നിപ വൈറസിന് മരുന്ന് വരുന്നു

നിപ വൈറസിന് മരുന്ന് വരുന്നു

വൈറസിന്റെ പ്രോട്ടീന്‍ ഉല്‍പ്പാദനം തടയുന്ന 150 തന്‍മാത്രകളെ പുനെയിലെ ഐഐഎസ്ഇആര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

ന്യൂഡെല്‍ഹി: നിരവധി മരണത്തിന് ഇടയാക്കിയ പകര്‍ച്ചവ്യാധിയായ നിപ വൈറസിന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ സാധിക്കുന്ന 150 ഓളം തന്മാത്രകളെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രലോകം. പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (ഐഐഎസ്ഇആര്‍) ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന തന്മാത്രകളെ കണ്ടെത്തിയത്. നിപ വൈറസിന്റെ ഘടനയെക്കുറിച്ചുള്ള ലഭ്യമായ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വൈറസിനെ തടയുന്ന വിവിധതരം തന്‍മാത്രകളെ അസോസിയേറ്റ് പ്രൊഫസര്‍ എം എസ് മധുസൂധനന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കണ്ടെത്തിയത്. വൈറസുകളെ പ്രോട്ടീന്‍ നിര്‍മിക്കുന്നതില്‍ നിന്ന് തടയുകയാണ് ഈ സംയുക്തങ്ങള്‍ ചെയ്യുക. നിപയ്ക്ക് ഫലപ്രദമായ മരുന്ന് വികസിപ്പിക്കാനാവുമെന്ന പ്രതീക്ഷകള്‍ ഇതോടെ സജീവമായി.

1999 ല്‍ മലേഷ്യയിലാണ് നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിപ ബാധിച്ചവരില്‍ 75 ശതമാനവും ബംഗ്ലാദേശിലും ഇന്ത്യയിലുമായി 72-86 ശതമാനവും ആളുകള്‍ മരണത്തിന് കീഴടങ്ങിയതോടെയാണ് വൈറസിന്റെ മാരകത ലോകത്തിന് ബോധ്യമായത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കേരളത്തില്‍ വൈറസ് ബാധയേറ്റ 23 ല്‍ 21 പേരും മരിച്ചിരുന്നു. പകര്‍ച്ചവ്യാധിക്കെതിരെ മരുന്നുകളോ വാക്‌സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Categories: FK News
Tags: Nipah Virus