ മുതല്‍മുടക്കില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് മുന്‍കൂര്‍ അനുമതികള്‍ ആവശ്യമില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. വ്യവസായങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയിലുള്ള നിയമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളത്. കേരളത്തിന്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാനത്ത് നിര്‍മിക്കുന്ന വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിനെ പറ്റി പഠനം നടത്താന്‍ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫ. സുശീല്‍ ഖന്നയെ നിയോഗിക്കുമെന്നും വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി തിരുവനന്തപുരത്ത് സംവദിക്കവെ അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കും. സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വ്യവസായ സംരംഭങ്ങളെക്കുറിച്ചുള്ള പഠനം നടത്താന്‍ കൂടി കഴിയുന്ന വിധത്തിലുള്ള കേന്ദ്രമാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ 17 സ്പിന്നിംഗ് മില്ലുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗെയില്‍ പൈപ്പ് ലൈന്‍ ഉടന്‍ പൂര്‍ത്തിയാവും. ഇനി മൂന്നു കിലോമീറ്റര്‍ ദൂരം മാത്രമാണ് പൈപ്പ് സ്ഥാപിക്കാനുള്ളത്. ഇത് കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കും. ഇ ഓട്ടോയ്ക്ക് കെനിയയില്‍ നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്വേഷണം ലഭിച്ചിട്ടുണ്ട്. ബാറ്ററി ഉല്‍പ്പാദനവും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തോഷിബ ആനന്ദ് കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ വിവിധ മേഖലകളിലായി 14 ഫുഡ് പാര്‍ക്കുകളാണ് ഒരുങ്ങുന്നത്. ചേര്‍ത്തലയില്‍ മറൈന്‍ ഫുഡ് പാര്‍ക്കും പാലക്കാട് മെഗാ ഫുഡ് പാര്‍ക്കും ലൈറ്റ് എന്‍ജിനിയറിങ് പാര്‍ക്കും പൂര്‍ത്തിയായി. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് റൈസ് ടെക്‌നോളജി പാര്‍ക്കുകള്‍ക്ക് തറക്കല്ലിട്ടു. പാലക്കാട് കല്ലേപ്പുള്ളിയില്‍ കെല്‍പ്പാമിന്റെ കൈവശമുള്ള 1.2 ഏക്കര്‍ സ്ഥലത്ത് മോഡേണ്‍ റൈസ് മില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. നഗരമേഖലയില്‍ 15 ഏക്കറും ഗ്രാമങ്ങളില്‍ 25 ഏക്കറും സ്ഥലമുള്ളവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കിന് അപേക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു.

Categories: FK News, Slider
Tags: industry