ഉപഗ്രഹം വിക്ഷേപിച്ച് നേടിയത് 1,245.17 കോടി രൂപ

ഉപഗ്രഹം വിക്ഷേപിച്ച് നേടിയത് 1,245.17 കോടി രൂപ

അഞ്ച് വര്‍ഷത്തിനിടെ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്കയച്ചത് 26 രാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങള്‍

ന്യൂഡല്‍ഹി: ലോകത്തെ മികച്ച ബഹിരാകാശ ഗവേഷണ ഏജന്‍സിയായി പേരെടുത്ത ഐഎസ്ആര്‍ഒയുടെ വരുമാനം ഉയരുന്നു. 2018-19 സാമ്പത്തിക വര്‍ഷം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിലൂടെ 91.63 കോടി രൂപയുടെ അധിക വിദേശനാണ്യ വരുമാനമാണ് ഏജന്‍സി ഇന്ത്യക്കായി നേടിത്തന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ വിക്ഷേപണ വരുമാനം 324.19 കോടി രൂപയാണ്. 2017-18 ല്‍ ഇത് 232.56 കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 26 രാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ 1,245.17 കോടി രൂപ സമ്പാദിച്ചു. ആകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചാല്‍ പട്ടിണി മാറുമോയെന്ന രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള ചോദ്യത്തിന് പൂര്‍ണമായും അര്‍ത്ഥം നഷ്ടപ്പെട്ടെന്ന് സാരം. രാജ്യത്തിന് ബാധ്യതയാവാതെ കുറഞ്ഞ ചെലവില്‍ സാങ്കേതിക മുന്നേറ്റങ്ങള്‍ നടത്തുന്നതിനൊപ്പം സ്വന്തമായി വരുമാനമുണ്ടാക്കാനും ഏജന്‍സി കഴിവ് നേടിയിരിക്കുന്നു.

ചെലവ് കുറവാണെന്നതിനുപരി വിശ്വാസ്യതയാണ് ഇന്ത്യയെ വിക്ഷേപണങ്ങള്‍ക്ക് ആശ്രയിക്കാന്‍ ലോക രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. യുഎസ്, യുകെ, ജര്‍മനി, കാനഡ, സിംഗപ്പൂര്‍, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, മലേഷ്യ, അള്‍ജീരിയ, ഫ്രാന്‍സ് എന്നീ പത്ത് രാജ്യങ്ങളുമായാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ വിക്ഷേപണത്തിനായുള്ള വാണിജ്യ കരാറുകള്‍ ഒപ്പിട്ടതെന്ന് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആണവോര്‍ജ ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. നിലവില്‍ 319 വിദേശ ഉപഗ്രഹങ്ങളെ ഇന്ത്യ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. വര്‍ധിച്ചു വരുന്ന വാണിജ്യ ആവശ്യങ്ങളെ സഫലീകരിക്കാന്‍ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് പുറമെ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്ന വാണിജ്യ ഉപ കമ്പനിയും ഐഎസ്ആര്‍ഒ ഈ വര്‍ഷം സ്ഥാപിച്ചിട്ടുണ്ട്.

Categories: Current Affairs
Tags: Isro