തളര്‍ച്ച മുന്‍കൂട്ടി കണ്ടു; നടപടികളെടുത്തു: ശക്തികാന്ത ദാസ്

തളര്‍ച്ച മുന്‍കൂട്ടി കണ്ടു; നടപടികളെടുത്തു: ശക്തികാന്ത ദാസ്

പലിശ നിരക്ക് കുറയ്ക്കുന്നത് നിര്‍ത്തിവെച്ച നടപടി ശരിയായ തീരുമാനമാണെന്ന് കാലം തെളിയിക്കും

സര്‍ക്കാരും ആര്‍ബിഐയും കൃത്യസമയത്തുതന്നെ പ്രവര്‍ത്തിച്ചു. നയപരമായ നിരക്കുകള്‍ കുറച്ച് കാലത്തിനുമുന്നേയാണ് ആര്‍ബിഐ സഞ്ചരിച്ചത്. ഫെബ്രുവരിയില്‍ തന്നെ വളര്‍ച്ചാമാന്ദ്യം ശ്രദ്ധയില്‍പെട്ടു. അതിന്റെ വേഗം കൂടിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ നിരക്കു കുറയ്ക്കാന്‍ തുടങ്ങി

-ശക്തികാന്ത ദാസ്‌

മുംബൈ: സാമ്പത്തികരംഗത്തെ വളര്‍ച്ചാമാന്ദ്യം റിസര്‍വ് ബാങ്ക് കൃത്യമായി മുന്‍കൂട്ടി കണ്ടിരുന്നെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഫെബ്രുവരി മുതല്‍ റിപ്പോ നിരക്ക് കുറച്ചുതുടങ്ങിയത് ഈ ദീര്‍ഘദൃഷ്ടിയുടെ അടിസ്ഥാനത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ മാസമാദ്യം നടന്ന ധനനയ സമിതി യോഗത്തില്‍ പലിശ നിരക്ക് തുടര്‍ന്ന് കുറയ്ക്കുന്നത് നിര്‍ത്തിവെച്ച നടപടി ശരിയായ തീരുമാനമാണെന്ന് കാലം തെളിയിക്കുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. അഞ്ചു തവണ തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ കുറച്ച ശേഷമാണ് 2019 ലെ അവസാന ധനനയ യോഗത്തില്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് തല്‍സ്ഥിതി തുടരാന്‍ ആര്‍ബിഐ തീരുമാനിച്ചത്. 2019 കലണ്ടര്‍ വര്‍ഷത്തില്‍ പലിശ നിരക്ക് ആകെ 1.35 ശതമാനമാണ് (135 ബേസിസ് പോയന്റുകള്‍) കേന്ദ്ര ബാങ്ക് കുറച്ചത്.

സര്‍ക്കാരും ആര്‍ബിഐയും കൃത്യ സമയത്തുതന്നെ പ്രവര്‍ത്തിച്ചെന്ന് ദാസ് ചൂണ്ടിക്കാട്ടി. നയപരമായ നിരക്കുകള്‍ കുറച്ച് സമയത്തിനുമുന്നേയാണ് കേന്ദ്ര ബാങ്ക് സഞ്ചരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരിയില്‍ നിരക്കുകള്‍ പൊടുന്നനെ കുറയ്ക്കാനുള്ള ആര്‍ബിഐ നടപടി ഏവരെയും വിസ്മയിപ്പിച്ചെന്നാണ് താന്‍ അറിഞ്ഞത്. അടുത്തിടെ ധനനയ സമിതി നിരക്കുകള്‍ കുറയ്ക്കുന്നത് അവസാനിപ്പിച്ചപ്പോള്‍ അതില്‍ വിപണി അത്ഭുതപ്പെട്ടെന്നും കേട്ടു. എന്തിനാണ് ഈ ആശ്ചര്യമെന്ന് മനസിലാകുന്നില്ലെന്നും ഇത്തവണത്തെ തീരുമാനവും ഗുണകരമാവുമെന്ന് പ്രതീക്ഷയുണ്ടെന്നും ദാസ് പറഞ്ഞു.

കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രഖ്യാപിച്ച യുഎസ്-ചൈന താരിഫ് യുദ്ധ വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കുമെന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു. 2008 ലെ സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് കരകയറിയതിന് സമാനമായി ആഗോള വളര്‍ച്ച കൈവരിക്കുന്നതിനായി സംയോജിതമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ആര്‍ബിഐ മേധാവി പറഞ്ഞു.

Comments

comments

Categories: FK News