നീരവ് മോദി ആഘാതമേറ്റ് ആഭരണ വ്യവസായം

നീരവ് മോദി ആഘാതമേറ്റ് ആഭരണ വ്യവസായം

2018 ഒക്‌റ്റോബറിനുശേഷം വജ്ര വ്യവസായത്തിന് ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ 14% ഇടിഞ്ഞു

അവസാനമായി കാര്യങ്ങള്‍ വഷളായത് 2008 ലാണ്. അന്ന് പക്ഷേ രണ്ടുമാസത്തിന് ശേഷം എല്ലാം സാധാരണനിലയിലായി. എന്നാല്‍ ഇത്തവണയാകട്ടെ എഴെട്ടുമാസമായി തളര്‍ച്ച തുടരുന്നു. ഇത് ബിസിനസുകളെ ബാധിച്ചു,’

-ബാബുഭായ് കതാരിയ, സൂറത്ത് ഡയമണ്ട് അസോസിയേഷന്‍ പ്രസിഡന്റ്

സൂരത്ത്: ഇന്ത്യ വിട്ടു കടന്നെങ്കിലും രാജ്യത്തെ വജ്ര, ആഭരണ വ്യവസായികളുടെ പേടിസ്വപ്‌നമായി വിവാദ വജ്ര വ്യവസായി നീരവ് മോദി. സാമ്പത്തിക മാന്ദ്യ കാലത്ത് രാജ്യത്തെ, പ്രത്യേകിച്ച് ഗുജറാത്തിലെ ആഭരണ വ്യവസായത്തെ അടിമുടി തളര്‍ത്തിയിരിക്കുന്നത് നീരവ് നടത്തിയ തട്ടിപ്പിന്റെ പ്രത്യാഘാതമാണ്. നീരവ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ 13,0000 കോടി രൂപയുടെ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളൊന്നും വജ്ര വ്യവസായികള്‍ക്ക് വായ്പകള്‍ നല്‍കാന്‍ തയാറാകുന്നില്ല. 50 ലക്ഷത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയില്‍ നിരവധി സംരംഭങ്ങളാണ് അടച്ചുപൂട്ടുന്നത്. തുടര്‍ച്ചയായ തൊഴില്‍നഷ്ടം തുടരുന്ന സൂറത്തില്‍, നൈപുണ്യമുള്ള തൊഴിലാളികളുടെ വരുമാനം 70% ഇടിഞ്ഞു. ഇന്ത്യയുടെ വിദേശ കയറ്റുമതിയുടെ 15% കൈയാളുന്ന വ്യവസായത്തിനാണ് ഈ ദുരവസ്ഥ. നീരവ് മോദിയുടെ തട്ടിപ്പ് പുറംലോകമറിഞ്ഞ 2018 ഒക്‌റ്റോബറിനുശേഷം വജ്ര വ്യവസായത്തിന് ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ 14 ശതമാനമാണ് ഇടിഞ്ഞത്.

15 ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളും, ചെറുതും വലുതുമായ 5,000 ത്തോളം വജ്രം മിനുക്കുന്ന കേന്ദ്രങ്ങളുമാണ് സൂറത്തിലെ ആഭരണ വ്യവസായ രംഗത്തുള്ളത്. ആഭരണ കയറ്റുമതി പ്രോല്‍സാഹന കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അസംസ്‌കൃത വജ്രക്കല്ലുകളുടെ ഇറക്കുമതി 22 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. പോളിഷ് ചെയ്ത രത്‌നങ്ങളുടെ കയറ്റുമതി 18 ശതമാനവും ഇടിഞ്ഞു. ജിഡിപിയിലേക്ക് 7% വിഹിതം സംഭാവന ചെയ്തിരുന്ന വ്യവസായത്തെയാണ് തട്ടിപ്പുകാര്‍ തകര്‍ത്തിരിക്കുന്നത്. ലോകത്ത് ഖനനം ചെയ്തിരുന്ന 15 ല്‍ 14 വജ്രങ്ങളും പോളിഷ് ചെയ്തിരുന്നത് സൂറത്തിലായിരുന്നു. ഇവ പ്രധാനമായും ചൈനയിലേക്ക് കയറ്റിയയച്ച് ആഭരണങ്ങളായും മൊത്തമായും വില്‍പ്പന നടത്തുകയായിരുന്നു പതിവ്. അമേരിക്കയാണ് പ്രധാനമായും സൂറത്ത് വജ്രങ്ങള്‍ ചൈനയില്‍ നിന്ന് വാങ്ങിയിരുന്നത്. വ്യാപാര യുദ്ധം വന്നതോടെ ഈ മാര്‍ഗം അടഞ്ഞതും തിരിച്ചടിയായി.

Categories: FK News, Slider