‘ദൈലി’; പ്ലാസ്റ്റിക്കിനെ പാദരക്ഷയാക്കി മാറ്റി യുവ സംരംഭകന്‍

‘ദൈലി’; പ്ലാസ്റ്റിക്കിനെ പാദരക്ഷയാക്കി മാറ്റി യുവ സംരംഭകന്‍

ദൈലി എന്നാല്‍ ഹിന്ദി ഭാഷയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ എന്നാണര്‍ത്ഥം

ദുബായ്: പുനചക്രമണം (റീസൈക്ലിംഗ്) നടത്തിയ പ്ലാസ്റ്റിക്കില്‍ നിന്നും ട്രെന്‍ഡി ആയ ഷൂ ബ്രാന്‍ഡിന്(സ്‌നീക്കര്‍) രൂപം നല്‍കി ഡിസൈന്‍ ഇന്‍ഡസ്ട്രിയില്‍ പുതിയൊരു അലയൊലി സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ യുവ സംരംഭകന്‍. അമിറ്റി സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ 21 കാരന്‍ അഷെയ് ഭവെ പ്ലാസ്റ്റിക് ബാഗുകള്‍ റീസൈക്കിള്‍ ചെയ്ത പദാര്‍ത്ഥത്തില്‍ നിന്നുമാണ് ദൈലി എന്ന പേരിലുള്ള തന്റെ ഷൂ ബ്രാന്‍ഡ് വികസിപ്പിച്ചിരിക്കുന്നത്. ദൈലി എന്നാല്‍ ഹിന്ദി ഭാഷയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ എന്നാണര്‍ത്ഥം.

മൂന്നുവര്‍ഷം മുമ്പാണ് അഷെയ് ദുബായില്‍ എത്തിയത്. വിഷ്വല്‍ ആര്‍ട്ടിസ്റ്റും ഇന്‍ഡസ്ട്രിയല്‍ ഡിസൈനറുമായ ഈ യുവ കലാകാരന്‍ അമിറ്റി സര്‍വ്വകലാശാലയിലെ യൂറേക്ക സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ജേതാവ് കൂടിയാണ്.

തനതായ ഒരു ഉല്‍പ്പന്നത്തിന് രൂപം നല്‍കണമെന്ന തീവ്രമായ ആഗ്രഹമാണ് അഷെയെ ദൈലി എന്ന ആശയത്തിലേക്ക് എത്തിക്കുന്നത്. 2017 അവസാനത്തോടെ ഈ ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ശ്രമം തുടങ്ങിയെന്ന് അഷെയ് പറയുന്നു.ഡിസൈന്‍ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായി മുതല്‍മുടക്ക് കുറഞ്ഞതും പരിസ്ഥിതിക്ക് സുരക്ഷിതവുമായ ഒരു പാദരക്ഷ ഉണ്ടാക്കാനായിരുന്നു അഷെയുടെ ശ്രമം. അങ്ങനെയാണ് കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കാത്ത റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്നുള്ള ഉല്‍പ്പന്നമെന്ന ആശയത്തിലെത്തിലേക്ക് ഈ യുവ സംരംഭകന്‍ എത്തിയത്. ഷൂ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഫാബ്രികില്‍ കൂടുതല്‍ രാസവസ്തുക്കളൊന്നും ചേര്‍ക്കാറില്ല.

ഒരു ജോഡി ഷൂ നിര്‍മിക്കുന്നതിന് 15 പ്ലാസ്റ്റിക് ബാഗുകളും 22 കുപ്പികളുമാണ് വേണ്ടിവരുന്നത്. ആക്രിക്കടകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുമാണ് ഇതിനാവശ്യമായ പ്ലാസ്റ്റിക് ശേഖരിക്കുന്നത്.

അഷെയുടെ ഉല്‍പ്പന്നം അമിറ്റി സര്‍വ്വകലാശാലയിലെ യൂറേക്ക സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് വിധികര്‍ത്താക്കളില്‍ ഒരാളായ മട്ടിയോ ബോഫയുടെ ശ്രദ്ധയാകര്‍ഷിച്ചു. പിന്നീട് അഷെയുടെ മാര്‍ഗ്ഗദര്‍ശിയും ബിസിനസ് പങ്കാളിയുമായി ബോഫ മാറി. അറിയപ്പെടുന്ന ഒരു പ്രകൃതി സൗഹൃദ ബാഗ് ബ്രാന്‍ഡ് സ്വന്തമായുള്ള ബോഫയും അഷെയും ഇപ്പോള്‍ ദൈലി വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് ജനുവരി മുതല്‍ ദൈലി മുന്‍കൂറായി ഓര്‍ഡര്‍ ചെയ്യാമെന്ന് അഷെയ് പറഞ്ഞു. ഇതിനോടകം തന്നെ ഈ പ്രകൃതി സൗഹൃദ പാദരക്ഷയ്ക്കായി 200-300 ഓര്‍ഡറുകള്‍ വരെ വന്നിട്ടുണ്ട്. നൈക്കി, അഡിഡാസ് തുടങ്ങിയ പ്രമുഖ ഷൂ ബ്രാന്‍ഡുകളുടെ നിലവാരത്തിലുള്ള വിലയാണ് ദൈലിക്കും നിശ്ചയിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് പ്രോത്സാഹനവും ഫണ്ടിംഗും നല്‍കുന്ന അമിറ്റി സര്‍വ്വകലാശാലയിലെ ബിസിനസ് ആശയങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്‍കുബേഷന്‍ സെന്ററിന്റെ അംഗീകാരവും അഷെയുടെ ആശയത്തിന് ലഭിച്ചിട്ടുണ്ട്. കോണ്‍ഷ്യസ് കണ്‍സംപ്ഷന്‍ പ്രദര്‍ശനത്തിലെ തഷ്‌കീല്‍ സ്റ്റുഡിയോയിലും അഷെയ് ദൈലി അവതരിപ്പിച്ചിരുന്നു.

Comments

comments

Categories: Arabia