സ്വിഗ്ഗിയുടെ നഷ്ടം ആറ് മടങ്ങ് വര്‍ധിച്ച് 2367 കോടി രൂപ

സ്വിഗ്ഗിയുടെ നഷ്ടം ആറ് മടങ്ങ് വര്‍ധിച്ച് 2367 കോടി രൂപ
  •  കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 385 കോടി മാത്രം * ചെലവിലും നാല് നടങ്ങ് വര്‍ധന
  •  വരുമാനം 417 കോടിയില്‍ നിന്നും 1183 കോടി രൂപയായി ഉയര്‍ന്നു

മുംബൈ: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ നഷ്ടം ആറ് മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചെലവുകള്‍ നാല് മടങ്ങോളം കൂടിയതായും കണക്കുകള്‍ രേഖപ്പെടുത്തുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗ്ഗി രേഖപ്പെടുത്തിയിരിക്കുന്ന അറ്റ നഷ്ടം 2367 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 385 കോടി രൂപയില്‍ നിന്നും കനത്ത നഷ്ടമാണ് ഇക്കുറി കമ്പനിയില്‍ ഉണ്ടായിരിക്കുന്നത്.

സ്വിഗ്ഗിയുടെ വരുമാനം മൂന്ന് മടങ്ങ് വര്‍ധിച്ച് 1183 കോടി രൂപയായിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 417 കോടി രൂപ ആയിരുന്നു. 2018-19 സ്വിഗ്ഗിയെ സംബന്ധിച്ചിടത്തോളം വളരെ ശക്തമായിരുന്നെന്നും വരുമാനത്തില്‍ വളര്‍ച്ചയുണ്ടാക്കാനായെന്നും കമ്പനി വക്താവ് വ്യക്തമാക്കി. വിപണിയില്‍ മുന്‍നിരയിലേക്ക് എത്താന്‍ സ്വിഗ്ഗിക്ക് കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യ ഓര്‍ഡറുകളില്‍ 4.2 മടങ്ങും പ്രവര്‍ത്തന വരുമാനത്തില്‍ 2.8 മടങ്ങും വളര്‍ച്ച നേടാനായി. സാങ്കേതികവിദ്യ, ബ്രാന്‍ഡ്, വിതരണം തുടങ്ങിയ വിഭാഗത്തില്‍ ഈ വര്‍ഷം മികച്ച തന്ത്രങ്ങളും നിക്ഷേപങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കമ്പനി വക്താവ് ചൂണ്ടിക്കാട്ടി.

സ്വിഗ്ഗിയുടെ വരുമാനത്തിന്റെ സിംഹഭാഗവും വിപണിയിലെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ് നേടാനായത്. 2018-19ല്‍ ഈ വിഭാഗത്തിലെ വരുമാനം 1074 കോടി രൂപയാണ്. എന്നാല്‍ വിതരണ ഇനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്വിഗ്ഗിയുടെ സ്വകാര്യ ബ്രാന്‍ഡുകള്‍ക്ക് സമാന കാലയളവില്‍ 67.5 കോടി രൂപയാണ് നേടാനായി. ഇത് സ്റ്റാര്‍ട്ടപ്പിന്റെ മൊത്തം വരുമാനത്തിന്റെ ആറ് ശതമാനമാണ്.

കമ്പനിയുടെ ചെലവുകളിലും കാര്യമായ തോതില്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2018-19ല്‍ കമ്പനിയുടെ ചെലവ് 3659.1 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് വെറും 841.4 കോടി രൂപ മാത്രമായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന ചെലവിലും ഭക്ഷ്യ വിതരണത്തിലുമാണ് ചെലവ് ഏറെയും രേഖപ്പെടുത്തിയിരിക്കുന്നത്. ദൈനംദിന പ്രവര്‍ത്തന ചെലവ് 1681.2 കോടി രൂപയായിരിക്കുമ്പോള്‍ ഭക്ഷ്യ വിതരണ ചെലവ് മാത്രം 1594 കോടി രൂപയാണ്. വിതരണം ചെയ്യാനാകാതെ പോയതും ഓര്‍ഡര്‍ റദ്ദാക്കിയതുമായ വിഭാഗത്തില്‍ 113. 4 കോടി രൂപയും കമ്പനിക്ക് നഷ്ടമുണ്ടാക്കി.

നിലവില്‍ രാജ്യത്തൊട്ടാകെയുള്ള സ്വിഗ്ഗിയുടെ ദിവസേനയുള്ള ഓര്‍ഡറുകളുടെ എണ്ണം 14 ദശലക്ഷമായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 70,000 ആയിരുന്നു. അഞ്ഞൂറോളം നഗരങ്ങളിലും ടൗണുകളിലുമായി 1,40,000 റെസ്‌റ്റോറന്റുകളുമായി സഹകരണമുള്ള സ്റ്റാര്‍ട്ടപ്പിന് 2.1 ലക്ഷം വിതരണ പങ്കാളികളാണുള്ളത്. അടുത്ത വര്‍ഷത്തോടെ 100 നഗരങ്ങളില്‍ കൂടി സാന്നിധ്യം വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണിപ്പോള്‍.

ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തെ സ്വിഗ്ഗിയുടെ മുഖ്യ എതിരാളികളായ സൊമാറ്റോയ്ക്കും ഇന്ത്യയില്‍ അഞ്ഞൂറോളം നഗരങ്ങളില്‍ മികച്ച സാന്നിധ്യമുണ്ട്. സ്വിഗ്ഗിയുടെ ക്ലൗഡ് കിച്ചണ്‍ ബിസിനസായ സ്വിഗ്ഗി അക്‌സസ് പ്രതിമാസം 1.5 ദശലക്ഷം ഓര്‍ഡറുകള്‍ ഏറ്റെടുക്കുന്നുണ്ട്. വിപണിയില്‍ പ്രബലരായ ഇരു കമ്പനികള്‍ക്കുമിടയില്‍ ശക്തമായ കിടമല്‍സരം നടക്കുന്നതിനിടെ യുബര്‍ സ്ഥാപകനായ ട്രാവീസ് കലാനിക്ക് തന്റെ പുതിയ ക്ലൗഡ് കിച്ചണ്‍ സ്റ്റാര്‍ട്ടപ്പിന് തുടക്കമിടാനൊരുങ്ങുകയാണെന്നത് വിപണിയിലെ മല്‍സര വിര്യം കനക്കാന്‍ കാരണമാക്കും. പ്രധാനമായും കലാനിക്ക് ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.

Comments

comments

Categories: Business & Economy