ത്രീ ഡി ന്യൂറല്‍ ടിഷ്യു മോഡല്‍ വികസിപ്പിച്ചു

ത്രീ ഡി ന്യൂറല്‍ ടിഷ്യു മോഡല്‍ വികസിപ്പിച്ചു

ന്യൂറല്‍ നെറ്റ്വര്‍ക്കുകളുടെ ത്രീ ഡി മോഡലുകള്‍ യുഎസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. കാണ്ഡകോശങ്ങള്‍ വിജയകരമായി ഉപയോഗിച്ചാണിത്. ബയോഹൈബ്രിഡ് നാഡി ടിഷ്യു നിര്‍മാണത്തിലാണിത് ആദ്യം ഉപയോഗിക്കുന്നത്. അല്‍സ്‌ഹൈമേഴ്സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസിലാക്കാന്‍ ഈ മോഡലുകള്‍ സഹായിക്കുമെന്ന് ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷണസംഘം പറഞ്ഞു. തലച്ചോറില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണമായ പെരുമാറ്റങ്ങളെക്കുറിച്ചും പുതിയ മരുന്നുകള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ കോശങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും പഠിക്കാന്‍ ഈ ത്രീ ഡി ടിഷ്യു മോഡലുകള്‍ ഉപയോഗിക്കാം.

ഭാവിയില്‍ ഈ മരുന്നുകള്‍ പരീക്ഷിക്കുന്നതിനായി മൃഗങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാകുമെന്നതാണ് പ്രധാന നേട്ടം. ന്യൂറോണുകളുടെ ആശയവിനിമയം നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍, ഒപ്‌റ്റോജെനെറ്റിക്‌സ് ഉപയോഗിച്ച് അവരെ പരിശീലിപ്പിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കാനുമാകും. ഈ ന്യൂറല്‍ ടിഷ്യൂകളുടെ രൂപകല്‍പ്പനയിലൂടെ ഭാവിയില്‍, തലച്ചോറിന് സമാനമായ ബയോളജിക്കല്‍ പ്രോസസ്സിംഗ് യൂണിറ്റുകളും ബയോളജിക്കല്‍ കമ്പ്യൂട്ടറുകളും നമുക്കു വികസിപ്പിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത ആകൃതികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ന്യൂറല്‍ ടിഷ്യു അനുകരണങ്ങള്‍ സംഘം വികസിപ്പിച്ചു. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊസീഡിംഗില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര്‍ശനമായ സ്‌കാര്‍ഫോള്‍ഡുകളില്ലാത്തതും ആവശ്യമുള്ള നിരവധി ആകൃതികളിലേക്ക് രൂപപ്പെടുത്താവുന്നതുമായ മില്ലിമീറ്റര്‍ മുതല്‍ സെന്റിമീറ്റര്‍ വരെ അളവിലുള്ള ഘടനകള്‍ നിര്‍മ്മിക്കാന്‍ ഹൈഡ്രോജലുകളും ഫൈബ്രിനുമാണ് സംഘം ഉപയോഗിച്ചത്. ഇത് നൂറുകണക്കിന് മുതല്‍ ആയിരക്കണക്കിന് മൈക്രോണ്‍ സെല്ലുകളുടെ ഒരു കൂട്ടമാണ്, ശരീരത്തിന് പുറത്ത് രൂപകല്‍പ്പന ചെയ്ത ടിഷ്യു ശരീരത്തിലെ ടിഷ്യുവിന് സമാനമാണെന്ന് തെളിയിച്ചാല്‍, നമുക്ക് അവ വീണ്ടും വീണ്ടും ആവിഷ്‌കരിക്കാനാകും.

Comments

comments

Categories: Health