ബ്രൂക്ക്ഫീല്‍ഡ് നിക്ഷേപം 25,215 കോടി

ബ്രൂക്ക്ഫീല്‍ഡ് നിക്ഷേപം 25,215 കോടി
  • ജിയോയുടെ ടവര്‍ ബിസിനസ് ഇനി കനേഡിയന്‍ കമ്പനിയുടെ നിയന്ത്രണത്തില്‍
  • മൊബീല്‍ ടവറുകളുടെ എണ്ണം 1.3 ലക്ഷത്തില്‍ നിന്ന് 1.75 ലക്ഷമാക്കി ഉയര്‍ത്തും
  • ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വിദേശ നിക്ഷേപ കരാറാണിത്

ആഗോള തലത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ ആസ്തി നിയന്ത്രാതാക്കളില്‍ ഒന്നായ ബ്രൂക്ക്ഫീല്‍ഡുമായി ദീര്‍ഘകാല, തന്ത്രപരമായ ബന്ധത്തില്‍ ഏര്‍പ്പെടാനായതില്‍ സന്തോഷമുണ്ട്. ഈ ഇടപാട്, ഇന്ത്യയിലെ ഡിജിറ്റല്‍ അവസരങ്ങളുടെ പ്രാപ്തിയില്‍ ആഗോള നിക്ഷേപകരുടെ വിശ്വാസം എടുത്തുകാട്ടുന്നതാണ്

-മുകേഷ് അംബാനി, റിലയന്‍സ് ചെയര്‍മാന്‍

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വീണ്ടും വിദേശ നിക്ഷേപക്കൊയ്ത്ത്. സൗദി അരാംകോയുടെ വമ്പന്‍ നിക്ഷേപത്തിന് പിന്നാലെ കാനഡ ആസ്ഥാനമായ ആഗോള അടിസ്ഥാന വികസന നിക്ഷേപ വമ്പന്മാരായ ബ്രൂക്ക്ഫീല്‍ഡാണ് റിലയന്‍സില്‍ വിശ്വാസമര്‍പ്പിച്ച് നിക്ഷേപിച്ചിരിക്കുന്നത്. 25,215 കോടി രൂപയുടെ നിക്ഷേപ കരാറില്‍ ഇരു കമ്പനികളും ഒപ്പിട്ടെന്ന് റിലയന്‍സ് വ്യക്തമാക്കി. കമ്പനിയുടെ ടവര്‍ വ്യവസായയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന നിക്ഷേപം അംബാനിയുടെ സ്വപ്‌ന പദ്ധതിയായ ജിയോയുടെ കരുത്തും അടിസ്ഥാന സൗകര്യവും ഇനിയും വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ കരാറാണിത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉപ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡുമായാണ് (ആര്‍ഐഐഎച്ച്എല്‍) ബ്രൂക്ക്ഫീല്‍ഡ് കരാറിലെത്തിയിരിക്കുന്നത്. ജൂലൈ 19 ന് പ്രഖ്യാപിച്ച കരാറാണ് ഇന്നലെ നിലവില്‍ വന്നത്. റിലയന്‍സിന്റെ ടവര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ട്രസ്റ്റിലാവും ബ്രൂക്ക്ഫീല്‍ഡും പങ്കാളികളും നിക്ഷേപം നടത്തുക. റിലയന്‍സ് ജിയോ ഇന്‍ഫ്രാടെല്‍ പ്രൈവറ്റ് ലിമിറ്റഡ് (ആര്‍ജെഐപിഎല്‍) എന്ന മൊബീല്‍ ടവര്‍ കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനുള്ള മുഴുവന്‍ ഓഹരികളും ഇതോടെ ട്രസ്റ്റിന്റെ നിയന്ത്രണത്തിലായി.

ആഗോള തലത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ ആസ്തി നിയന്ത്രാതാക്കളില്‍ ഒന്നായ ബ്രൂക്ക്ഫീല്‍ഡുമായി ദീര്‍ഘകാല, തന്ത്രപരമായ ബന്ധത്തില്‍ ഏര്‍പ്പെടാനായതില്‍ സന്തോഷമുണ്ടെന്ന് റിലയന്‍സ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി പ്രതികരിച്ചു. ഗുണനിലവാരമുള്ള വമ്പന്‍ അടിസ്ഥാന സൗകര്യ ആസ്തികള്‍ നടത്തിക്കൊണ്ടു പോകാനുള്ള ബ്രൂക്ക്ഫീല്‍ഡിന്റെ കഴിവുകളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മൂല്യ, അവസരങ്ങള്‍ സൃഷ്ടിക്കാനും ബ്രൂക്ക്ഫീല്‍ഡിനാവുമെന്നും മുകേഷ് പ്രതികരിച്ചു.

വമ്പന്‍ കരാര്‍

30 വര്‍ഷത്തേക്കുള്ള കരാര്‍ പ്രകാരം റിലയന്‍സ് ജിയോ ഇന്‍ഫ്രാടെല്‍ പ്രൈവറ്റ് ലിമിറ്റഡ് (ആര്‍ജെഐപിഎല്‍) കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ള 49% ഓഹരികളാണ് ബ്രൂക്ക്ഫീല്‍ഡിന് സ്വന്തമാവുക. ടവര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (ഇന്‍വിറ്റ്) എന്ന പ്രത്യേക കമ്പനിയും ബ്രൂക്ക്ഫീല്‍ഡിന് സ്വന്തമാകും. ഈ കമ്പനിക്ക് ആര്‍ജെഐപിഎലിലുള്ള 51% ഓഹരികളും ലഭിക്കുന്നതോടെ ടവര്‍ ബിസിനസ് പൂര്‍ണമായും ബ്രൂക്ക്ഫീല്‍ഡിന്റെ കീഴിലാവും. ആര്‍ജെഐപിഎലിന് കീഴിലുള്ള 1,30,000 ടവറുകളാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോമെന്ന ടെലികോം കമ്പനിയുടെ നട്ടെല്ല്. ബ്രൂക്ക്ഫീല്‍ഡിന് കീഴില്‍ ടവറുകള്‍ 1,75,000 ലേക്ക് വര്‍ധിപ്പിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.

Categories: FK News, Slider