വോള്‍വോ എക്‌സ്‌സി40 ടി4 ആര്‍-ഡിസൈന്‍ പെട്രോള്‍ മോഡല്‍ പുറത്തിറക്കി

വോള്‍വോ എക്‌സ്‌സി40 ടി4 ആര്‍-ഡിസൈന്‍ പെട്രോള്‍ മോഡല്‍ പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 39.9 ലക്ഷം രൂപ

ന്യൂഡെല്‍ഹി: വോള്‍വോ എക്‌സ്‌സി40 ടി4 ആര്‍-ഡിസൈന്‍ പെട്രോള്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 39.9 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു എക്‌സ്1 എസ്‌യുവിയാണ് പ്രധാന എതിരാളി. ഇന്ത്യയില്‍ ഇതുവരെ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് വോള്‍വോ എക്‌സ്‌സി40 ലഭിച്ചിരുന്നത്. ആര്‍-ഡിസൈന്‍ വേരിയന്റില്‍ മാത്രമാണ് എക്‌സ്‌സി40 പെട്രോള്‍ മോഡല്‍ ലഭിക്കുന്നത്.

ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 190 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഡീസല്‍ വകഭേദം ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണെങ്കില്‍ പെട്രോള്‍ വേര്‍ഷന്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനമാണ്.

പനോരമിക് സണ്‍റൂഫ്, സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജിംഗ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സഹിതം 9.0 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14 സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് & റിയര്‍ പാര്‍ക്ക് അസിസ്റ്റ് പൈലറ്റ് (ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്), ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പവേര്‍ഡ് ടെയ്ല്‍ഗേറ്റ് എന്നിവ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.

വോള്‍വോ എക്‌സ്‌സി40 ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ സഹിതം ആര്‍-ഡിസൈന്‍ വേരിയന്റില്‍ മാത്രമാണ് ലഭിച്ചിരുന്നത്. പിന്നീട് മൊമെന്റം, ഇന്‍സ്‌ക്രിപ്ഷന്‍ വേരിയന്റുകള്‍ പുറത്തിറക്കി. ഡീസല്‍ എന്‍ജിന്‍ നിരയിലെ ആര്‍-ഡിസൈന്‍ വേരിയന്റ് പിന്നീട് നിര്‍ത്തിയിരുന്നു.

Comments

comments

Categories: Auto
Tags: Volvo