തിരിച്ചടികള്‍ കോണ്‍ഗ്രസിന് തുടര്‍ക്കഥയാകുന്നു

തിരിച്ചടികള്‍ കോണ്‍ഗ്രസിന് തുടര്‍ക്കഥയാകുന്നു

പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്കും രാജിയും സൃഷ്ടിക്കുന്നത് വന്‍ പ്രതിസന്ധി

കര്‍ണാടകയില്‍ തിരിച്ചടികള്‍ കോണ്‍ഗ്രസിന് തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മേധാവിത്വം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അവസാനം നടന്ന, സര്‍ക്കാരിന്റെ നിലനില്‍പ്പിനെതന്നെ ബാധിക്കുമായിരുന്ന ഒരു ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. 15 സീറ്റുകളിലേക്കുനടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുമാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്. ആറുസീറ്റെങ്കിലും നേടിയില്ലെങ്കില്‍ സംസ്ഥാനത്തെ ബിജെപി ഭരണകൂടത്തിന് അധികാരം നിലനിര്‍ത്താനാവില്ല എന്ന സ്ഥിതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ദയിനീയ പ്രകടനം.അതിനുമുമ്പുനടന്ന പൊതു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തകര്‍ന്നിരുന്നു. അന്ന് ആകെയുള്ള 28 സീറ്റുകളില്‍ ഒരു സീറ്റ് മാത്രമാണ് നേടിയിരുന്നത്. ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവുവും നിയമസഭാ പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ഉപതെരഞ്ഞെടുപ്പ് തോല്‍വികളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുത്ത് രാജിവയ്ക്കുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്.

2013 മുതല്‍ 2018 വരെ സിദ്ധരാമയ്യ കര്‍ണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. അന്ന് സര്‍ക്കാരിന് കുറഞ്ഞ ഭൂരിപക്ഷമാണ് നേടാനായിരുന്നത്. സംസ്ഥാനത്ത് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ബിജെപിയുടെ സ്വാധീനം മറികടക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. നിരവധി അഴിമതി ആരോപണങ്ങളും അന്ന് ഉയര്‍ന്നിരുന്നു. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 112 സീറ്റ് ഭൂരിപക്ഷത്തിനായി വേണ്ടിയിരുന്ന സഭയില്‍ ബിജെപി നേടിയത് 104 സീറ്റുകളാണ്. ഭൂരിപക്ഷത്തിന് എട്ടു സീറ്റുകള്‍ കുറവ്. രണ്ടാമതെത്തിയ കോണ്‍ഗ്രസ് 80 സീറ്റുകളും ജനതാദള്‍ എസ് 37 സീറ്റുകളും നേടി. അധികാരത്തില്‍ നിന്നും ബിജെപിയെ ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ് ജനാതാദളിനെ പിന്തുണച്ചതോടെ തൂക്കുസഭയ്ക്ക് താല്‍ക്കാലിക പരിഹാരമായി. എന്നാല്‍ കുറഞ്ഞ സീറ്റ് നേടിയ ജെഡിഎസിന് മുഖ്യമന്ത്രിപദം നല്‍കിയത് കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ഇത് സഖ്യത്തിന്റെ തകര്‍ച്ചക്ക് കാരണമായി. ഈ സഖ്യസര്‍ക്കാര്‍ വെറും 14 മാസം മാത്രമാണ് നിലനിന്നത്. സഖ്യത്തിലെ അസന്തുതിലാതവസ്ഥ പാര്‍ട്ടിപ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചു. അതിനാല്‍ ജെഡിഎസുമൊത്ത് അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ പാര്‍ട്ടിയുടെ ജനസ്വാധീനം കുറഞ്ഞുവരികയായിരുന്നു എന്ന് കരുതേണ്ടിവരും.

പാര്‍ട്ടിക്കുള്ള ജനവിശ്വാസം വിശ്വാസം നഷ്ടപ്പെട്ടതായി നേതാക്കള്‍ തന്നെ ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്തേണ്ടത് അടിയന്തരമായ കാര്യമാണ്. പാര്‍ട്ടിയും വോട്ടര്‍മാരും തമ്മിലുള്ള ബന്ധം പഴയപടിയാക്കേണ്ടതുണ്ടെന്നാണ് യുവ നേതാക്കളുടെ അഭിപ്രായം. ”2018 ലെ തെരഞ്ഞെടുപ്പിന് ശേഷം, പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ജനപിന്തുണക്ക് കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇത് വോട്ടിംഗിലും പ്രതിഫലിച്ചു.ഇത് ആശങ്കപ്പെടേണ്ട കാര്യമാണ്,”മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് 122 സീറ്റുകളാണ്. ഈ അവസ്ഥയില്‍നിന്നാണ് 2018 ല്‍ 80 ആയി കോണ്‍ഗ്രസിന്റെ നിയമസഭാ സാമാജികരുടെ എണ്ണം കുറഞ്ഞത്. ഇത് വ്യക്തമാക്കുന്നത് പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധചെലുത്തിയിരുന്നില്ല എന്നാണ്.

ഉപതെരഞ്ഞെടുപ്പുകളിലെയും മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലെയും പാര്‍ട്ടിയുടെ പ്രകടനം ഇന്ന് പരാജയകാരണങ്ങള്‍ എന്താണെന്ന് ആത്മപരിശോധന നടത്താന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നുണ്ട്. നയങ്ങള്‍ നടപ്പാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായി വിലയിരുത്തലുകളുണ്ടായി. കൂടാതെ പാര്‍ട്ടിക്കുള്ളിലെ ജാതി രാഷ്ട്രീയവും പ്രതിസന്ധി സൃഷ്ടിച്ചു. ഇത് പ്രപവര്‍ത്തകരെ വേദനിപ്പിക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലുള്ളവരുടെ അവസരങ്ങളെ വ്രണപ്പെടുത്തുന്ന വിഭാഗീയതയുണ്ടെന്നും ചിലര്‍ സംശയിക്കുന്നു. അല്ലെങ്കില്‍ സ്വന്തം ആളുകള്‍തന്നെ എതിരായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇത് പരാജയപ്പെടാന്‍ ഇടയാക്കുന്നുണ്ടോ എന്ന സംശയങ്ങളും ഉയര്‍ന്നുവരുന്നു.

അതിനിടെ സിദ്ധരാമയ്യയുടെയും ഗുണ്ടു റാവുവിന്റെയും രാജി സ്വീകരിക്കണമോ എന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉറച്ച തീരുമാനം ഉടന്‍ ഉണ്ടാകും. ഈ വിഷയത്തില്‍ ഡെല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനാണ് പാര്‍ട്ടി അവരോട് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ അടുത്തിടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിനാല്‍, സിദ്ധരാമയ്യക്ക് 15 ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൂര്‍ണമായി സുഖം പ്രാപിച്ചതിനുശേഷം അദ്ദേഹം ഡെല്‍ഹിക്കു പോകും. അതിനിടെ അടുത്ത കോണ്‍ഗ്രസ് നിയമാകക്ഷി നേതാവാകുള്ളവരുടെ പട്ടിക പാര്‍ട്ടി സംസ്ഥാന യൂണിറ്റ് തയ്യാറാക്കുന്നുണ്ട്. പട്ടികയില്‍ പേരുകളില്‍ മുന്‍ മന്ത്രിമാരായ ഡി കെ ശിവകുമാര്‍, എച്ച് കെ പാട്ടീല്‍, എം ബി പാട്ടീല്‍, നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രെ, മുന്‍ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പ, മുന്‍ കെപിസിസി മേധാവി ഡോ ജി പരമേശ്വര എന്നിവരുടെ പേരുകളുണ്ടെന്നാണ് സൂചന.

പൗരത്വ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെ നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രെയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കെപിസിസി ഓഫീസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരിലും പാര്‍ട്ടിക്ക് നാണക്കേടുണ്ടായി. മിക്ക മുതിര്‍ന്ന നേതാക്കളും പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നതോടെ പാര്‍ട്ടിയിലെ ഉള്‍പ്പോര് പുറത്തുവരികയാരുന്നു. ആരാണ് പാര്‍ട്ടിയെ നയിക്കുന്നത് എന്ന ചോദ്യത്തിന് ഇത് ആക്കംകൂട്ടി. നിലവില്‍ പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ കൈയ്യൊഴിയുന്ന സമീപനം പാര്‍ട്ടി നേതാക്കളില്‍ ഉണ്ട്. മുന്‍സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചതന്നെ ഏകോപനമില്ലായ്മയും പരസ്പര വിശ്വാസമില്ലായ്മയും കാരണമായിരുന്നു. ഇത് എംഎല്‍എ മാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുമ്പോട്ടുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്തിരുന്നെങ്കില്‍ സര്‍ക്കാര്‍ നിലംപതിക്കുമായിരുന്നില്ല. പാര്‍ട്ടിയുടെ അടിത്തറ തകരുമ്പോള്‍ നേതാക്കള്‍ സാധാരണ പ്രവര്‍ത്തകരെയും വോട്ടര്‍മരെയും അവഗണിക്കുകയാണ്. ഇതാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

കര്‍ണാടകയിലും മറ്റിടങ്ങളിലും പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാനതല നേതാക്കളെ ശാക്തീകരിക്കേണ്ടതുണ്ടെന്ന് പൊളിറ്റിക്കല്‍ അനലിസ്റ്റും ബെംഗളൂരുവിലെ ജെയിന്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലറുമായ സന്ദീപ് ശാസ്ത്രി പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ ഐക്യം നിലനിര്‍ത്തുന്നതിന് ഇത് ആവശ്യമാണ്. ഇത് ദേശീയ നേതൃത്വം മനസിലാക്കേണ്ടതുണ്ട്. ”നിങ്ങള്‍ ദേശീയ നേതാക്കളെ പ്രൊജക്റ്റ് ചെയ്യുന്ന നിമിഷം, അത് നരേന്ദ്ര മോദിയുമായുള്ള പോരാട്ടമായി മാറുന്നു. ബഹുജന അപ്പീല്‍ ഉള്ള നേതാക്കളെ പ്രോജക്ട് ചെയ്യുക എന്നതാണ് കോണ്‍ഗ്രസ് സ്വീകരിക്കേണ്ട വഴി, ”ശാസ്ത്രി പറഞ്ഞു. ”വോട്ടര്‍മാരെയും പ്രവര്‍ത്തകരെയും നേതാക്കളെയും ഉള്‍പ്പെടുത്തി ഒരു യോജിച്ച പവര്‍ത്തനരീതി കൊണ്ടുവരേണ്ടത് അനിവാര്യമാണ്. എല്ലാവരേയും ഒപ്പം കൂട്ടുക എന്നതായിരിക്കണം സമീപനം. ഇതിലൂടെ മാത്രമെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയു” അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Top Stories
Tags: Congress