യുബറിലെ ഓഹരികള്‍ ശരവേഗത്തില്‍ വിറ്റഴിച്ച് കലാനിക്ക്

യുബറിലെ ഓഹരികള്‍ ശരവേഗത്തില്‍ വിറ്റഴിച്ച് കലാനിക്ക്

ഈ മാസം വിറ്റഴിച്ചത് 350 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ഓഹരികള്‍

ലണ്ടന്‍: പ്രമുഖ മള്‍ട്ടിനാഷണല്‍ യാത്രാ സേവന ദാതാക്കളായ യുബര്‍ ടെക്‌നോളജീസില്‍ നിന്നും ട്രാവിസ് കലാനിക്കിന്റെ ഒഴിവാകല്‍ ഉടനുണ്ടാകുമെന്ന് സൂചന. യുബറിന്റെ സഹസ്ഥാപകനായ കലാനിക്ക് 350 ദശലക്ഷം ഡോളറിന്റെ ഓഹരികളാണ് ഈ ഒരൊറ്റ മാസത്തില്‍ വിറ്റഴിച്ചത്. ഡിസംബര്‍ 11 മുതല്‍ 13 വരെയുള്ള കാലയളവില്‍ മുന്‍ യുബര്‍ സിഇഒ വിറ്റഴിച്ചത് 166 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ഓഹരികളാണ്. ഓഹരി വില്‍പ്പനയിലൂടെ കലാനിക്ക് ഇതുവരെ മൊത്തം 2.1 ബില്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് യുബറിലെ സിഇഒ സ്ഥാനം രാജിവെച്ച കലാനിക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ തുടര്‍ന്നിരുന്നു. അടുത്തതായി ക്ലൗഡ്കിച്ചണ്‍ സ്റ്റാര്‍ട്ടപ്പിന് തുടക്കമിടുകയാണ് അദ്ദേഹം. നിലവില്‍ 300 ദശലക്ഷം ഡോളര്‍ സ്റ്റാര്‍ട്ടപ്പ് ബിസിനസില്‍ നിക്ഷേപമിറക്കിയ അദ്ദേഹത്തിന് സൗദി അറേബ്യയില്‍ നിന്നും 400 ദശലക്ഷം ഡോളര്‍ നിക്ഷേപം ലഭിച്ചിരുന്നു.

കലാനിക്കിന്റെ കൈവശം ഇനിയും 21 ദശലക്ഷം യുബര്‍ ഓഹരികള്‍ ശേഷിക്കുന്നുണ്ട്. ബ്ലൂംബര്‍ഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ കലാനിക്കിന്റെ കൈവശം മുമ്പുണ്ടായിരുന്ന മൂന്ന് ബില്യണ്‍ ഡോളറിന്റെ അഞ്ചിലൊന്ന് മാത്രമാണുള്ളത്. യുബറിന്റെ മറ്റൊരു സഹസ്ഥാപകനായ ഗാരറ്റ് കാംപും ഓഹരികളുടെ എണ്ണം കുറയ്ക്കുന്നുണ്ട്. എന്നാല്‍ കലാനിക്കിനെ പോലെയല്ല. അദ്ദേഹത്തിന് യുബറിലുണ്ടായിരുന്ന 2.1 ബില്യണ്‍ ഡോളര്‍ ഓഹരിയില്‍ നിന്നും ഒരു ചെറു തുകയായ 35 ദശലക്ഷം ഡോളര്‍ ഓഹരികള്‍ മാത്രമാണ് വിറ്റഴിച്ചത്.

യുബര്‍ സിഇഒ ദാരാ ഖൊസ്രോവ്ഷാഹി കഴിഞ്ഞ മാസം പകുതിയോടെ ഏഴ് ദശലക്ഷം മൂല്യം വരുന്ന ഓഹരികള്‍ വാങ്ങിയിട്ടുമുണ്ട്. ഇന്ത്യയിലെ യുബര്‍ ഈറ്റ്‌സ് ബിസിനസ് കമ്പനി വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടത്തിയതായി ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ യുബറിന്റെ ഓഹരിവില ഇന്നലെ 5.5ശതമാനത്തോളം ഉയര്‍ന്ന് 30.05 ഡോളറായി മാറി. എന്നാലിപ്പോഴും യുബറിന്റെ ഓഹരികള്‍ 33% താഴ്ചയിലാണ് വ്യാപാരം നടക്കുന്നത്. മേയില്‍ നടന്ന ഐപിഒയില്‍ കമ്പനിയുടെ ലാഭത്തെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും കൂടാതെ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ചും ഡ്രൈവര്‍മാരുടെ അവകാശങ്ങള്‍ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് ഓഹരിവിലയില്‍ ചാഞ്ചാട്ടം തുടങ്ങിയത്.

കാലിഫോര്‍ണിയയില്‍ അടുത്തിടെ നടപ്പിലാക്കിയ പുതിയ നിയമം അനുസരിച്ച് തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നിശ്ചയിക്കപ്പെട്ടതും യുബര്‍ ഡ്രൈവര്‍മാരില്‍ നിന്നും പീഡനത്തിന് ഇരയായവരുടെ പരാതികള്‍ പെരുകിയതിലും കമ്പനി വെല്ലുവിളി നേരിടുന്നുണ്ട്. അരിസോണയില്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ അപകടത്തില്‍ പെട്ടതടക്കം കമ്പനിയില്‍ പ്രതിസന്ധി രൂക്ഷമായതായാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: FK News