യന്ത്രവത്കൃത കൃഷിക്ക് സഹായവുമായി വരുന്നൂ ഫാം ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍

യന്ത്രവത്കൃത കൃഷിക്ക് സഹായവുമായി വരുന്നൂ ഫാം ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍

കാര്‍ഷിക യന്ത്രങ്ങളുടെ പൊതുവിപണിയില്‍ ലഭ്യമല്ലാത്ത സ്‌പെയര്‍ പാര്‍ട്ടുകളും ലഭ്യമാകും

തൃശ്ശൂര്‍: കൃഷി വകുപ്പിന്റെ മധ്യമേഖല ഫാം ഫെസിലിറ്റേഷന്‍ കേന്ദ്രം ശിലാസ്ഥാപനം മണ്ണുത്തി സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ ഇന്ന് വൈകുന്നേരം നാലിന് കൃഷി മന്ത്രി അഡ്വ.വിഎസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. കര്‍ഷിക യന്ത്രവല്‍ക്കരണം യാഥാര്‍ത്ഥ്യമായെങ്കിലും സമയബന്ധിതമായി ഇവ റിപ്പയര്‍ ചെയ്യുന്നതിനുളള സൗകര്യങ്ങള്‍ കുറവായ സാഹചര്യത്തിലാണ് ഫാം ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങുന്നത്.

വിവിധ കാര്‍ഷിക യന്ത്രോപകരണങ്ങളുടെ സ്പെയര്‍ പാര്‍ട്ട്സുകള്‍ പൊതുവിപണിയില്‍ ലഭ്യമല്ലാത്തതും യന്ത്രങ്ങള്‍ ആവശ്യാനുസരണം റിപ്പയര്‍ ചെയ്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് തടസ്സമായി. ഇവ അടിസ്ഥാനപരമായി പരിഹരിക്കുന്നതിനാണ് സംസ്ഥാനത്ത് മൂന്ന് മേഖലാ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് കൃഷി വകുപ്പ് തീരുമാനിച്ചത്. പാലക്കാട്, മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മ്മസേന, കര്‍ഷകര്‍, കസ്റ്റം ഹയറിങ് സെന്റര്‍ എന്നിവിടങ്ങളിലെ മെഷിനറികള്‍ റിപ്പയര്‍ ചെയ്യുന്നതിനുളള ഗ്യാരേജ്, റിപ്പയര്‍ ചെയ്യുന്നതിനുളള മെക്കാനിക്കുകള്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുടെ സേവനം തൃശൂര്‍ മേഖലാ ഫാം ഫെസിലിറ്റേഷന്‍ സെന്ററില്‍ ലഭ്യമാക്കും. കാര്‍ഷിക യന്ത്രങ്ങളുടെ സ്പെയര്‍ പാര്‍ട്ട്സിന്റെ ഒരു സെന്റര്‍ സ്റ്റോര്‍ റൂം ഇതോടൊപ്പം സജ്ജീകരിക്കും. സംസ്ഥാന വിത്തുല്‍പ്പാദന ഫാമുകളിലെ വിവിധ ഉല്‍പ്പന്നങ്ങല്‍, വിത്ത്, തൈകള്‍ എന്നിവയുടെ വില്‍പനയ്ക്കായി സൂപ്പര്‍മാര്‍ക്കറ്റ് ഫാം ഫെസിലിറ്റേഷന്‍ സെന്ററിന്‍രെ ഗ്രൗണ്ട് ഫ്ളോറില്‍ ഒരുക്കും. തകരാറിലായ കാര്‍ഷിക യന്ത്രങ്ങള്‍ പ്രസ്തുത സെന്ററില്‍ എത്തിക്കുന്നതിനുളല റിക്കവറി വാനിന്റെ സേവനം കേന്ദ്രത്തില്‍ ലഭ്യമാക്കും.

ഇതോടൊപ്പം ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് മാതൃകയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സാധ്യമാകുന്നതിന് കസ്റ്റം ഹയറിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്‍ഐസി വികസിപ്പിക്കുകയും അഖിലേന്ത്യാതലത്തില്‍ ഇത് ഉപയോഗിച്ച തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ കസ്റ്റം ഹിയറിംഗ് ആപ്ലിക്കേഷനില്‍ വിവിധ അഗ്രോ സര്‍വീസസ് സെന്ററുകള്‍, കാര്‍ഷിക സെമിനാറുകള്‍, സ്മാം കസ്റ്റം ഹയറിംഗ് സെന്ററുകള്‍ എന്നിവയ്ക്ക് അവരുടെ മെഷിനറിയും സേവനവും രജിസ്റ്റര്‍ ചെയ്യുകയും കര്‍ഷകര്‍ക്ക് ആവശ്യാനുസരണം സേവനം നല്‍കുകയും ചെയ്യാം. കസ്റ്റം ഹയറിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംസ്ഥാനതല ലോഞ്ചിംഗോടെ കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാടകയ്ക്ക് എവിടെ ലഭ്യമാണെന്ന് ഒറ്റ ക്ലിക്കില്‍ അറിയുന്നതിനും മെഷിനറി ബുക്ക് ചെയ്യുന്നതിനും സേവനം അതിവേഗത്തില്‍ ലഭ്യമാക്കുന്നതിനും അവസരം ഒരുങ്ങും. സിഎച്ച്സി മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് ഗവ.ചീഫ് വിപ്പ് അഡ്വ.കെ രാജനും സ്മാം മെഷിനറി വിതരണം ടിഎന്‍ പ്രതാപന്‍ എംപിയും നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് കാര്‍ഷിക യന്ത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍ വി ബാബു പദ്ധതി വിശദീകരിക്കും. രാവിലെ പത്ത് മുതല്‍ കര്‍ഷക പരിശീലനവും കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.

Comments

comments

Categories: FK News